മലയാള പാഠപുസ്തകങ്ങള്‍ സാഹിത്യത്തോടു ചെയ്തത്…
എന്റെ ഒരു രചന കേരളത്തിലെ കുട്ടികള്‍ പഠിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു കാര്യംതന്നെയാണ്. അതിനുവേണ്ടി എനിക്കു പരിചയമുള്ള പാഠപുസ്തകകമ്മറ്റിയംഗത്തെയോ കരിക്കുലംകാരനെയോ ആവുംവിധം സ്വാധീനിക്കുന്നതിനെ വലിയ തെറ്റായി ഞാന്‍ കാണുന്നുമില്ല. നൂറില്‍ തൊണ്ണൂറു മലയാളികളും ഒരാളെ സാഹിത്യകാരനായി അംഗീകരിക്കുന്നത് അയാളുടെ പേര് പാഠപുസ്തകത്തില്‍ കാണുന്നതോടെയാണല്ലോ. അങ്ങനെ വരാന്‍ കാരണം നമ്മുടെ പള്ളിക്കൂടങ്ങളിലെ ഭയങ്കര അധ്യാപകവര്‍ഗ്ഗം കണ്ണുരുട്ടിയും വടിയെടുത്തും പഠിപ്പിച്ച സാഹിത്യമല്ലാതെ മറ്റൊന്നും ഈ നൂറില്‍ തൊണ്ണൂറുകാര്‍ വായിച്ചിട്ടില്ല എന്നതുകൊണ്ടാണ്.
ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഈ തൊണ്ണൂറുശതമാനക്കാരെ ഞാന്‍ വായനയില്ലാത്ത മണ്ടന്‍മാര്‍ എന്നു കുറ്റപ്പെടുത്തുകയാണെന്ന് ആരും കരുതരുതേ. നാടിന്റെ മുന്നോട്ടുള്ള പോക്കിന് ഏറ്റവുമധികം അദ്ധ്വാനിക്കുന്നത് ബുദ്ധിയുള്ള സ്വതന്ത്രചിന്താഗതിക്കാരായ ഈ തൊണ്ണൂറു ശതമാനക്കാരാണെന്ന് എനിക്കുറപ്പുണ്ട്. ഭാഷ പഠിപ്പിക്കാന്‍ പുസ്തകമായി എന്തെങ്കിലും വേണം എന്ന് ആര്‍ക്കോ തോന്നിയ കാലംതൊട്ട് ആരൊക്കെയോ ഉണ്ടാക്കിവെച്ച പാഠപുസ്തകങ്ങള്‍ പഠിച്ചുപഠിച്ച് അത്രമേല്‍ ഉപദ്രവകാരിയാണ് സാഹിത്യം എന്ന ഉറച്ച ബോധ്യത്തോടെ അതിനെ കണ്ടംവഴിയോടിച്ച് സ്വസ്ഥമായി ജീവിക്കുന്നവരാണവര്‍. അവരെ മൈദത്തരിയോളം പോലും കുറ്റപ്പെടുത്താന്‍ ഞാന്‍ ആളല്ല.
ഇങ്ങനെ സാധാരണക്കാരായ ആളുകളുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ പാഠപുസ്തകങ്ങള്‍ നല്ലതേ ചെയ്തിട്ടുള്ളൂ. വെറുതെ മെനക്കെടുത്തുക മാത്രം ചെയ്യുന്ന സാഹിത്യത്തെ ഉപേക്ഷിച്ച് അവനവന്റെ പാടേദുരിതേ നോക്കി ജീവിക്കാന്‍ പാഠപുസ്തകങ്ങള്‍ അവര്‍ക്ക് നിമിത്തമായല്ലോ. എന്നാല്‍ സകലലോകകലര്‍പ്പുമുണ്ടെങ്കിലും കേരളം എന്ന ഈ നാട്ടിലെ ജീവിതത്തിന് ചില പ്രത്യേകതകളൊക്കെയുണ്ടെന്നും ഇവിടെ സംസാരിക്കുന്ന മലയാളം തരക്കേടില്ലാത്ത വിധം കരുത്തോടെ ജീവിക്കുന്ന ഒരു ഭാഷയാണെന്നും ആ ഭാഷയില്‍ എഴുത്തും വായനയുമൊക്കെ നടക്കുന്നുണ്ടെന്നും വിശ്വസിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ. നമ്മുടെ മലയാളം പാഠപുസ്തകങ്ങളേപ്പറ്റി അവരെന്തു പറയുന്നു എന്നറിയാനാണ് എനിക്ക് ആഗ്രഹം. എന്തായാലും മലയാളഭാഷയോടും സാഹിത്യത്തോടും പാഠപുസ്തകങ്ങള്‍ ചെയ്തതെന്ത് എന്ന് എന്റെ പൊട്ടബുദ്ധിയില്‍ തോന്നുന്ന കാര്യങ്ങള്‍ ചുമ്മാ പറഞ്ഞു പോവുകയാണ്.
