ഈ ആള്‍കുരങ്ങിനെ നിങ്ങള്‍ എന്തുകൊണ്ട് കണ്ടില്ല ?
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന കാറുകളില്‍ ബ്ലൂടൂത്ത് സംവിധാനം ഉണ്ട്. അതായത് നിങ്ങളുടെ സെല്‍ഫോണില്‍ വരുന്ന കോളുകള്‍ ബ്ലൂടൂത്ത് വഴി കാറിന്റെ സ്പീക്കറിലേയ്ക്ക് ഓട്ടോമാറ്റിക്ക് ആയി കണക്ട് ചെയ്ത് നിങ്ങള്‍ക്ക് യഥേഷ്ടം സംസാരിക്കാം. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോഴുള്ള മുഷിപ്പും ഒഴിവാക്കാം. പോലീസ് പിടിക്കുകയുമില്ല.
അപ്പോള്‍ അതാ വേറൊരു പൊല്ലാപ്പ്. ഡ്രൈവ് ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് അപകടം ഉണ്ടാകുന്നില്ലെങ്കില്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെടുന്നു. എന്നാല്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ബ്ലൂടൂത്ത് വഴി സംസാരിച്ചാലും കേസെടുക്കുമെന്നാണ് കേരളാ പൊലീസ് പറയുന്നത്.
വാസ്തവത്തില്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് ഹാന്‍ഡ്‌സ് ഫ്രീ മോഡില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്‌നമുണ്ടോ?
ഉണ്ട് എന്നതാണ് വാസ്തവം.
എനിക്ക് ഒരേസമയം പല കാര്യങ്ങളും ചെയ്യുവാന്‍ സാധിക്കും. ഞാന്‍ മള്‍ട്ടി ടാസ്‌ക് ചെയ്യുവാന്‍ സമര്‍ത്ഥന്‍ ആണ് എന്നും കരുതുന്നവരാണ് പലരും. പക്ഷെ സത്യം അങ്ങനെയല്ല. നമ്മുടെ മസ്തിഷ്‌കത്തിന് ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ നമ്മുടെ മസ്തിഷ്‌കം ബാച്ച് പ്രോസസ്സിംഗ് ആണ് ചെയ്യുന്നത്. അതായത് ഒരേസമയം പല കാര്യങ്ങളും നമുക്ക് ചെയ്യുവാന്‍ സാധിക്കുമെങ്കിലും, അവിടെ നമ്മുടെ പൂര്‍ണമായ ശ്രദ്ധ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ഇടവിട്ട് കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ബ്രെയിന്‍ എന്ന മൈക്രോ പ്രോസസ്സറിന് മള്‍ട്ടിടാസ്‌ക്കിനുള്ള കഴിവ് ഇല്ലേയില്ല.
വാഹനം ഓടിച്ചുകൊണ്ട് ഫോണില്‍ സംസാരിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്കുള്ള ശ്രദ്ധയും വണ്ടിയോടിക്കാനുള്ള ശ്രദ്ധയും ഒരേസമയം കിട്ടുന്നില്ല എന്നര്‍ത്ഥം. ഈ രണ്ടു കാര്യങ്ങള്‍ക്കും വേണ്ട ശ്രദ്ധ നമ്മുടെ മസ്തിഷ്‌കം മാറിമാറി അലോട്ട് ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ സംസാരത്തിലും ഡ്രൈവിങ്ങിലുമായി മാറിമാറി നില്‍ക്കുകയാണ് ചെയ്യുന്നത്.
പ്രധാനപ്പെട്ട മറ്റൊരു കാര്യം നോക്കാം. നമ്മുടെ കണ്‍മുന്നില്‍ ഒരു വസ്തു പതിയുന്നത് കൊണ്ടുമാത്രം നമ്മള്‍ അത് കാണണം എന്നില്ല. അത് മസ്തിഷ്‌കം പ്രോസസ് ചെയ്താല്‍ മാത്രമേ അത് കാഴ്ച എന്ന അനുഭവമാകൂ. ഒരുപാട് പ്രോസസ്സുകളുടെ ആകെത്തുകയായാണ് നമ്മള്‍ ഒരു വസ്തുവിനെ കണ്ടു മനസ്സിലാക്കുന്നത്.
