DCBOOKS
Malayalam News Literature Website

ആ അധ്യായം എഴുതിയപ്പോള്‍…ജോസഫ് അന്നംകുട്ടി ജോസ് പറയുന്നു

ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാര്‍ എന്ന കൃതിയില്‍ നിന്നും

“കളമശ്ശേരി സോഷ്യല്‍ പള്ളിയുടെ താഴെ, പ്രത്യേക ആരാധനയ്ക്കുള്ള ചാപ്പലില്‍ ഞാനപ്പോള്‍ ഒറ്റയ്ക്കായിരുന്നു. അവിടെ മരംകൊണ്ടുണ്ടാക്കിയ യേശുവിന്റെ വലിയ മുഖം അള്‍ത്താരയില്‍ കാണാം. ഞാന്‍ ആ മുഖം നോക്കിയിരുന്ന് ചിരിക്കാന്‍ തുടങ്ങിയിട്ട് സമയം കുറച്ചായി. എന്നാലും എന്റെ കര്‍ത്താവേ, നിങ്ങള്‍ എന്താണുദ്ദേശിക്കുന്നത്. ഞാന്‍ അവന്റെ മുഖത്തു നോക്കി ചോദിച്ചു. അവള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ ഉണ്ട്, എന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാന്‍ മൊബൈലില്‍ നോക്കിയിരുന്നു, അവളുടെ പുതിയ പ്രൊഫൈല്‍ പിക്ചര്‍ നോക്കിക്കൊണ്ട് പതിവിലും സുന്ദരിയായിട്ടുണ്ടല്ലോ എന്നോര്‍ത്തു. പെട്ടെന്ന് അവളുടെ മൂന്ന് ചാറ്റുകള്‍ വന്നു, അത് മൂന്നും ചോദ്യചിഹ്നങ്ങളായിരുന്നു…

…എന്റെ മനസ്സ് കുട്ടിക്കാലം മുതല്‍ക്കേ ഒരുതരം ആത്മീയ യുദ്ധത്തിലായിരുന്നു. നന്മയും തിന്മയും തമ്മിലുള്ള യുദ്ധം. പല കുമ്പസാരക്കൂടുകളിലും എനിക്കുണ്ടായ ഇടര്‍ച്ചകളെ ഏറ്റുപറഞ്ഞു ഞാന്‍ കരഞ്ഞിട്ടുണ്ട്. ദൈവമേ നിന്നോട് ചേര്‍ന്നുനില്‍ക്കാന്‍ എന്നെ സഹായിക്കേണമേ എന്നു നിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. കുമ്പസാരക്കൂടിന്റെ മറുവശത്തുനിന്ന് പലതരത്തിലുള്ള മറുപടികള്‍ എനിക്കു ലഭിച്ചിട്ടുണ്ട്.

Click Here

‘സാരമില്ല കുഞ്ഞേ, ദൈവത്തോടു ചേര്‍ന്നുനില്ക്കാനുള്ള ആഗ്രഹം ഒന്നുമാത്രം മതി നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടാന്‍. ‘
‘ മേലില്‍ ഈ തെറ്റു ചെയ്യാതിരിക്കുക, ഇത് വലിയ പാപമൊന്നുമല്ല. മനുഷ്യസഹജമാണ്, ഇതിനെപ്രതി ഇത്ര വലിയ കുറ്റബോധം വേണ്ട മോനേ…’
‘ ദൈവം നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്, ഇന്നത്തെക്കാലത്ത് ഒരു ചെറുപ്പക്കാരനും ഇതൊന്നും അങ്ങനെ ഏറ്റുപറയാറില്ല.’

എന്നിങ്ങനെ പല തരത്തിലുള്ള മറുപടികള്‍ എനിക്കു ലഭിച്ചിട്ടുണ്ട്…”

എഴുത്തനുഭവം പങ്കുവെച്ച് ജോസഫ് അന്നംകുട്ടി ജോസ്

ഞാന്‍ ഏറെ ശ്രദ്ധയോടെ എഴുതിയ ഭാഗമാണ് ദൈവത്തിന്റെ തുണ്ടുകഥ എന്ന ഈ അധ്യായം. ആരെയും വേദനിപ്പിക്കരുത് എന്ന ഉദ്ദേശത്തോടെ, നിരവധി വെട്ടിത്തിരുത്തലുകളോടെയാണ് ഈ അധ്യായം പൂര്‍ത്തിയാക്കിയത്. മാതാപിതാക്കളെക്കുറിച്ചും എന്റെ ചുറ്റുമുള്ള സുഹൃത്തുക്കളെക്കുറിച്ചും എന്നെ നേര്‍വഴി നടത്താന്‍ ശ്രമിച്ചവരെക്കുറിച്ചുമൊക്കെ ഞാന്‍ പുസ്തകത്തില്‍ പലയിടങ്ങളിലായി എഴുതിയിട്ടുണ്ട്. പക്ഷെ, തികച്ചും വ്യക്തിപരമായ അനുഭവങ്ങളെയാണ് ദൈവത്തിന്റെ തുണ്ടുകഥയില്‍ ഞാന്‍ രേഖപ്പെടുത്തുന്നത്. പല വാക്കുകളും എന്റേതായ രീതിയില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. വായിക്കുമ്പോള്‍ നിങ്ങള്‍ക്കത്  മനസ്സിലാക്കാന്‍ സാധിക്കും.

 

 

Comments are closed.