പറച്ചിലായിട്ടും എഴുത്തായിട്ടും സാഹിത്യം നമുക്ക് പണ്ടേ ഉണ്ടായിരുന്നു. പക്ഷെ അന്ന് ഭൂമിമലയാളത്തില്‍ ജീവിച്ചിരുന്ന ജനങ്ങളില്‍ തൊണ്ണൂറ്റൊമ്പതു ശതമാനത്തിനും എഴുത്തും വായനയും അറിവില്ലാത്തവരായിരുന്നല്ലോ. എന്നോര്‍ത്ത് അവര്‍ക്ക് സാഹിത്യമില്ലായിരുന്നു എന്ന് കരുതണ്ട. അന്നത്തെ മലയാളസാഹിത്യം അവരുടെ വായില്‍നിന്നും പുറത്തുചാടി ചെവികളിലൂടെ തലച്ചോറിലേക്ക് കയറിയ കഥകളും പാട്ടുകളും ചൊല്ലുകളും ശൈലികളുമൊക്കെയായിരുന്നു.
ആ നാടന്‍സാഹിത്യത്തിനകത്ത് അന്നു ജീവിച്ചിരുന്ന ആട്ടുന്നവരും നെയ്യുന്നവരും കാച്ചുന്നവരും കെളയ്ക്കുന്നവരും കൊയ്യുന്നവരും പിടിക്കുന്നവരും തെളിക്കുന്നവരും കഴുകുന്നവരും കേറുന്നവരും കുഴിക്കുന്നവരും ചെത്തുന്നവരും പൊട്ടിക്കുന്നവരും മുറിക്കുന്നവരും കീറുന്നവരും ഊന്നുന്നവരും കിടന്നുകൊടുക്കുന്നവരും കുനിഞ്ഞുകൊടുക്കുന്നവരുമൊക്കെ ഉണ്ടായിരുന്നിരിക്കാം. അതൊന്നും ആരും എഴുതിവെച്ചിട്ടില്ല. വളരെ കുറച്ചു വമ്പന്‍മാര്‍ക്കല്ലേ അന്ന് എഴുതാന്‍ അറിയുമായിരുന്നുള്ളൂ. അവര്‍ എഴുതിയതിനകത്ത് നമ്മള്‍ മുകളില്‍ പറഞ്ഞ ഈറ്റങ്ങളൊന്നും വന്നിട്ടില്ല.
എഴുതാനറിയുന്നവരുടെ സാഹിത്യത്തില്‍ വന്‍ സെറ്റപ്പുള്ള ദൈവങ്ങളും ആ ദൈവങ്ങളുടെ അടുത്തയാളുകളും രാജാക്കന്‍മാരും ഈ രാജാക്കന്‍മാരുടെ വേണ്ടപ്പെട്ടവരും വലിയ പത്രാസുള്ള വേശ്യകളും ഒക്കെയാണല്ലോ ഉണ്ടായിരുന്നത്. അതെല്ലാം ഇറക്കുമതി ചെയ്ത സംസ്‌കാരത്തില്‍പെട്ടതായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ശരിക്കും കേരളീയമെന്നും മലയാളമെന്നും നമുക്ക് പറയാവുന്ന ജീവിതവും ഭാഷയും റെക്കോഡു ചെയ്യപ്പെടാത്ത വായവര്‍ത്താനത്തില്‍ തീര്‍ന്നു പോവുകയാണ് ഉണ്ടായത്. പള്ളിക്കൂടവും പാഠപുസ്തകങ്ങളുമൊക്കെയുണ്ടായ കാലത്ത് ശരിക്കും മലയാളഭാഷാ പഠനമാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ആ വായവര്‍ത്താനങ്ങളെ തിരിച്ചു പിടിച്ചു പഠിക്കുയല്ലായിരുന്നോ ചെയ്യേണ്ടിയിരുന്നത്? അല്ല, സംസ്‌കൃതത്തില്‍ നിന്നാണ് മലയാളം ഉണ്ടായതെന്നും ഈ ശ്രേഷ്ഠഭാഷ ഇന്‍ഡോ ആര്യന്‍ ഗോത്രത്തില്‍ പെടുന്നതാണെന്നും വിശ്വസിച്ചിരുന്ന അന്നത്തെ യമണ്ടന്‍ ഭാഷാപണ്ഠിതന്‍മാര്‍ തെണ്ടിത്തിരിഞ്ഞു നടക്കുന്നോരുടെ ഭാഷ കേട്ട് അതിനെ പഠിക്കണമെന്നു പറഞ്ഞാല്‍ എങ്ങനെ നടക്കും.