നിങ്ങള്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വണ്ടി ഓടിക്കുകയാണ്. നിങ്ങളുടെ ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള ആള്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കുവാനും, അത് ആസ്വദിക്കുവാനും അതിന് മറുപടി പറയുവാനും ഒരുപാട് മസ്തിഷ്‌ക ഊര്‍ജ്ജം ആവശ്യമാണ്. ഈ സമയത്തു നിങ്ങളുടെ വണ്ടിക്ക് കുറകെ ഒരു ഒരു കുട്ടി വിലങ്ങു ചാടുന്നു. നിര്‍ഭാഗ്യവശാല്‍ ആ മൈക്ക്രോസെക്കന്റില്‍ നിങ്ങളുടെ മസ്തിഷ്‌കം സംസാരത്തിന്റെ ശ്രദ്ധയിലോ, ഫോണില്‍ നിന്ന് റോഡിലേയ്ക്ക് ശ്രദ്ധ മാറ്റുന്ന നിമിഷത്തിലോ ആണെങ്കില്‍ ആ കുട്ടി നിങ്ങളുടെ കണ്‍മുന്നില്‍ പെട്ടാലും നിങ്ങള്‍ അത് കാണില്ല. അപകടം ഉറപ്പുമാണ്. ഇതിനാണ് Inattentional Blindness എന്ന് പറയുന്നത്.
നമ്മുടെ നിരീക്ഷണപാടവത്തെക്കുറിച്ചും നമ്മള്‍ നോക്കി മനസിലാക്കുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം നമുക്ക് വലിയ ആത്മവിശ്വാസമാണ് ഉള്ളത്. ഒരു ക്യാമറ പോലെ നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മള്‍ ഒപ്പിയെടുക്കുന്നു എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍ ആളുകളും. എന്നാല്‍ നമ്മുടെ കണ്ണില്‍ തെളിയുന്ന കാര്യങ്ങളില്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. കാണുന്ന കാര്യങ്ങളില്‍ വളരെ കുറച്ചുമാത്രമേ പ്രോസസ് ചെയ്യുന്നുള്ളൂ. പ്രോസസ് ചെയ്യുന്ന കാര്യങ്ങളില്‍ കുറച്ചു മാത്രമേ നമ്മുടെ ബോധമനസ്സില്‍ എത്തുന്നുള്ളൂ. അതിലും വളരെ കുറച്ചാണ് നമ്മുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത്.
ഒരു ജനക്കൂട്ടത്തിനിടയില്‍ ഒരു പ്രത്യേക സംസാരമോ സ്വരമോ നിങ്ങള്‍ ശ്രദ്ധിക്കുന്നു എന്നിരിക്കട്ടെ. ആ സമയത്ത് മറ്റുള്ള ഭൂരിപക്ഷം കാര്യങ്ങളെയും നിങ്ങള്‍ ശ്രദ്ധിക്കില്ല എന്നു മാത്രമല്ല അവ നിങ്ങളുടെ ശ്രദ്ധാ പരിസരത്തുകൂടി കയറിയിറങ്ങിപ്പോയാലും, പലപ്പോഴും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുകയുമില്ല. ശ്രദ്ധയില്‍പ്പെടാത്തതുകൊണ്ടുള്ള അന്ധത (Inattentional blindness) എന്ന പ്രതിഭാസമാണ് ഇത്. നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന കാര്യങ്ങളില്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. മനഃശാസ്തജ്ഞരായ ഡോക്ടര്‍ ഡാനിയല്‍ സൈമണ്‍, ഡോ.ക്രിസ്റ്റഫര്‍ ചാബിസ് എന്നിവര്‍ ഇതൊരു പരീക്ഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്.
