ഒരല്പം ബഹുമാനം!
‘All I’m asking, is for a little respect when you come home (just a little bit).’
ഒരല്പം ബഹുമാനം. അത് മാത്രം മതിയെനിക്ക്. ജീവിതത്തില്‍ ആകെ എനിക്ക് വേണ്ടത് അത് മാത്രമാണ്. ഞാനുണ്ടാക്കിയ പണം മുഴുവനും നിങ്ങള്‍ക്ക് തരാം. ആ മൂലധനത്തിന്റെ ലാഭമായി എനിക്ക് ബഹുമാനം മാത്രം തിരിച്ചു തരൂ.
ഇത് പാടിയത് അമേരിക്കന്‍ പാട്ടുകാരി അരീത്ത ഫ്രാങ്ക്‌ലിനാണ്. ആത്മാവില്‍ നിന്നും ഒഴുകിയിറങ്ങുന്ന മുറിവുകളുടെ നദികളെ ആവേശത്തിന്റെ കടലിലേക്ക് ചാലുകീറിയൊഴുക്കുന്ന വേദനയോടെയാണ് അരീത്ത ഫ്രാങ്ക്‌ലിന്‍ തന്റെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ റസ്‌പെക്റ്റ് എന്ന ഗാനം ആലപിച്ചിട്ടുള്ളത്. R-E-S-P-E-C-T എന്ന അക്ഷരങ്ങള്‍ തീവ്രമായ ആത്മവിശ്വാസത്തിന്റെ തീപുരട്ടിയാണ് അരീത്ത കേള്‍വിക്കാരിലേക്ക് വലിച്ചെറിയുന്നത്. ആ തീയാണ് നമ്മുടെ ആത്മാവില്‍ കിടന്ന് പൊള്ളുന്നത്.
റസ്‌പെക്റ്റ് എന്ന ഗാനം അരീത്ത ഫ്രാങ്ക്‌ളിന്‍ പാടി അവതരിപ്പിച്ചത് അവരുടെ I Never Loved a Man the Way I Love You എന്ന 1967-ല്‍ പുറത്തിറങ്ങിയ ആല്‍ബത്തിലാണ്. അരീത്തയുടെ ശബ്ദത്തില്‍ ആ ഗാനം പുറത്തു വന്നതോടെ അത് ഇന്‍സ്റ്റന്റ് ഹിറ്റാവുകയായിരുന്നു. രണ്ട് ഗ്രാമി അവാര്‍ഡുകളോടെ അമേരിക്കയില്‍ ആകെ പടര്‍ന്നു ആ ഗാനം ഫെമിനിസത്തിന്റെ ദേശീയഗാനം എന്ന മട്ടില്‍ പ്രചരിക്കപ്പെടുകയും അരീത്ത ക്യൂന്‍ ഓഫ് സോള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണമാവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ആ ഗാനം എഴുതിയതും ആദ്യം റെക്കോഡ് ചെയ്ത് മാര്‍ക്കറ്റില്‍ എത്തിച്ചതും ഓറ്റിസ് റിഡിങ്ങ് എന്ന ഗായകനാണ്. 1965 ല്‍. റിഡിങ്ങിന്റെ റസ്‌പെക്റ്റും അരീത്തയുടെ റസ്‌പെക്റ്റും തമ്മില്‍ ചെറിയ ചില വ്യത്യാസങ്ങളുണ്ട്. റിഡിങ്ങിന്റേത്, അതുവരെ നീയെന്ത് ചെയ്താലും എനിക്ക് കുഴപ്പമില്ല, ഞാന്‍ പണിയെടുത്ത് വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍, എനിക്കല്പം ബഹുമാനം തരണം എന്നാണ് പറയുന്നത്. നിരാശനായ ആണിന്റെ മുഖമാണതിന്. അരീത്തയുടേതില്‍, ആത്മവിശ്വാസം തുളുമ്പുന്ന പെണ്ണിന്റെ കരുത്താണുള്ളത്.
