DCBOOKS
Malayalam News Literature Website

ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം വിജയിയെ പ്രഖ്യാപിച്ചു

ഷംസുദ്ദീൻ കുട്ടോത്തിന്റെ 'ഇരീച്ചാൽ കാപ്പ്' എന്ന നോവലിനാണ് പുരസ്കാരം, മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ് തുക

ഡി സി ബുക്സ് നടത്തിയ ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം 2024-ന്റെ വിജയിയെ പ്രഖ്യാപിച്ചു. ഷംസുദ്ദീൻ കുട്ടോത്ത് എഴുതിയ ‘ഇരീച്ചാൽ കാപ്പ്’ എന്ന നോവലിനാണ് പുരസ്കാരം. ഡി സി ബുക്‌സ് സിഇഒ രവി ഡിസിയാണ് ഫലം പ്രഖ്യാപിച്ചത്. മനോജ് കുറൂര്‍, വി ജെ ജയിംസ്, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.  മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക. സമ്മാനാര്‍ഹമായ നോവലുമായി നേരിയ മാര്‍ക്കിന്റെ വ്യത്യാസം മാത്രമാണ് തൊട്ടുപിന്നിലെത്തിയ എം ആർ വിഷ്ണുപ്രസാദിന്റെ ‘മത്തിയാസ്’ , സുരേഷ് കുമാർ വിയുടെ ‘ഡയാസ്പൊറ’  എന്നീ നോവലുകള്‍ക്കുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ രണ്ട് നോവലുകള്‍ക്കും ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.

തൃശൂര്‍ കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ നടന്ന ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി ആഘോഷ പരിപാടികളിൽ വെച്ച്  ടി. ഡി. രാമകൃഷ്ണനാണ്   ഏഴ് നോവലുകളടങ്ങുന്ന ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. മുന്നൂറോളം നോവലുകളിൽ നിന്ന്, ഇരീച്ചാല്‍കാപ്പ് (ഷംസുദ്ദീന്‍ കുട്ടോത്ത്), ഡയാസ്‌പൊറ (സുരേഷ് കുമാര്‍ വി), മത്തിയാസ് (എം ആര്‍ വിഷ്ണുപ്രസാദ്), അനുയാത്ര (അബു അബിനു), വൈറസ് (ഐശ്വര്യ കമല), ജയോപാഖ്യാനം (അനുജിത് ശശിധരന്‍), വിഴിവന്യ (വിനോദ് എസ് ) എന്നീ  നോവലുകളാണ് അവസാന ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. ഈ ഏഴു നോവലുകളും ഡിസി ബുക്സ് പ്രസിദ്ധീകരിക്കും. പുസ്തകപ്രസാധനചരിത്രത്തില്‍ സുവര്‍ണ്ണമുദ്ര പതിപ്പിച്ച ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനായാണ് നോവൽ മത്സരം സംഘടിപ്പിച്ചത്.  മലയാളത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറിയ നിരവധി എഴുത്തുകാരെയാണ് ഓരോ  ഡി സി നോവല്‍ മത്സരങ്ങളും  സമ്മാനിച്ചത്.

 

Comments are closed.