DCBOOKS
Malayalam News Literature Website

കഥകള്‍: അനുഭവങ്ങളുടെ ഖനികള്‍

കഥകളും നോവലുകളും ഒക്കെ വായിക്കുന്നത് സമയനഷ്ടമാണ് എന്ന് സദാ പറയാറുള്ള ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. മിക്കവാറും എല്ലാ വായനാദിനത്തിലും അവനെ ഞാനോര്‍ക്കാറുണ്ട്. കഥകള്‍ വായിച്ചു സമയം കളയുന്ന നേരത്ത് എന്തെങ്കിലും ഇന്‍ഫര്‍മേഷന്‍ ഉള്ള കാര്യങ്ങള്‍ തലയ്ക്കുള്ളില്‍ കയറ്റിയാല്‍ അത് ഭാവിയില്‍ ജോലിക്ക് വേണ്ടി പരീക്ഷകളെഴുതുമ്പോള്‍ സഹായകമാകും എന്നായിരുന്നു അവന്റെ പക്ഷം. കഥയ്ക്ക് വേണ്ടി അവനോടു തര്‍ക്കിക്കുന്നത് എനിക്കൊരു ഹോബിയായിരുന്നു. കഥ എന്താണ് നമുക്ക് തരുന്നത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയുണ്ട്.

ഈ ചോദ്യത്തെ നേരിടാനായി ഒരു ചിന്താപരീക്ഷണം പൊതുവേ പറയാറുണ്ട്. ഒരാള്‍ക്ക് ഞാന്‍ നൂറു രൂപ കൊടുക്കുന്നുവെന്ന് കരുതുക. എന്നിട്ടയാളോട് പറയുന്നു, ഈ നൂറില്‍ ഒരു ഭാഗം നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനു കൊടുക്കണം. ആ പണം സുഹൃത്ത് വാങ്ങിയാല്‍ ബാക്കി പണം നിങ്ങള്‍ക്കെടുക്കാം. നൂറു രൂപ എങ്ങനെ ഭാഗംവെക്കണം എന്നത് നിങ്ങളുടെ ഇഷ്ടം. നിങ്ങള്‍ കൊടുക്കുന്ന പണം വാങ്ങണോ വേണ്ടെന്നോ തീരുമാനിക്കേണ്ടത് നിങ്ങളുടെ സുഹൃത്തും. സുഹൃത്ത് പണം വാങ്ങാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ പക്ഷേ, ഞാന്‍ പണം തിരികെ വാങ്ങും; രണ്ടാള്‍ക്കും പണം കിട്ടില്ല. ഇതാണീ പരീക്ഷണത്തിന്റെ നിബന്ധന. ആദ്യത്തെ ആളുടെ സുഹൃത്തായ രണ്ടാമനും ഈ നിബന്ധന അറിയാം. ആദ്യത്തെയാള്‍ തനിക്കിഷ്ടമുള്ള ഒരു വലിയ തുക എടുത്തിട്ട് ഒരു ചെറിയ തുകയാണ് രണ്ടാമന് കൊടുത്തത് എന്നു കരുതുക. അതായത് ഒന്നാമന്‍ തന്നോട് മാന്യമായല്ല പെരുമാറിയത് എന്ന് രണ്ടാമന്‍ തോന്നി. അയാള്‍ എന്തായിരിക്കും സ്വാഭാവികമായും ചെയ്യുക. പണം സ്വീകരിക്കാന്‍ തയ്യാറാവില്ല. മാന്യമല്ലാത്ത ഒരു ഇടപാട് നടക്കുന്നു എന്നു തോന്നിയാല്‍ രണ്ടാള്‍ക്കും പണം കിട്ടണ്ട എന്നു തീരുമാനിക്കാനുള്ള തന്റെ അധികാരം അയാള്‍ ഉപയോഗപ്പെടുത്തും.