ആണിന്റെയും പെണ്ണിന്റെയും അനുഭവതലങ്ങള്‍ തമ്മിലുള്ള ചെറിയ വ്യത്യാസങ്ങളെ ഒരു പാട്ടിന്റെ തന്നെ ഈ രണ്ടു വേര്‍ഷനുകള്‍ തമ്മിലുള്ള വ്യത്യാസത്തിലൂടെ തിരിച്ചറിയാനാകും. പക്ഷെ രണ്ടനുഭവങ്ങളും ഒരേ ബിന്ദുവില്‍ സന്ധിക്കുന്നു. അത് ബഹുമാനത്തിനു വേണ്ടിയുള്ള ആവശ്യപ്പെടലിലാണ്. പെണ്ണായാലും ആണായാലും കറുത്തവനായാലും വെളുത്തവനായാലും ആഫ്രിക്കനായാലും ചൈനാക്കാരനായാലും ഹിന്ദുവായാലും മുസ്ലീമായാലും ഈഴവനായാലും നായരായാലും പുലയനായാലും ആത്യന്തികമായി മറ്റുള്ളവനോട് ആവശ്യപ്പെടുന്നത് ബഹുമാനം തന്നെയാണ്. മുകളില്‍ നിന്നും താഴോട്ട് അത് എളുപ്പമാണ്. താഴേ നിന്നും മുകളിലേക്ക് അത് തീവ്രമായ വേദനയോടെയുള്ള ആവശ്യപ്പെടലാണ്. മനുഷ്യാസ്തിത്വത്തിന്റെ നിര്‍വചന ബിന്ദുവായിട്ട് വേണമെങ്കില്‍ നിങ്ങള്‍ക്കതിനെ സൂചിപ്പിക്കാനാകും.
‘ചാന്‍സോലന്‍ ഡൂസ്’ എന്ന പേരില്‍ ഒരു ഫ്രഞ്ച് നോവലുണ്ട്. 2016-ല്‍ ഫ്രാന്‍സിലെ പ്രി ഗോണ്‍കോര്‍ അവാര്‍ഡിനര്‍ഹമായ ഈ നോവല്‍ എഴുതിയത് ഫ്രാങ്കോ-മൊറോക്കന്‍ എഴുത്തുകാരി ലെയ്‌ല സ്ലൈമാനിയാണ്. ലോകമെമ്പാടും വിവര്‍ത്തനങ്ങള്‍ വന്ന് ഒരു പബ്ലിഷിങ്ങ് സെന്‍സേഷനായി മാറിയ അത് ‘ലാലബൈ’ എന്നും ‘പെര്‍ഫെറ്റ് നാനി’ എന്നും ഉള്ള രണ്ടു പേരുകളില്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ഒരു മനുഷ്യാവസ്ഥയെ കുറിച്ചുള്ള സൂക്ഷ്മമായ ഒരു അവലോകനമാണ് ഈ നോവല്‍. പോളും മെറിയാമും പാരീസില്‍ ജീവിക്കുന്ന നോര്‍ത്താഫ്രിക്കന്‍ വംശജരായ ദമ്പതികളാണ്. അവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. മില എന്ന പെണ്‍കുട്ടിയും ആദം എന്ന ആണ്‍കുട്ടിയും. ആദം ജനിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മെറിയാമിന് ഒരു ജോലി ഓഫര്‍ വരുന്നു. തന്റെ ജീവിതാഗ്രഹമായിരുന്ന വക്കീല്‍ പണി ചെയ്യാനുള്ള ഒരു നല്ലവസരം. വിവാഹത്തിന് ശേഷം കുട്ടികളെ നോക്കി വീട്ടമ്മയായിരുന്ന മെരിയാമിന് ആ ഓഫര്‍ ഒഴിവാക്കാന്‍ തോന്നിയില്ല. അങ്ങനെ പോളും മെരിയാമും ഒരു നാനിയെ അന്വേഷിക്കുന്നു. അവരുടെ അന്വേഷണം ചെന്നവസാനിച്ചത് ലൂയിസ് എന്ന അതിമിടുക്കിയായ ഒരു സ്ത്രീയിലാണ്. ചെറുപ്രായത്തില്‍ തന്നെ അമ്മയായ ലൂയിസിന്റെ മകള്‍ ഇപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ പ്രാപ്തയായിക്കഴിഞ്ഞു. ഒരുപാട് സ്ത്രീകളെ തങ്ങളുടെ കുട്ടികളെ വളര്‍ത്താന്‍ സഹായിച്ചിട്ടുള്ള ലൂയിസിനെ കുറിച്ച് അവരെ പരിചയമുള്ള എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. ലൂയിസ് ഞങ്ങളുടെ വീട്ടില്‍ നിന്നും പോകാറായി എന്ന് തോന്നിയപ്പോള്‍ ഒരു പുതിയ കുട്ടിയെ കൂടിയുണ്ടാക്കി അവളെ ഞങ്ങളുടെ വീട്ടില്‍ പിടിച്ചു നിര്‍ത്തിയാലോ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി എന്ന് മെരിയാമിനോട് ഒരു സുഹൃത്ത് പറയുന്നുണ്ട്. ലൂയിസ് അങ്ങനെ പോളിന്റെയും മെരിയാമിന്റെയും കുടുംബത്തില്‍ കുട്ടികളെ നോക്കാനുള്ള ചുമതല ഏറ്റെടുക്കുന്നു.