ആദ്യകാല പാഠപുസ്തകക്കാരെ കുറ്റം പറയാന്‍ പറ്റില്ല. അവരെ നേരിട്ട് ഭരിക്കുന്നത് രാജാവ്. രാജാവിന്റെ മുകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തം. പിന്നെ വന്‍ ആസ്തിയുള്ള അമ്പലങ്ങളും പള്ളികളും അതിന്റെ കൈകാര്യക്കാരും. പള്ളിക്കൂടങ്ങളില്‍ വരുന്ന വല്ല്യവീട്ടിലെ പിള്ളേര്‍ക്ക് പഠിക്കാന്‍വേണ്ടി നമ്മടെ രാജാവിനും ബ്രിട്ടനിലുള്ള രാജാവിനും ദൈവത്തിന്റെ ആളുകള്‍ക്കും വിരോധമുണ്ടാക്കാത്ത രീതിയില്‍ എഴുത്തച്ഛനെ ഭാഷാപിതാവാക്കിപ്പിടിച്ച് കുറച്ചു പാഠപുസ്തകങ്ങളുണ്ടാക്കുകയാണ് അവര്‍ ചെയ്തത്. ചെയ്‌തോട്ടെ, ആരാ തെറ്റു പറഞ്ഞത്. പക്ഷെ സ്വതന്ത്രകേരളവും ആദ്യ ജനകീയ സര്‍ക്കാരും തൊട്ട് ഇന്നുവരെ ഉണ്ടാക്കിയ മലയാളപാഠപുസ്തകങ്ങളുടെ അവസ്ഥയെന്താണ്?
ഇതിനിടയ്ക്ക് ഡിസി ബുക്‌സ് ഇറക്കിയ കേരളപാഠാവലി സമാഹാരത്തില്‍ ഒരുമാതിരി കിട്ടാവുന്ന പാഠങ്ങളൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് തോന്നുന്നത്. അത് വെച്ചിട്ടാണ് എന്റെ ഈ കളി. അതില്‍ കണ്ട പാഠങ്ങളൊക്കെ നോക്കുമ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് രണ്ടാംപത്തുകളിലെ കേരളീയ സമൂഹം ഇത്രയെങ്കിലും പുരോഗമന സ്വഭാവം കാണിക്കുന്നത് തീര്‍ച്ചയായും വലിയവലിയ അത്ഭുതമാണെന്നു പറയാം.
എന്താണെന്നറിയുമോ സാമ്രാജ്യത്വത്തില്‍ നിന്നും സ്വതന്ത്രരായ കേരളീയര്‍ പഠിച്ച മലയാളപാഠങ്ങളിലെ കേരളം പരശുരാമന്‍ മഴു എറിഞ്ഞുണ്ടാക്കിയതാണ്. ആ കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷം മഹാവിഷ്ണുവിന്റെ പാദസ്പര്‍ശമേറ്റ് മഹാബലി എന്ന അസുരചക്രവര്‍ത്തിക്ക് പാതാളത്തിലേക്ക് താഴ്ന്നുപോകാനുള്ള ഭാഗ്യം ലഭിച്ചതിന്റെ ഓര്‍മ്മയില്‍ കൊണ്ടാടുന്ന ഓണമാണ്. കേരളത്തിന്റെ കലാരൂപങ്ങള്‍ ദൈവങ്ങളുടെയും രാജാക്കന്‍മാരുടെയും കഥപറയുന്ന കഥകളിയും ചാക്യാര്‍കൂത്തും കൂടിയാട്ടവും തുള്ളലും തിരുവാതിരക്കളിയുമാണ്. മലയാളസാഹിത്യമെഴുതാന്‍ കഴിവുള്ളത് കുറുപ്പനും മേനോനും നമ്പൂതിരിയ്ക്കും പിഷാരടിയ്ക്കും പിള്ളയ്ക്കും നായര്‍ക്കും വര്‍മ്മയ്ക്കും പേരിനൊരു സിസ്റ്റര്‍ മേരീ ബനീഞ്ജയ്ക്കും ആശാനുമാണ്.
