DCBOOKS
Malayalam News Literature Website

‘ചൈന എന്നെ വിസ്മയിപ്പിച്ച രാജ്യം’

വലിയ യാത്രാപ്രിയനൊന്നും അല്ലെങ്കിലും മുന്‍പ് ചെയ്തിരുന്ന ജോലിയുടെ ഭാഗമായി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ, ചൈന, ശ്രീലങ്ക എന്നീ വിദേശരാജ്യങ്ങളും അക്കൂട്ടത്തില്‍പെടും.

ചൈനയാണ് കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ സ്ഥലം. അവിടത്തെ സംസ്‌കാരം, ആളുകള്‍ ഒക്കെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ചൈനയുടെ ഇന്‍ഫ്രാസ്ട്രക്ചറൊക്കെ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കും. എല്ലാ കാര്യങ്ങളിലും ഒരു വൃത്തി സൂക്ഷിക്കുന്നവരാണ് അവര്‍.

മറ്റൊരു ശ്രദ്ധാര്‍ഹമായ കാര്യം, മിക്കയിടങ്ങളിലും സ്ത്രീകളാണ് മുന്‍കൈയെടുത്ത് കാര്യങ്ങള്‍ ചെയ്യുകയും സംസാരിക്കുകയും ചെയ്യുന്നത് എന്നതാണ്. ഒരു അപ്പാര്‍ട്ട്‌മെന്റിനു വേണ്ടി സംസാരിക്കാന്‍ പോകുമ്പോള്‍ ഭര്‍ത്താവിനെ പിന്നില്‍ നിര്‍ത്തി സ്ത്രീകളാണ് നമ്മോട് സംസാരിക്കുന്നത്. അതുപോലെ കോളെജുകളില്‍ റിസര്‍ച്ചിനു പോകുമ്പോള്‍ പെണ്‍കുട്ടികളാണ് എല്ലാത്തിനും ഉത്തരം പറഞ്ഞ് മുമ്പില്‍ നില്‍ക്കുക. ആണ്‍കുട്ടികള്‍ മാറി നില്‍ക്കുകയേ ഉള്ളൂ. ഷോപ്പിങ്ങിനു പോകുമ്പോള്‍ ഒരുപക്ഷെ കൈയിലുള്ള ബാഗോ കുട്ടിയെയോ സംരക്ഷിക്കുന്നത് പുരുഷന്മാരായിരിക്കും. ആരെയെങ്കിലും പേടിച്ചിട്ടോ ഒന്നുമല്ല, തികച്ചും സ്വാഭാവികമായി സംഭവിക്കുന്നതാണത്.

അതുപോലെ ഭക്ഷണത്തിന്റെ കാര്യത്തിലും അവര്‍ വളരെ വ്യത്യസ്തരാണ്. ഒരു സുഹൃത്തിനെ അവര്‍ ഡിന്നറിന് ക്ഷണിക്കുമ്പോള്‍ അവരുടെ സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നത് എത്ര പ്ലേറ്റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്നതിലൂടെയാണ്. അങ്ങനെ നിരവധി കാര്യങ്ങളില്‍ ചൈന എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.

Comments are closed.