രണ്ടു വര്‍ഷത്തോളമുള്ള ലൂയിസിന്റെ ആ വീട്ടിലെ ജീവിതവും ആദത്തിന്റെയും മിലയുടെയും വളര്‍ച്ചയില്‍ അവളുടെ ഇടപെടലും പോളും മെരിയാമുമായുള്ള ലൂയിസിന്റെ ബന്ധവും എല്ലാമാണ് ലാലബൈയുടെ കഥാഗതിയെ നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ കഥയുടെ ഞെട്ടിപ്പിക്കുന്ന സംഗതി മറ്റൊന്നാണ്. ഒരു ദിവസം ജോലിസ്ഥലത്ത് നിന്നും പോലീസിന്റെ വിളി കേട്ട് വീട്ടിലെത്തുന്ന മെരിയം കാണുന്നത് തന്റെ രണ്ടു കുട്ടികളും രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുന്നതാണ്. രണ്ടു വര്‍ഷത്തോളം കുട്ടികളെ നോക്കി വളര്‍ത്തിയ ലൂയിസ് ഈ രണ്ടു കുട്ടികളെയും ഒരു ചെറിയ കത്തി കൊണ്ട് കുത്തിക്കൊന്നിരിക്കുന്നു!
The baby is dead. It took only few seconds. The doctor said he didn’t suffer. എന്നു പറഞ്ഞാണ് നോവല്‍ ആരംഭിക്കുന്നത് തന്നെ. നോവല്‍ ഉന്നയിക്കുന്ന ചോദ്യം ഇതാണ്. എന്തിനാണ് രണ്ടുവര്‍ഷം താന്‍ വളര്‍ത്തിയ കുട്ടികളെ ഒരു ആയ കുത്തിക്കൊല്ലുന്നത്. ആ ചോദ്യത്തിന്റെ ഉത്തരം നീണ്ടു കിടക്കുന്നത് ആധുനിക ജീവിതത്തിന്റെയും മാതൃത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതിസന്ധികളിലാണ്. മിലയുടെയും ആദമിന്റെയും ജീവിതത്തെ പതിയെ പതിയെ കരുപ്പിടിപ്പിച്ചു കൊണ്ടിരിക്കെ പോളില്‍ നിന്നും മെരിയാമില്‍ നിന്നും താന്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് ലൂയിസ് ഓരോ നിമിഷവും ചിന്തിക്കുന്നത് കാണാം. ആ വീടിനെ സ്വന്തം വീടായി കണ്ട് അതിന്റെ മായാലോകത്ത് സ്വന്തം അസ്തിത്വം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ലൂയിസ്, ഒരിക്കല്‍ താന്‍ ഈ വീട്ടില്‍ നിന്നും പുറത്താക്കപ്പെടും എന്ന സാധ്യതയെ തടയാനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആ ശ്രമങ്ങളുടെ അവസാനമാണ് പോളിന്റെ സുഹൃത്ത് ജപ്പാനില്‍ പോയി വന്നപ്പോള്‍ വിശിഷ്ടമായി കൊണ്ട് വന്നു സമ്മാനിച്ച, അടുക്കളയില്‍ കുട്ടികള്‍ കാണാതെ സൂക്ഷിച്ചു വച്ചിരുന്ന, ആ കത്തിയിലേക്ക് മെരിയാമിന്റെ കൈകള്‍ നീണ്ടത്.
