ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരാം…
ഡോ.ഷിംന അസീസ്
“കുട്ടിക്ക് ചോറും കഞ്ഞീം തീരെ വേണ്ട ഡോക്ടറേ. കണ്ടില്ലേ ചേലും കോലവും.” (കരയുന്നു, മൂക്ക് പിഴിയുന്നു, കണ്ണ് തുടക്കുന്നു, തേങ്ങുന്നു)
വാസ്തവം: ചോറ്, കഞ്ഞി എന്നിവ കഴിച്ചില്ലെന്ന് വെച്ച് കുഞ്ഞിന് പ്രത്യേകിച്ച് ദോഷമൊന്നും വരികയില്ല. മലയാളി ഡയറ്റിലുള്ള ദോശ, പുട്ട്, പത്തിരി എന്നിവ തുടങ്ങി ‘പരിഷ്‌കാരിപ്പിള്ളേരുടെ’ ന്യൂഡില്‍സും ഫ്രൈഡ് റൈസും കുഴിമന്തീം എന്ന് വേണ്ട അരിയും ഗോതമ്പും ഓട്‌സും റാഗിയും ചോളവുമൊക്കെ ഏത് പരുവത്തിലായാലും അടിസ്ഥാനപരമായി ഗുണമൊന്ന് തന്നെയാണ്. റാഗിയില്‍ ധാരാളം ഇരുമ്പും കാല്‍സ്യവുമുണ്ട് എന്നതിനാല്‍ കുഞ്ഞിന് മികച്ചതാണ്. ഇതാണെങ്കില്‍ കുഞ്ഞുപ്രായത്തില്‍ കുറുക്കി കൊടുക്കുന്നതില്‍ കവിഞ്ഞ് അധികമാരും ഉപയോഗിക്കുന്നത് കാണാറുമില്ല.
ഇവയില്‍ ഏതെങ്കിലും ഒന്നിനോടൊപ്പം ധാരാളം പച്ചക്കറികളും പ്രൊട്ടീന്‍ ലഭിക്കാന്‍ ഇറച്ചിയോ മീനോ പനീറോ പയര്‍ വര്‍ഗങ്ങളോ ഒക്കെ നല്‍കണം. അല്ലാതെ കഞ്ഞി കുടിക്കാത്ത കുഞ്ഞിനെ കഞ്ഞിയായി കാണരുത്.
“അമ്മയ്ക്ക് ഷുഗറുണ്ട്. ചോറൊന്നും അധികം കഴിക്കാന്‍ പാടില്ലാത്തത് കൊണ്ട് ഉള്ള ചോറ് രണ്ടാമത് തിളപ്പ് വെള്ളം ഊറ്റിക്കളഞ്ഞാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ പിന്നെ ദോഷമില്ലല്ലോ.”
വാസ്തവം: വെളുക്കാന്‍ തേച്ചത് പാണ്ടാകുക എന്ന് പറഞ്ഞാല്‍ ഇതാണ്, ഇതാണ്. അത് ഇതല്ലാതെ മറ്റേതാണ്?
ചോറ് കഴിക്കരുതെന്ന് പ്രമേഹരോഗികളോട് പറയുന്നത് ചോറിലെ അന്നജം വളരെ ദഹിച്ച് ഗ്ലൂക്കോസായി മാറി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടും എന്നതിനാലാണ്. ഗോതമ്പിലെ അന്നജം അത്ര പെട്ടെന്ന് രക്തത്തില്‍ ഗ്ലൂക്കോസായി ചേരില്ലെന്നത് കൊണ്ടാണ് ചപ്പാത്തിയോട് കൂട്ട് കൂടാന്‍ പറയുന്നതും. ചോറിലെ അന്നജം തിളപ്പിച്ച് കളഞ്ഞാലൊന്നും പോവില്ല. പകരം അങ്ങനെ വേവിക്കുമ്പോള്‍ അരി കുറച്ചു കൂടി വേവും, ദഹനം എളുപ്പമാകും, വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവേറും. കൊള്ളാല്ലോ കളി !
“ഞങ്ങള്‍ കുഞ്ഞല്ല, ഷുഗറൂല്ല പ്രഷറൂല്ല. ഞങ്ങള്‍ക്ക് അപ്പോ പള്ള നിറച്ചും ചോറ് തിന്നാമല്ലേ?”
വാസ്തവം: ചോറ് മലയാളിക്കൊരു വികാരമാണെന്നത് നേര്. ഒരു നേരം നമുക്ക് ആവശ്യമുള്ളത് ഏകദേശം ഒരു ചായക്കപ്പ് നിറയെ ചോറ് മാത്രമാണ്. വലിയ സ്പൂണില്‍ മൂന്നും നാലും തവണ ചോറ് വിളമ്പി രോഗങ്ങള്‍ വിളിച്ച് വരുത്തരുത്. സാധാരണയായി നമ്മള്‍ ചോറ് കഴിക്കുന്ന അളവില്‍ കറികളും കറികളെടുക്കുന്ന അളവില്‍ ചോറുമെടുക്കുക. വിശക്കില്ലേ എന്നാണോ ആമാശയത്തിനകത്തൂന്നുള്ള ആശങ്ക? ഒരിക്കലുമില്ല. സാമ്പാറില്‍ നിന്നും പെറുക്കിയെടുത്ത് ചോറിന് ചുറ്റും പൂക്കളമിട്ട് പിന്നെ വേസ്റ്റ്ബിന്നില്‍ കളയുന്നത് ഒഴിവാക്കുക. അവയെല്ലാം നന്നായി കഴിക്കുക. സാലഡുകള്‍ ശീലമാക്കുക. പഴങ്ങളെന്നാല്‍ വലിയ കാശ് കൊടുത്ത് കടയില്‍ നിന്ന് വാങ്ങുന്നവ മാത്രമല്ല, വീടിന് ചുറ്റുമുള്ള നാടന്‍പഴങ്ങള്‍ കൂടിയാണ്. അവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഈ രീതി ശീലിച്ച് കഴിഞ്ഞാല്‍ ‘വിശാലമായ ഊണ്’ വെറും നടക്കാത്ത സ്വപ്‌നമാകും. അത് തന്നെയാണ് ഉചിതവും.
Comments are closed.