ബഹുഭൂരിപക്ഷം പേരും ഇത്തരത്തില്‍ തന്നെയാവും പെരുമാറുക. മനുഷ്യര്‍ വൈകാരികമായാണോ യുക്തിപരമായാണോ തീരുമാനങ്ങളെടുക്കുക എന്ന് അറിയാനുള്ള ഒരു ചെറിയ പരീക്ഷണമാണിത്. യുക്തിപരമായിട്ടായിരുന്നു തീരുമാനമെടുത്തതെങ്കില്‍ കിട്ടിയത് ലാഭം എന്ന തരത്തില്‍ രണ്ടാമന്‍ തനിക്ക് കിട്ടിയത് വാങ്ങേണ്ടതായിരുന്നു. മനുഷ്യര്‍ ബഹുഭൂരിപക്ഷം സമയങ്ങളിലും വൈകാരികമായിട്ടാണ് തീരുമാനങ്ങളെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും മാത്രമല്ല വികാരത്തിന്റെ സ്വാധീനം. മനുഷ്യന്റെ പഠനവും പ്രാഥമികമായി നടക്കുന്നത് വൈകാരികമായിത്തന്നെയാണ്. നമ്മുടെ വൈകാരികമായ ഓര്‍മ്മകളാണ് പ്രാഥമികം. അതിന്റെ ആഴം വര്‍ധിക്കുന്തോറും ജ്ഞാനാത്മകമായ (cognitive) ഓര്‍മ്മകള്‍ പതിയെപ്പതിയെ രൂപപ്പെടുകയാണ് ചെയ്യുക. അനുഭവമാണ് ആദ്യത്തെ ഗുരു എന്ന പറച്ചില്‍ ഇവിടെനിന്നാണ്. മനുഷ്യന്റെ പഠന പ്രക്രിയയില്‍ വൈകാരികതയ്ക്കുള്ള സ്ഥാനം അത്ര ആഴമേറിയതായതുകൊണ്ടാണ് മനുഷ്യര്‍ക്ക് കഥകള്‍ ഉണ്ടായത്.

ജീവിതം ഒരു ചെസ്സുകളി പോലെയാണ്. കഥകള്‍ പ്രസിദ്ധങ്ങളായ ചെസ്സുകളികള്‍ ശേഖരിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ പോലെയും. ഗൗരവതരമായി കളിയെ സമീപിക്കുന്നവര്‍ പുസ്തകം വായിച്ച് കളിക്കാന്‍ നന്നായി തയ്യാറെടുക്കുന്നു. കളിക്കിടയില്‍ പുസ്തകത്തില്‍നിന്നും പരിചയിച്ച അവസ്ഥകളില്‍നിന്നും ഇനിയെന്ത് നീക്കം നടത്തണം എന്ന് അവ നമുക്ക് പറഞ്ഞുതരും. ഇത് പറഞ്ഞത് പ്രമുഖ ന്യൂറോശാസ്ത്രജ്ഞനായ സ്റ്റീഫന്‍ പിങ്കറാണ്. നമ്മുടെ പ്രവൃത്തികളുടെ സാധ്യമാകാവുന്ന വഴിതിരിവുകളെന്തെല്ലാമാവാം എന്നതിന് നാം നിരന്തരം മാനസിക സങ്കല്പങ്ങള്‍ നടത്തുന്നുണ്ട്. അത്തരം സങ്കല്പങ്ങളിലൂടെയാണ് നാം നമ്മുടെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരുന്നത്. കഥകളിലെ പ്രധാന കഥാപാത്രങ്ങളുമായി നാം താദാത്മ്യം പ്രാപിക്കും, അവരുടെ ലക്ഷ്യങ്ങള്‍ നമ്മുടേതായി കണക്കാക്കും. അതിന്റെ സാധ്യമാകള്‍ നമ്മില്‍ സന്തോഷവും പരാജയം ദുഃഖവും ദേഷ്യവും എല്ലാം സൃഷ്ടിക്കും. ഇത്തരത്തിലുള്ള വൈകാരിക വിക്ഷോഭങ്ങള്‍ ജീവിതത്തിന്റെ സമാന സാങ്കല്പികാവസ്ഥകളെ (സിമുലേഷനുകള്‍) സൃഷ്ടിക്കുന്നതിലൂടെയാണ് നമ്മെ ജീവിതത്തില്‍ കൂടുതല്‍ കരുത്തുറ്റവരാക്കുന്നത്.അങ്ങനെ നോക്കിയാല്‍ കഥ ഒരുതരത്തിലുള്ള ജ്ഞാനനിര്‍മിതിയാണ്. മറ്റൊന്നിനും സൃഷ്ടിക്കാനാവാത്ത പാഠങ്ങള്‍ കഥ സൃഷ്ടിച്ചെടുക്കുന്നുണ്ട്. ഒരു കഥയെ മനസ്സിലാക്കുക എന്നാല്‍ പ്രാഥമികമായും മനുഷ്യമനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതുവിധത്തിലാണെന്ന് തിരിച്ചറിയുകയാണ്. സാഹിത്യനിരൂപകരെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇഴപിരിച്ചെടുക്കുന്നത് കഥയുടെ കാണാപ്പുറങ്ങളില്‍ ഒളിച്ചിരിക്കുന്ന ഇത്തരം മനശാസ്ത്രമാണല്ലോ.