പേരുകേട്ട ഈ സാഹിത്യകാരന്‍മാരുടെ രചനകളില്‍ കേരളത്തിലെ മുക്കാലേ അരയ്ക്കാലും വരുന്ന ആശാരിയുടെയോ കൊല്ലന്റെയോ തട്ടാന്റെയോ മൂശാരിയുടെയോ ചെത്തുകാരുടെയോ കൂലിപ്പണിക്കാരുടെയോ നെയ്ത്തുകാരുടെയോ മീന്‍പിടുത്തക്കാരുടെയോ കൃഷിക്കാരുടെയോ കുടിയേറ്റക്കാരുടെയോ ഗള്‍ഫ് പ്രവാസിയുടെയോ കച്ചവടക്കാരുടെയോ തുന്നല്‍ക്കാരുടെയോ െ്രെഡവേഴ്‌സിന്റെയോ മെക്കാനിക്കുകളുടെയോ അടുക്കളക്കാരികളുടെയോ പെറുക്കിത്തീനികളുടെയോ അലച്ചിലുകാരുടെയോ യഥാര്‍ത്ഥ ജീവിതവും ഭാഷയും എത്തിനോക്കിയിട്ടുപോലുമില്ല. ഇതൊന്നുമില്ലാത്ത പാഠപുസ്തകങ്ങളിലെ എന്തു കുന്തമാണ് മലയാളമാണെന്നും പറഞ്ഞ് നാം പഠിച്ചുകൊണ്ടിരുന്നത്?
ഇതിന്റെയൊക്കെ കാരണമായിട്ട് എനിക്കു തോന്നിയിട്ടുള്ളതെന്താണെന്നു പറയാം. രാജാക്കന്‍മാരുടെ കാലത്ത് പാഠപുസ്തകമുണ്ടാക്കിയത് തമ്പുരാക്കന്മാരായിരുന്നല്ലോ. അവരുടെ കടുംകൂട്ട് ഭക്തന്‍മാരായിരുന്ന ശിഷ്യന്‍മാരാണ് പിന്നീട് പാഠപുസ്തകമുണ്ടാക്കിയത്. ആ ഇനത്തിന്റെ ശിഷ്യന്‍മാര്‍ പിന്നീട് പുസ്തകമുണ്ടാക്കി. അങ്ങനെ ഒണ്ടാക്കിയുണ്ടാക്കി പ്രണയം നല്ല ഫുള്‍ജാര്‍ തേപ്പായി നില്‍ക്കുന്ന ഈ കാലത്തെ അധ്യാപകര്‍ക്കു പോലും ഋതുയോഗം എന്ന പേരില്‍ ശാകുന്തളം പ്രണയവും തനിതന്തയല്ലാത്തവന്‍ തൊട്ടാല്‍ രക്ഷ പാമ്പായ് കടിക്കുമെന്ന പുരോഹിതയുക്തിയും ജാതികൊണ്ടാണ് മനുഷ്യന്റെ സ്വഭാവമുണ്ടാകുന്നതെന്നുള്ള ചാതുര്‍വര്‍ണ്ണ്യചിന്തയുമെല്ലാം അന്തവും കുന്തവും തിരിയാതെ കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നു. അതു പഠിക്കുന്ന കുട്ടികള്‍ പേടിച്ച് പതിവുപോലെ സാഹിത്യത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.
