DCBOOKS
Malayalam News Literature Website

നിങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുമായി പ്രണയത്തിലാണോ ?

കേരളത്തിലെ അതിപ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നില്‍ ഞാന്‍ ഒരു സെമിനാര്‍ അവതരിപ്പിക്കുവാന്‍ പോയി. സെമിനാര്‍ വിഷയം സൈബര്‍ സൈക്കോളജി.

എന്റെ ക്ലാസ് തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു അധ്യാപകന്‍ സെമിനാര്‍ ഹാളിലേക്ക് കയറി വന്നു. ഫോണില്‍ നോക്കിക്കൊണ്ടാണ് അദ്ദേഹം കയറി വന്നത് തന്നെ. ഒത്ത നടുക്ക് ഒരു കസേര വലിച്ചിട്ട് അടുത്ത ഒരു മണിക്കൂര്‍ ഫോണില്‍ നിന്ന് മുഖമുയര്‍ത്താതെ അദ്ദേഹം ബാക്കിയുള്ളവര്‍ക്ക് മാതൃകയായി. ഫോണുകള്‍ ഉണ്ടാക്കുന്ന മാനസിക, സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കുന്നത് ഡിജിറ്റല്‍ ലോകത്തിന്റെ മാസ്മരികതയില്‍ നീന്തിത്തുടിച്ചുകൊണ്ടിരുന്ന അദ്ദേഹം കേട്ടിട്ടുണ്ടാകില്ല.

സെല്‍ഫോണ്‍/ഫെയ്‌സ്ബുക്ക് അഡിക്ഷന്‍ തന്നെയാണ് കുട്ടികളുടെ മുമ്പില്‍ ക്ഷണിക്കപ്പെട്ട ഒരു പ്രസംഗകനോട് ഇത്രയും അപമര്യാദയായി പെരുമാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് വേണം കരുതാന്‍.

ഫബ്ബിങ്(Phubbing) എന്നൊരു വാക്ക് വളരെ അടുത്താണ് ഓക്‌സ്ഫര്‍ഡ് ഡിക്ഷ്ണറിയില്‍ ചേര്‍ത്തത്. ഓസ്‌ട്രേലിയയിലെ മാക്ക്യുര്‍ ഡിക്ഷണറി (2012)യാണ് ഈ വാക്കിന്റെ ഉപജ്ഞാതാക്കള്‍. വളരെ അടുത്തുള്ള ആളുകളെ അതും സുഹൃത്തുക്കളെ പാടെ അവഗണിച്ചു ആയിരകണക്കിന് അകലെയുള്ള സൈബര്‍ സ്‌പെസിലുള്ള തന്റെ ഡിജിറ്റല്‍ സുഹൃത്തിനോട് സംവദിക്കുന്നതിനെയാണ് ഫബ്ബിങ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

മദ്യം, മയക്കുമരുന്ന് തുടങ്ങിയവുടെ പ്രഭാവത്തില്‍ സ്വയം മറന്ന് ചെയ്യുവാന്‍ പാടില്ലാത്ത പലതും ആളുകളും ചെയ്യും. സെല്‍ഫോണ്‍ അടിമത്വം മൂലം നമ്മള്‍ എന്തൊക്കെ അരുതായ്കകള്‍ ചെയ്യുന്നുവെന്ന് പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല. മനുഷ്യബന്ധങ്ങളില്‍ സാങ്കേതികവിദ്യയുടെ ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ അവ സാമൂഹിക ബന്ധങ്ങളില്‍ മാത്രമല്ല മാനസികാരോഗ്യത്തിലും മുറിവുകള്‍ സൃഷ്ടിക്കും. കുടുംബപ്രശ്‌നങ്ങളിലെ മൂന്ന് പ്രധാന കാരണങ്ങളില്‍ ലൈംഗികത, കുട്ടികള്‍, പണം എന്നിവയായിരുന്നുവെങ്കില്‍ ഇപ്പോള്‍ സെല്‍ഫോണാണ് പ്രധാനകാരണം.