അദൃശ്യനായ ഗൊറില്ല
വെളുത്ത വസ്ത്രവും കറുത്ത വസ്ത്രവും ധരിച്ച ഒരുകൂട്ടം വിദ്യാര്‍ത്ഥികളോട് ഒരു ബാസ്‌ക്കറ്റ് ബോള്‍ പരസ്പരം കൈമാറിക്കൊണ്ടിരിക്കുവാന്‍ ആവശ്യപ്പെടുന്നു. കറുത്തവസ്ത്രം ധരിച്ച് ആളുകള്‍ എത്ര തവണ പന്ത് കൈമാറി എന്ന് എണ്ണുവാന്‍ കണികളോട് ആവശ്യപ്പെടുന്നു. ഇതിനിടയില്‍ ആള്‍ക്കുരങ്ങിന്റെ വസ്ത്രം ധരിച്ച ഒരാള്‍ ഇവരുടെ ഇടയിലൂടെ കടന്നുപോകുന്നു. ഈ വീഡിയോ കാണുന്നവരില്‍ എത്രപേര്‍ ആള്‍ക്കുരങ്ങിനെ കണ്ടു എന്ന് ചോദിക്കുമ്പോള്‍ 50% ആളുകളും അങ്ങനെയൊരു ആള്‍ക്കുരങ്ങ് വന്നുപോയതായി കണ്ടിട്ടില്ല. ഈ വീഡിയോ യുട്യൂബിലുണ്ട് (The Invisible Gorilla).
നിങ്ങളുടെ കാഴ്ച എന്നുപറയുന്നത് വാസ്തവത്തില്‍ ഒരു താക്കോല്‍ദ്വാര വീക്ഷണം മാത്രമാണ്. പ്രത്യേകിച്ചും നിങ്ങള്‍ ഒരു കാര്യത്തില്‍ തന്നെ ഏകാഗ്രതയിലായിരിക്കുമ്പോള്‍. അതിന്റെ അര്‍ത്ഥം തികച്ചും റിലാക്‌സ് ആയിരിക്കുമ്പോള്‍ നിങ്ങള്‍ എല്ലാം കാണുന്നുവെന്നല്ല. പല കാര്യങ്ങളും നമ്മുടെ കാഴ്ചയ്ക്ക് മുന്നില്‍ വരികയും നമ്മളുടെ നോട്ടം അതില്‍ പതിയുകയും ചെയ്തിട്ടുണ്ടാവും. പക്ഷെ ഇതില്‍ തന്നെ പല കാര്യങ്ങളും നമ്മുടെ ഓര്‍മ്മയുടെ തലംവരെ എത്താതെ പോകുന്നു. പക്ഷേ ഇത് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നല്ല. മാത്രമല്ല നമ്മള്‍ കണ്ട പലതും നമ്മള്‍ കണ്ടില്ല എന്ന് വിശ്വസിക്കുക പ്രയാസവുമാണ്.
വാഹനം ഓടിക്കുമ്പോള്‍ മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പലപ്പോഴും ഒരു സഹായമാണ്. അയാളുടെ രണ്ടു കണ്ണുകളുടെ ആനുകൂല്യവും കൂടി നിങ്ങള്‍ക്ക് ലഭിക്കും. പക്ഷെ പിന്നിലുള്ളവരോട് സംസാരിക്കുമ്പോള്‍ ശ്രദ്ധ പതറുവാനുള്ള സാധ്യത കൂടുതലാണ്. പാട്ടു കേട്ട് വണ്ടി ഓടിക്കുമ്പോഴും പ്രശ്‌നമുണ്ട്. വളരെ ത്വരിത ഗതിയിലുള്ള സംഗീതം നിങ്ങള്‍ക്ക് അമിതാവേശം പകരുകയും അമിതവേഗം കൈകൊള്ളുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. ഓരോ വ്യക്തിയും കരുതുക ആര് സൂക്ഷിച്ചില്ലെങ്കിലും ഞാന്‍ സൂക്ഷിക്കും.
Comments are closed.