കഥകള്‍ മനുഷ്യസ്വഭാവത്തിന്റെ ഏറ്റവും സൂക്ഷ്മതയെ പഠിക്കാനായി നമ്മെ സഹായിക്കുന്നു. ജോണ്‍ ഹോപ്പ്ക്കിന്‍സ് സര്‍വകലാശാലയിലെ സാഹിത്യപഠനത്തിലെ പ്രഫസറായിരുന്ന ജോസഫ് കാരള്‍ നടത്തിയ ഒരു പഠനമുണ്ട്. വിക്ടോറിയന്‍ നോവലുകളില്‍ നിന്ന് 144 കഥാപാത്രങ്ങളെ അദ്ദേഹവും കൂട്ടരും തിരഞ്ഞെടുത്തു. 500 വായനക്കാര്‍ ഈ കഥാപാത്രങ്ങളെ തങ്ങളുടെ വായനാവേളയില്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതായിരുന്നു പ്രധാന അന്വേഷണ വിഷയം. ആ കഥാപാത്രങ്ങളുടെ വ്യക്തിത്വം, ഉദ്ദേശ്യലക്ഷ്യങ്ങള്‍, അവര്‍ ഇണയെ തിരഞ്ഞെടുക്കുന്ന വിധം തുടങ്ങിയ കാര്യങ്ങളൊക്കെ വായനക്കാരന്‍ എങ്ങനെയാണ് ഉള്‍ക്കൊളള്ളുന്നത് തുടങ്ങിയവ.

ഓരോ വായനക്കാരനും മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ട് നമ്മളും അവരും എന്ന് വേര്‍തിരിക്കപ്പെട്ട ബോധത്തിന്റെ പിന്‍ബലത്തിലാണ് വായന നടത്തുന്നത് എന്നതായിരുന്നു ആ പഠനത്തിന്റെ ആത്യന്തിക നിഗമനം. കഥയിലെ മുഖ്യകഥാപാത്രത്തെയും അയാളെ അനുകൂലിക്കുന്നവരെയും സ്വന്തം കൂട്ടത്തില്‍പ്പെടുത്തിക്കൊണ്ടാണ് വായന മുന്നോട്ടുപോവുക. ആ കൂട്ടത്തിന്റെ സുസ്ഥിരമായ നിലനില്പിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുറംകൂട്ടമായിട്ടാണ് മുഖ്യ കഥാപാത്രത്തിന്റെ പ്രതിയോഗിക്കും അയാളുടെ അനുകൂലികള്‍ക്കും വായനക്കാരന്റെ മുന്നിലെ സ്ഥാനം. തന്റെ മുന്നില്‍ എത്തിപ്പെടുന്ന മനുഷ്യരെ മുഴുവനും തന്റെ ആശയഗതിക്ക് അകത്തും പുറത്തുമായി വേര്‍തിരിക്കുന്ന അടിസ്ഥാന സ്വഭാവം മനുഷ്യനുണ്ട്. കൂട്ടത്തോട് ചേര്‍ന്നു നിന്നുകൊണ്ട് മാത്രമേ മനുഷ്യന്‍ അതിജീവനം സാധ്യമാകൂ.

തുടക്കത്തില്‍ പറഞ്ഞ നൂറു രൂപ പരീക്ഷണത്തെ കുറിച്ച് നമുക്കിവിടെ ഒരിക്കല്‍ക്കൂടി ചിന്തിക്കാം. രണ്ടാമന്‍ തനിക്ക് മാന്യമായ പരിചരണം കിട്ടിയില്ല എന്ന വൈകാരികാവേശത്താല്‍ അത്ര യുക്തിപരമല്ല എന്നു പറയാവുന്ന ഒരു തീരുമാനം എടുക്കുന്നത് നാം കണ്ടു. എന്നാല്‍ സാമൂഹിക ജീവിതത്തെ നിലനിര്‍ത്തുന്ന ഒരു പ്രധാനപ്പെട്ട യുക്തിബോധം വ്യക്തികളില്‍ പ്രവര്‍ത്തിക്കുന്നത് നമുക്ക് അതില്‍ കാണാം.

നിസ്വാര്‍ത്ഥതയെ പ്രോത്സാഹിപ്പിക്കുകയും സ്വാര്‍ത്ഥതയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യണം എന്ന ബോധമാണത്. വ്യക്തി വൈകാരികമായി എടുക്കുന്ന തീരുമാനത്തിനു പിന്നില്‍ അതിജീവനത്തിന്റെ ഒരു വിശാലമായ യുക്തിബോധം നിലനില്ക്കുന്നത് നമുക്കങ്ങനെ കാണാനാകും. കൂട്ടങ്ങളായുള്ള അതിജീവന പ്രക്രിയയുടെ വിരല്‍പാടുകളാണ് നമ്മുടെ വൈകാരിക പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. ഏതെങ്കിലും ഒരു കൂട്ടത്തോട് ചേര്‍ന്നു നില്ക്കുകയും ആ കൂട്ടത്തെ നിലനിര്‍ത്തുന്ന ആശയസംഹിതയെ പരമപ്രധാനമെന്ന് കരുതുകയും അതിനുനേരെ നടക്കുന്ന കടന്നാക്രമണങ്ങളെ മുഴുവനും അസാന്മാര്‍ഗ്ഗികമെന്ന് മുദ്രകുത്തി എതിര്‍ക്കുകയും ചെയ്യും മനുഷ്യന്‍. മനുഷ്യമൂല്യങ്ങളുടെ ഉറവിടം തന്നെ ഇത്തരത്തില്‍ കൂട്ടങ്ങളെ അതിന്റെ ആത്യന്തികഭാവത്തില്‍ തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണെന്ന് കാണുന്ന ചിന്താപദ്ധതികളുമുണ്ട്.