കുട്ടികള്‍ രക്ഷപ്പെട്ട് വല്ല പണിയുമെടുത്ത് ജീവിച്ചോളും. അതുകൊഴപ്പമില്ല. പിന്നെ നമ്മളങ്ങോട്ടു ചെന്ന് പ്രബുദ്ധ നവോത്ഥാന പരിഷ്‌കൃത സംസ്‌കാരസമ്പന്ന സമൂഹമാകാത്തതെന്തേ എന്നുമാത്രം ചോദിക്കരുത്. കാരണം നമ്മളീ പറയുന്ന വാക്കിന്റെ അര്‍ത്ഥം നമ്മക്കറിയത്തില്ല. അത് സംസ്‌കൃതമാണ്. പിന്നെയല്ലേ പിള്ളേര് മനസ്സിലാക്കുന്നത്. എല്ലാ കാര്യവും നമ്മള്‍ ഇങ്ങനെതന്നെയാണ് ചെയ്തിട്ടുള്ളത്. മിക്ക കാര്യങ്ങളും നമ്മള്‍ കുട്ടികളോട് പറഞ്ഞത് അവര്‍ക്ക് മനസ്സിലാകാത്ത ഭാഷയിലായിരുന്നു. മലയാളഭാഷാ പഠനത്തിനെന്നു പറഞ്ഞ് നമ്മള്‍ ചെലവാക്കിയ സമയം മുഴുവന്‍ നമ്മുടെ സാഹിത്യത്തില്‍ കുഴിച്ചിട്ടിരിക്കുന്ന സംസ്‌കൃതത്തിന്റെ ശവമെടുത്ത് കീറിമുറിക്കാനായിരുന്നു. ഓരോ കാലത്തും ജീവിക്കുന്ന മലയാളം പാഠപുസ്തകത്തിന്റ പരിസരത്തു വരാതിരിക്കാന്‍വേണ്ടി അതുണ്ടാക്കിയവര്‍ എല്ലായ്‌പ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.
മലയാളം ബി.എയും എം.എയും പഠിച്ച എനിക്ക് ഇപ്പോള്‍ ചോദിക്കാനുള്ളത് എന്തിനായിരുന്നു കുരുപ്പുകളേ രാമാ, രാമാ, രാമാഹ എന്നും പറഞ്ഞ് എന്നെക്കൊണ്ട് സംസ്‌കൃതം പഠിപ്പിച്ചത്? മലയാളഭാഷ പഠിക്കാമെന്ന് തെറ്റിദ്ധരിച്ച് ഇപ്പഴും മലയാളം കോഴ്‌സുകള്‍ക്കൊക്കെ ചേരുന്ന പാവം പിള്ളേരെ എന്തിനാണ് സംസ്‌കൃതത്തിന്റെ ശവം തീറ്റിക്കുന്നത്? ഉത്തരം എനിക്കറിയാം. നമ്മുടെ തമ്പുരാക്കന്‍മാരൊക്കെ സാഹിത്യത്തില്‍ കുത്തിച്ചെലുത്തിയ സംസ്‌കൃതപദങ്ങളുടെ അര്‍ത്ഥവും വ്യാകരണവും പഠിച്ചും പഠിപ്പിച്ചും ഭാഷാപരമായ ജന്മിത്തം ഒരിക്കലും നശിക്കാതെ നമ്മളെല്ലാം കെട്ടിപ്പേറി കൊണ്ടുനടക്കണം. എന്നതായാലും പാഠപുസ്തകങ്ങളുണ്ടാക്കിയവരുടെ ലക്ഷ്യം നടന്നു. തമ്പുരാക്കന്‍മാര്‍ ഉദ്ദേശിച്ചതിനേക്കാളൊക്കെ വിധേയന്‍മാരായി നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മള്‍ അക്കാര്യം ചെയ്തുകൊണ്ടേയിരിക്കുന്നു.