കുടുംബബന്ധങ്ങളിലെ ചെറിയ സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലായ്മകളും തമാശകളും ഒന്നും ആസ്വദിക്കാനോ അവയെ വിലമതിക്കുവാനോ തയ്യാറാകാതെ എപ്പോഴും ഓണ്‍ലൈന്‍ ആയി നിന്ന് സാമൂഹ മാധ്യമങ്ങളിലെ തങ്ങളുടെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന കമന്റുകള്‍ പരിശോധിക്കുവാനും ലൈക്കുകള്‍ എണ്ണുവാനുമാണ് ഇപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വെമ്പുന്നത്. തങ്ങളുടെ ഡിജിറ്റല്‍ വ്യക്തിത്വം പരിപോഷിപ്പിക്കുവാന്‍ അവര്‍ കാണിക്കുന്ന ജാഗ്രത അവരുടെ കുടുംബഭദ്രതയെ തകര്‍ക്കുന്നത് അവര്‍ അറിയുമ്പോഴേയ്ക്കും വളരെ താമസിച്ചു പോയിരിക്കും.

ഫോണ്‍ വേണോ സെക്‌സ് വേണോ ?

നിങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുമായി പ്രണയത്തിലാണോ? അമേരിക്കയിലെ പ്രശസ്തമായ രണ്ടു സര്‍വ്വകലാശാലകള്‍ നടത്തിയ പഠനത്തില്‍ 75 % സ്ത്രീകളും തങ്ങളുടെ കുടുംബജീവിതത്തെ തെറ്റായ ദിശയിലേക്ക് സ്വാധീനിക്കുന്ന മൂന്നാം ശക്തിയായി സെല്‍ഫോണിനെ വിലയിരുത്തുന്നു.

സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന സ്വകാര്യത, എപ്പോഴും ലഭിക്കുന്ന ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ഫെയ്‌സ്ബുക്ക് ,ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളോടുള്ള ആസക്തി, ചാറ്റുകള്‍, ഏറ്റവും സുഗമമായ ആശയവിനിമയ സൗകര്യങ്ങള്‍ ,വിനോദ-ലൈംഗിക ഉത്തേജന ഉപാധികള്‍… അങ്ങനെ അവസരങ്ങളുടെ വലിയ ഒരു സാഗരം തന്നെ സെല്‍ഫോണ്‍ ചെറുപ്പക്കാര്‍ക്ക് തുറന്നുകൊടുക്കുന്നു.