മനുഷ്യസമൂഹങ്ങളുടെ ക്രയവിക്രയ രീതികള്‍, ജൈവാവബോധത്തെ പരിപോഷിപ്പിക്കുന്ന സംഗതികള്‍ തുടങ്ങി അനവധി കാര്യങ്ങള്‍ നമുക്ക് ആരും പഠിപ്പിച്ചുതരാതെതന്നെ നാം പഠിക്കുന്നുണ്ട്. അധ്യാപകര്‍ക്കോ മാതാപിതാക്കള്‍ക്കോ ഒന്നും നമ്മെ നേരിട്ട് പഠിപ്പിക്കാനാവാത്ത ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്ന തൊഴില്‍ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നു; കഥകള്‍. നമ്മള്‍ ആരെയൊക്കെ ഭയപ്പെടണം, ആരെയൊക്കെ സൂക്ഷിക്കണം, ആരോടൊക്കെ കൂട്ടുകൂടണം, ഏതേതു വഴികളിലൂടെ സഞ്ചരിക്കണം, ഇണയെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കേണ്ടതെന്തൊക്കെ എന്നുതുടങ്ങി ഒരായിരം കാര്യങ്ങള്‍ കഥകള്‍ നേരിട്ടുപറയാതെ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കും. വിവരങ്ങളെ ഗുളിക രൂപത്തിലാക്കി ഉപദേശരൂപേണയല്ല കഥകള്‍ നമുക്കു തരുന്നത്. അനുഭവങ്ങളുടെ വൈകാരികാവസ്ഥ സൃഷ്ടിക്കുന്നതിലൂടെയാണ് കഥകള്‍ അതുചെയ്യുന്നത്. മനുഷ്യന്റെ വൈകാരിക ജീവിതത്തോട് കഥകള്‍ അത്രമേല്‍ അടുത്തുനില്ക്കുന്നത് അറിവുകളെ വൈകാരികവ്യവസ്ഥയുടെ സഹായത്തോടെ രൂപപ്പെടുത്താന്‍ അവ നമ്മെ സഹായിക്കുന്നതുകൊണ്ടാണ്. ഒരു നല്ല നോവലിന്റെൂ വായന ഒരു ജീവിതം ജീവിച്ചുതീര്‍ത്ത അനുഭവം നമുക്ക് തരുന്നത് അതുകൊണ്ടാണ്.

അവനവന്‍ സ്വയം ഉള്‍ക്കൊണ്ടിരിക്കുന്ന അപക്വതയില്‍ നിന്നുള്ള ജ്ഞാനോദ്ദീപനത്തിനാണ് കഥയുടെ വൈകാരികാനുഭവം വഴിവെക്കുന്നത്. മറ്റൊരാളുടെ ഉപദേശത്താലോ മാര്‍ഗ്ഗനിര്‍ദ്ദേശത്താലോ അല്ലാതെ സ്വന്തം മനസ്സിലാക്കലുകളെ ഉപയോഗപ്പെടുത്താനുള്ള ശേഷിയുടെ അഭാവത്തെയാണ് അപക്വത എന്ന് പറയുന്നത്. ഇമ്മാനുവല്‍ കാന്റ് ‘what is enlightenment’ല്‍ 1784-ല്‍ എഴുതിയത് ഈ അപക്വത മനസ്സിലാക്കലിന്റെ അപര്യാപ്തതയില്‍ നിലനില്ക്കുന്നതല്ല, മറിച്ച് ആ അറിവിനെ മറ്റുള്ളവരുടെ മാര്‍ഗനിര്‍ദ്ദേശമില്ലാതെ മനനം ചെയ്യാനും ഉപയോഗിക്കാനും ഉള്ള ധൈര്യക്കുറവില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നാണ്. അനുഭവം ആണ് നമുക്ക് ആ ധൈര്യത്തെ തരുക. കഥകള്‍ ജ്ഞാനോദ്ദീപനത്തിന്റെ. ഉപധിയാവുന്നത് അനുഭവങ്ങളുടെ ഖനിയാണ് അവ എന്നതിനാലാണ്.

Comments are closed.