സാധാരണജീവിതത്തില്‍ മനുഷ്യന് മനസ്സിലാകുന്നതുപോലെ സംസാരിച്ചു നടക്കുന്ന നമ്മള്‍ ഒരു സ്ഥലത്ത് പ്രസംഗിക്കാന്‍ എഴുന്നേറ്റാല്‍ ‘വേദിയിലിരിക്കുന്ന അഭിവന്ദ്യരേ…’ എന്നൊക്കെ പറഞ്ഞ് മഹാസംസ്‌കൃതന്‍മാരായി മാറും. എഴുതാനിരിക്കുമ്പോഴും സംഭവിക്കുന്നത് അതുതന്നെയാണ്. തമ്പുരാന്‍ഭാഷയല്ല മലയാളം എന്നു പറയാന്‍വേണ്ടി ഞാന്‍ ഈ കുറിപ്പെഴുതുമ്പോള്‍ പോലും പലയിടത്തും ആഢ്യത്തം കയറിവരുന്നതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സാധാരണ ജീവിതത്തിലെ ഭാഷ എഴുത്തിലും പ്രസംഗത്തിലും പരമാവധി ഉപയോഗിക്കാതിരുന്നെങ്കിലേ നമുക്ക് ഒരു വിലയുണ്ടാകുകയുള്ളൂ എന്നാണ് ഞാന്‍ പഠിച്ചതും പഠിപ്പിച്ചതും. അങ്ങനെ നമ്മുടെ നാട്ടിലെ മിക്കവരും പഠിച്ചുവെച്ചതുകൊണ്ടാണ് കേരളീയജീവിതം ആഴത്തില്‍ പറയുന്ന കൃതികള്‍ ഉണ്ടായപ്പോഴൊക്കെ ഓ വൃത്തികേട്…വൃത്തികേട്… എന്ന് നമ്മള്‍ വിളിച്ചു പറഞ്ഞത്.
തനിമലയാളം പറയുന്നവരെ പോക്കണംകെട്ടവരായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്. ‘അവള്‍ വന്നതെന്തിനാണെന്ന് പറഞ്ഞു’ എന്നകാര്യം ‘അവളുടെ ആഗമനോദ്ദേശം വെളിവാക്കി’ എന്നേ പറയാന്‍ പാടുള്ളൂ. അങ്ങനെ പറയണമെന്ന് നമ്മളെ പഠിപ്പിച്ചത് പാഠപുസ്തകങ്ങളാണ്. ജീവിതത്തിന്റെ വിയര്‍പ്പുമണം സാഹിത്യമാളികളില്‍ അടിച്ചുകയറാനുള്ളതല്ല എന്നാണ് നമ്മുടെ പാഠപുസ്തകങ്ങള്‍ നമ്മളോട് പറഞ്ഞു തന്നിട്ടുള്ളത്. അല്ല എന്നു പറയുന്നവരോട് ഒറ്റ കാര്യംകൂടി. മലയാളത്തിലെ ആദ്യചെറുകഥ കള്ളനേക്കുറിച്ചാണ്. ലക്ഷണമൊത്തില്ല എന്നുപറഞ്ഞ് നമ്മള്‍ മാറ്റിനിര്‍ത്തിയ ആദ്യകാല നോവലുകള്‍ പറയുന്നത് ദളിത് ജീവിതമാണ്. തുടക്കം അതൊക്കെയായിട്ടും നമ്മുടെ പാഠപുസ്തകങ്ങളിലെ കഥകളിലും നോവലുകളിലും എന്താണുണ്ടായിരുന്നത്? ഇപ്പോഴെന്താണുള്ളത്? വിരലിലെണ്ണാവുന്ന സംവരണകൃതികളൊഴികെ കേരളത്തിലെ എണ്‍പതുശതമാനം വരുന്ന അദ്ധ്വാനിക്കുന്നവന്റെ ജീവിതം പാഠപുസ്തകങ്ങളില്‍ എവിടെയാണുള്ളത്.
എന്നിട്ടും പറയുന്നു മലയാളമാണ് പഠിപ്പിക്കുന്നതെന്ന്. മാതൃഭോഗി എന്നെനിക്കിവിടെ എഴുതാം. അതിന്റെ മലയാളം ഞാനിവിടെ എഴുതിയാല്‍ തെറിയായി. പിന്നെയെന്തിനാണ് നമ്മള്‍ മലയാളത്തെ ശ്രേഷ്ഠഭാഷയെന്ന് വിളിക്കുന്നത്? തള്ളയെന്ന മലയാളപദം മോശവും അംബയെന്ന സംസ്കൃത പദം ശ്രേഷ്ഠവുമാകുപ്പോള്‍ ഏത് ഭാഷയെയാണ് നമ്മള്‍ കളിയാക്കുന്നത് എന്ന് തിരിച്ചറിയാന്‍പോലും പറ്റാത്ത അവസ്ഥയുള്ള നാട്ടില്‍ എന്തു ഭാഷാപഠനം നടന്നു എന്നാണ് പറയുന്നത്?
Comments are closed.