ഫ്രാന്‍സില്‍ നടന്ന ഒരു സര്‍വ്വേയില്‍ 27 % യുവതികള്‍ തങ്ങള്‍ സെല്‍ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നതിനു വേണ്ടി സെക്‌സ് വരെ ഉപേക്ഷിക്കുവാന്‍ തയ്യാറാണെന്ന് പറയുന്നു. എന്നാല്‍ അതിലും രസകരവും, അതേസമയം ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തലുകള്‍ നടത്തിയത് ബ്രിട്ടണിലെ യുവതികളാണ്. 23% യുവതികള്‍ തങ്ങള് സെക്‌സിന്റെ സമയത്തുപോലും ഫെയ്‌സ്ബുക്ക് തിരയാറുണ്ട് എന്ന് വെളിപ്പെടുത്തി. ഇതില്‍നിന്നും ഒരുപാട് അകലെയൊന്നുമല്ല നമ്മുടെ നാട്ടിലെയും അവസ്ഥ. മുഖാമുഖാമുള്ള ഇടപെടലുകള്‍ തീര്‍ത്തും കുറഞ്ഞുവരുന്നു. പലപ്പോഴും വീടുകളില്‍ ഭക്ഷണം കഴിക്കുന്നതുപോലും സെല്‍ഫോണില്‍ നോക്കികൊണ്ടാണ്.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കിടപ്പുമുറിയിലെ പരിഭവങ്ങള്‍, നര്‍മ്മസല്ലാപങ്ങള്‍, ഫലിതങ്ങള്‍, സ്‌നേഹലാളനങ്ങള്‍ എല്ലാം ഇപ്പോള്‍ സെല്‍ഫോണും ഫെയ്‌സ്ബുക്കുംമൂലം അന്യംനിന്നുപോകുന്നു. ഇമെയിലുകള്‍, മെസ്സേജുകള്‍, ജോലിസംബന്ധമായ അറിയിപ്പുകള്‍, ട്വീറ്റുകള്‍, വാട്‌സ് ആപ്, മെസ്സേജുകള്‍, ഫെയ്‌സ്ബുക്ക്, ലൈക്കുകള്‍, കമന്റുകള്‍, ചര്‍ച്ചകള്‍, ഗ്രൂപ്പ് ചാറ്റുകള്‍, ഫലിതങ്ങള്‍, വീഡിയോകള്‍ അങ്ങനെ നൂറുകണക്കിന് കാര്യങ്ങളുമായി ഒരിക്കലും വിടുതല്‍ പ്രാപിക്കുവാന്‍ സാധിക്കാത്തവിധം സെല്‍ഫോണ്‍ നിങ്ങളെ വലിച്ചടുപ്പിക്കുന്നു.

ഈ അറുപതു വയസുള്ള കുഞ്ഞിന്റെ ഒരു കാര്യം!

ഹൊ! ഇവരുടെ ഈ നശിച്ച മൊബൈല്‍ഫോണ്‍ അഡിക്ഷന്‍ കാരണം ഞാന്‍ മടുത്തു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും മൊബൈല്‍ഫോണ്‍ കൈയ്യിലുണ്ട്. എന്താണ് ചെയ്യേണ്ടത്?

ഈ ചോദ്യം…എവിടെയും കേള്‍ക്കുന്നതാണ്. ഓ മനസിലായി…കുട്ടിയുടെ മൊബൈല്‍ഫോണ്‍ അഡിക്ഷനെ പറ്റിയുള്ള മാതാപിതാക്കന്മാരുടെ സ്ഥിരം വ്യാകുലത അല്ലെ ഇത്? ഇതില്‍ എന്ത് ഹേ ഇത്ര പുതുമ?

പക്ഷെ, ഇവിടെ ഈ ചോദ്യം ചോദിച്ചയാള്‍ തന്റെ മാതാപിതാക്കന്മാരുടെ മൊബൈല്‍ ഫോണ്‍ അഡിക്ഷനെ കുറിച്ചാണ് വ്യാകുലപെട്ടത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കൊച്ചുകുട്ടികള്‍ മുതല്‍ കൗമാരക്കാരും യുവജനങ്ങളുംവരെ മൊബൈല്‍ഫോണില്‍ കുത്തിയിരിക്കുന്നത് അവരുടെ സ്വന്തമായിട്ടുള്ള എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ ചെയ്യുവാന്‍ ആയിരിക്കും. അവര്‍ അത് ബാക്കിയുള്ളവര്‍ക്ക് അത്ര ശല്യമില്ലാതെ ചെയ്യുകയും ചെയ്യും. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍, ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യത് ലൈക്ക് വാരിക്കൂട്ടി അരി വാങ്ങുക, ചാറ്റിങ്ങ് പ്രേമസല്ലാപങ്ങള്‍ അങ്ങനെയങ്ങനെ…