‘പെര്‍ഫെ്ക്റ്റ് നാനി’യുടെ വായന ദിവസങ്ങള്‍ നീണ്ട അസ്വസ്ഥതയാണ് മനസിന് സമ്മാനിക്കുന്നത്. എന്താണ് മനുഷ്യന്‍ ആത്യന്തികമായി ആവശ്യപ്പെടുന്നത് എന്ന ചോദ്യം അത് വീണ്ടും വീണ്ടും നമ്മളില്‍ ഉയര്‍ത്തു ന്നു. ആ സമയത്താണ് ഞാന്‍ അരീത്ത ഫ്രാങ്ക്‌ലിനില്‍ രക്ഷപ്രാപിക്കുന്നത്. R-E-S-P-E-C-T എന്ന് ഉച്ചത്തില്‍ തീയില്‍ നിന്ന് മുളച്ചു വന്നത് പോലെ അവര്‍ പാടുന്നു. കുട്ടികളെ കൊലയ്ക്ക് കൊടുക്കാന്‍ മടിക്കാത്ത അമ്മമാര്‍ കേരളത്തിലും അത്ഭുതകരമായ സംഭവമായി ഉയര്‍ന്നുവരുന്ന സമകാലീന സാഹചര്യമാണ് എന്നൊക്കെ ചിലര്‍ എഴുതിയത് വായിക്കുന്നു. എന്തുകൊണ്ടാണ് ഒരമ്മ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ വിട്ടുകൊടുക്കുന്നത് എന്ന ചോദ്യത്തിന് മനശാസ്ത്രപരവും സാമൂഹികശാസ്ത്രപരവും ഒക്കെയായ പലവിധ ഉത്തരങ്ങള്‍ പറയുന്നവരെ കാണുന്നു. പെര്‍ഫെക്റ്റ് നാനിയിലൂടെ പക്ഷെ ഇതിന് വളരെ വ്യത്യസ്തമായ ഒരു പാഠം ലെയ്‌ല സ്ലൈമാനി നിര്‍മ്മിച്ചെടുക്കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളുടെ കാലത്ത് അമ്മ എന്ന വാക്ക് എങ്ങനെയാണ് പുനര്‍നിര്‍വച്ചിക്കപ്പെടുന്നത് എന്ന് സ്ലൈമാനി സൂക്ഷ്മമായി അവതരിപ്പിക്കുന്നു. യുത്യധിഷ്ഠിതമായ ഉത്തരങ്ങളെക്കാള്‍ കൂടുതല്‍ അനുഭൂതികളിലൂടെ നിര്‍മ്മിക്കപ്പെടുന്ന സാധ്യതകളിലൂടെ ഒരു വലിയ നിയമം അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആ നിയമം അരീത്ത ഫ്രാങ്ക്‌ലിന്‍ അലറിവിളിച്ച് ലോകത്തോട് പറഞ്ഞതാണ്.
ആകെ എനിക്ക് വേണ്ടത് ബഹുമാനം മാത്രമാണ്. ഈ ഭൂമിയില്‍ ഓരോ പുല്‍ക്കൊടിയും നിരന്തരം ആവശ്യപ്പെടുന്നത് അത് മാത്രമാണ്. അത് കിട്ടാതെ വരുമ്പോള്‍ ഓരോരുത്തരും പ്രവര്‍ത്തിക്കുന്ന വഴികളെ നമുക്ക് പ്രവചിക്കാന്‍ എളുപ്പമല്ല. അതില്‍ ഒരു വഴിയാണ് ലൂയിസ് സഞ്ചരിച്ചത്. നമ്മളോരോരുത്തരും അതേകണക്കിനുള്ള മറ്റു വഴികളിലൂടെയും സഞ്ചരിക്കുന്നതും.
Comments are closed.