മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും; ചില യാഥാര്‍ത്ഥ്യങ്ങള്‍
ഡോ.ഷിംന അസീസ്
‘മോന് മഞ്ഞപ്പിത്തം തുടങ്ങി. ഇനിയിപ്പോ എണ്ണയും ഉപ്പുമൊക്കെ ഒഴിവാക്കിയല്ലേ ഭക്ഷണം കൊടുക്കാനാവൂ. പാവം ന്റെ കുട്ടി. ‘
വാസ്തവം: മഞ്ഞപ്പിത്തം എന്നതുകൊണ്ട് പൊതുവേ ഉദ്ദേശിക്കുന്ന ഹെപ്പറ്റൈറ്റിസ് എന്ന വൈറസ് രോഗത്തിന് ഉപ്പ് ഉപയോഗിക്കുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല. അല്ലെങ്കില്‍ തന്നെ രുചിക്കുറവും ഭക്ഷണവിരക്തിയും ഉണ്ടാകുന്ന ഈ അവസ്ഥയില്‍ രോഗിയെ രുചിയില്ലാത്ത ആഹാരം കഴിക്കേണ്ട ഗതികേടിലേക്ക് തള്ളിവിടരുത്. ഉപ്പ് ഒരു തരത്തിലും രോഗിയെ ബാധിക്കില്ല. എണ്ണയും കൊഴുപ്പും നിയന്ത്രിക്കുന്നത് ആവശ്യമാണ്. കാരണം, കരളിന് ബാധിച്ചിരിക്കുന്ന രോഗാവസ്ഥ കാരണം ഫലപ്രദമായി കൊഴുപ്പ് ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിഞ്ഞേക്കില്ല എന്നത് കൊണ്ടാണിത്.
‘ചിക്കന്‍പോക്‌സ് തുടങ്ങി ബ്രോ. ഇനിയിപ്പോ പതിനാല് ദിവസം കുളിക്കാന്‍ പറ്റൂല’.
വാസ്തവം: ചിക്കന്‍പോക്‌സ് വന്നാല്‍ രണ്ട് നേരം കുളിക്കുക. കാരണം, ദിവസങ്ങളോളം കുളിക്കാതിരുന്നാല്‍ ദേഹത്തുണ്ടാകുന്ന അണുക്കള്‍ കാരണം ചിക്കന്‍പോക്‌സിന്റെ പൊള്ളകളില്‍ അണുബാധയുണ്ടാകുകയും രോഗിയുടെ സഹനം കൂടുതല്‍ ദിവസങ്ങളിലേക്ക് നീളുകയും ചെയ്യും. ഈ രോഗിക്കും പോഷകപ്രദമായ ഭക്ഷണം ആവശ്യമാണ്. ധാരാളം വെള്ളവും വിശ്രമവും കൂടിയായാല്‍ വളരെ വേഗം രോഗം റാറ്റാ ബൈ ബൈ പറഞ്ഞ് പോയ്‌ക്കോളും.
‘പട്ടി കടിച്ചു ഡോക്ടറേ. കുത്തിവെപ്പെടുക്കണം. ഇനിയിപ്പോ പുളിയും കുമ്പളങ്ങയുമൊന്നും കൂട്ടാന്‍ പറ്റില്ലല്ലോ”
വാസ്തവം: പട്ടിയോ പൂച്ചയോ മറ്റ് ജീവികളോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ ആ ഭാഗം നന്നായി സോപ്പിട്ട് കഴുകുക. ഉടനെ ആശുപത്രിയിലെത്തി പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പ് എടുക്കുക. കൃത്യമായി ബാക്കിയുള്ള നിശ്ചിത ദിവസങ്ങളിലും ചെന്ന് കുത്തിവെപ്പിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചോളൂ. അത്തരം നിയന്ത്രണങ്ങള്‍ക്കൊന്നും യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല.
Comments are closed.