വിശ്വവിഖ്യാതമായ മൂക്ക്
ഇത്രമാത്രം ബൈബിള്‍ സമാന്തരസൂചനകള്‍ ഉണ്ടായിട്ടും മതമോ ദൈവമോ പിനോ
ക്യോയുടെ ജീവിതത്തില്‍ ഇല്ല. ഇറ്റലിയുടെ ഏകീകരണകാലത്തെ സാമൂഹ്യാവശ്യ
ങ്ങള്‍ പിന്നിലുണ്ടായിട്ടും കഥയില്‍ ദേശഭക്തിയുടെ തരിപോലും പുരണ്ടിട്ടില്ല. അങ്ങിനെയൊരു മതരഹിത, ദൈവരഹിത, ദേശഭക്തിരഹിത കുട്ടിക്കഥ തുടര്‍ന്നുവന്ന ദശകങ്ങളെ സാംസ്‌കാരികമായി നിര്‍ണ്ണയിക്കുന്നതില്‍ ഉണ്ടാക്കിയിട്ടുണ്ടാകാവുന്ന സ്വാധീനം എത്രയോ പ്രധാനമായിരിക്കണം.
വാഷിങ്ങ്ടണ്‍ പോസ്റ്റ് പത്രത്തിന് ‘വസ്തുതാപരിശോധന’ (ഫാക്റ്റ് ചെക്കര്‍) എന്നൊരു ഏര്‍പ്പാടുണ്ട്. പ്രഖ്യാപനങ്ങളുടെയും അവകാശവാദങ്ങളുടെയും മറ്റും കൃത്യതയും, സത്യതയും അവര്‍ അളക്കുന്നത് പിനോക്യോ പരീക്ഷ എന്ന അളവുരീതി കൊണ്ടാണ്. ഉദാഹരണത്തിന് ചെറിയ ഒളിവും മറവും ഒക്കെയേ ഉള്ളുവെങ്കില്‍ ഒരു പിനോക്യോ, നട്ടാല്‍ മുളയ്ക്കാത്ത കൊടുംനുണ
യ്ക്ക് നാല് പിനോക്യോ, നിന്ന നില്പിലെ നിലപാട് മാറ്റത്തിന് തലകുത്തിപ്പിനോക്യോ. മൂന്നോ നാലോ പിനോക്യോ കിട്ടിക്കഴിഞ്ഞ, അനേകം തവണ ആവര്‍ത്തിക്കപ്പെട്ട കള്ള അവകാശവാദങ്ങള്‍ക്ക് നിലയില്ലാപിനോക്യോ എന്നൊരു അങ്ങേയറ്റത്തെ അളവും ഉണ്ട്. സമൂഹമാധ്യമങ്ങളിലെ ഉണര്‍ത്തുചിഹ്നങ്ങളില്‍ (ഇമോട്ടിക്കോണ്‍) നീണ്ടമൂക്കുമായി പിനോക്യോ വന്നുകഴിഞ്ഞിട്ട് നാളേറെയായി. കള്ളത്തിന്റെ പ്രതിരൂപമായല്ല, മറിച്ച് കള്ളത്തിനെതിരെ കാവലാളായാണ് പിനോക്യോയുടെ ഇക്കാലലോകജീവിതം എന്ന് കരുതണം. പ്രത്യേകിച്ച്, കള്ളംകെട്ടിക്കെട്ടി സത്യമുണ്ടാക്കുന്നത് പ്രചാരത്തിലായിക്കഴിഞ്ഞ ഇക്കാലത്ത്.
പിനോക്യോ എന്റെ കുട്ടിക്കാലത്തിന് കൂട്ടുവന്ന കഥയാണ്. ആലപ്പുഴ ജില്ലയില്‍ കരുവാറ്റ എന്ന ഗ്രാമത്തിലായിരുന്നു ഞാന്‍ വളര്‍ന്നത്, ഏതാണ്ട് അഞ്ച് വയസ്സുമുതല്‍ പതിനൊന്ന് വയസ്സുവരെ. ഭ്രാന്തുപിടിച്ച ഒരു പറമ്പിലായിരുന്നു ഞങ്ങളുടെ വീട്. തീയാളും പോലെയാണ് നോക്കിനില്‍ക്കെ നടുതലകള്‍ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ചില്ലകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറം അടിമുടി പൂത്തുകായ്ച്ച് സദാസമയവും പൊട്ടിച്ചിരിക്കുന്ന മാവുകളും പ്‌ലാവുകളും. വിളകളെല്ലാം സാധാരണയില്‍ നിന്ന് പതിന്മടങ്ങാണ്. മരച്ചീനി പോ
ലും ഒരു മൂട്ടില്‍ പത്തുമൂട് വിളയും. വേലിപ്പത്തലും കാച്ചില്‍വള്ളികളും വെറും പുല്ലുപോലും പിറുപിറുക്കുകയും നിലവിളിക്കുകയും ചെയ്യും. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന പാമ്പുകളും ഇരുട്ടില്‍ വന്നുമായുന്ന പ്രേതങ്ങളും. ദരിദ്രരോ കഷ്ടിച്ച് കഴിഞ്ഞുകൂടുന്നവരോ ആയ അയല്‍ക്കാര്‍. അയല്‍ക്കാരുമായുള്ള നിരന്തരബന്ധം. അവര്‍ പറയുന്ന സത്യമോ ഭാവനയോ ആയ കഥകള്‍. ആ ചുറ്റുപാടില്‍, അക്കാലത്ത്, യാഥാര്‍ത്ഥ്യമെന്നും മായയെന്നും, സത്യമെന്നും മിഥ്യയെന്നും, നിത്യജീവിതം വേര്‍തിരിഞ്ഞിരുന്നില്ല. എല്ലാം സത്യം, അഥവാ എല്ലാം മായ. അക്കാലത്താണ് കുട്ടികളുടെ മാസികയായ ബാലയുഗത്തില്‍ പിനോക്യോ വരുന്നത്. അക്കാലത്തെ ജീവിതം പോലെതന്നെ ഒരേസമയം യഥാതഥവും മായികവുമായ കഥ. അന്ന് വായിച്ചിരുന്ന റഷ്യന്‍ മായക്കഥകളില്‍ നിന്ന് വ്യത്യസ്തമായി പിനോക്യോയുടെ കഥ എന്റെ ആ ഗ്രാമീണജീവിതത്തിന്റെ ചുറ്റുപാടുകളോട് ആളുകളോട്, അവരുടെ ജീവിതവൃത്തികളോട്, ദാരിദ്ര്യത്തോട്, ഒക്കെ ചേര്‍ന്നുനിന്നു. എന്റെ നാട്ടിന്‍പുറസഞ്ചാരങ്ങളില്‍, കുസൃതികളില്‍, കൂട്ടുകെട്ടുകളില്‍, കള്ളത്തരങ്ങളില്‍, ഇല്ലായ്മകളില്‍, നോവുകളില്‍, അവ്യക്തമായ സ്വാതന്ത്ര്യാഭിലാഷങ്ങളില്‍, ഓരോ കുഴപ്പങ്ങള്‍ക്കൊടുവിലും ആവര്‍ത്തിക്കുന്ന ഇനി നന്നാവുമെന്ന താത്ക്കാലിക പ്രതിജ്ഞക
ളില്‍ എല്ലാം ഒരളവ് പിനോക്യോത്തം ഉണ്ടായിരുന്നു. ഇറ്റലിയില്‍ നിന്ന് എന്റെ ചെറിയ നാട്ടിലേക്ക്, വീട്ടിലേക്ക്, വന്ന മരപ്പാവ ഞാന്‍ തന്നെയായിരുന്നു, എന്നാല്‍ ഞാനല്ലായിരുന്നു താനും. ഞാനായത് എന്നെ ഇഷ്ടത്തോടെ ഇണക്കി, ഞാനല്ലാത്തത് എന്നെ പിടിച്ചുവലിച്ചുകൊണ്ടുപോയി. ഇന്നും കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു.
പൂര്‍ണ്ണരൂപം വായിക്കാന്‍ നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്
Comments are closed.