എന്നാല്‍ പ്രായമായവരുടെ പ്രധാനവിനോദം വാട്‌സ്ആപ്പില്‍ വരുന്ന വീഡിയോ ഉറക്കെ പ്ലേ ചെയ്ത ചുറ്റുമുള്ളവര്‍ക്ക് അരോചകത്വം സൃഷ്ടിക്കുക എന്നതാണ്. എന്തു പറഞ്ഞാലും ശരി ചെറുപ്പക്കാരെ കാട്ടിലും കഷ്ടമാണ് പ്രായമുള്ളവരുടെ കാര്യം എന്ന് പറയേണ്ടിയിരിക്കുന്നു. പുതിയ സാങ്കേതികവിദ്യയെ ഇവര്‍ സ്‌നേഹിക്കുന്നു എന്നത് നല്ല കാര്യമാണ്. പക്ഷെ ഇവരുടെ കയ്യില്‍ കിട്ടിയ ഈ പൂമാല എങ്ങനെ ഉപയോഗിക്കണം എന്ന് ഇവര്‍ക്ക് അത്ര ഗ്രാഹ്യമില്ല. കഴിഞ്ഞദിവസം ആശുപത്രിയുടെ മുമ്പില്‍ ഒരു ചെറിയ കശപിശ…ഒരു സ്ത്രീ വാട്‌സാപ്പില്‍ വന്ന വീഡിയോ ഉറക്കെ വെച്ചത് ആസ്വദിച്ചു കോള്‍മയിര്‍ കൊള്ളുകയാണ്. അടുത്തുള്ളവര്‍ക്ക് മുഴുവന്‍ അലോസരം…ഒരു നഴ്‌സ് വന്നിട്ട് പറഞ്ഞു. ‘ആന്റീ…അല്പം ശബ്ദം കുറയ്ക്കൂ’. അവരുടെ ഭാവം മാറി. ഒരു ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആണവര്‍.

ബാക്കിയുള്ളവരെ അനുസരിപ്പിച്ചു മാത്രം ശീലമുള്ള, അങ്ങോട്ട് പറഞ്ഞു മാത്രം തഴക്കമുള്ള തന്നോട് ഒരാള്‍ കല്പിക്കുവാന്‍ വന്നിരിക്കുന്നുവോ? ആകെ കശപിശ. ചുറ്റുമുള്ളവര്‍ നഴ്‌സിനെ സപ്പോര്‍ട്ട് ചെയ്തു. നമ്മുടെ വടി വീശുവാനുള്ള അവകാശം അന്യന്റെ മൂക്കിന്റെ തുമ്പു തുടങ്ങുന്ന സ്ഥലത്തുതീരുന്നു എന്ന ബോധം ഒരു കാലത്തും ഇന്ത്യക്കാര്‍ക്ക് ഉണ്ടായിട്ടില്ല. നിങ്ങളുടെ ആസ്വാദനം മറ്റുളവര്‍ക്ക് അരോചകമാകുന്നു എന്ന് ചിന്തിക്കുവാന്‍ പോലും അവര്‍ക്കാകുന്നില്ല.

വാട്‌സ്ആപ് ഒരു അഖില വിജ്ഞാനകോശം

ഒരു നാരങ്ങ കഴിച്ചാല്‍ ക്യാന്‍സര്‍ മാറും, പച്ചവെള്ളം കുടിച്ചാല്‍ ഡയബറ്റിസ് ഭേദമാകും, ഫ്രൂട്ടിയില്‍ എയ്ഡ്‌സ് രോഗത്തിന്റെ വൈറസ് കലര്‍ത്തി, മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കൊണ്ട് മുട്ട പുഴുങ്ങാം, നാരങ്ങാനീരും കൊഞ്ചും കഴിച്ചു സ്ത്രീ മരിച്ച വാര്‍ത്ത, ലക്ഷ്മിതരുവിന്റെ അപാരശക്തി അങ്ങനെ വിഡ്ഢിത്തരങ്ങളുടെയും വ്യാജവാര്‍ത്തകളുടെയും ഭയപെടുത്തലുകളുടെയും തെറ്റായ മെഡിക്കല്‍ അറിവുകളുടെയും ദുര്‍ഭൂതങ്ങളെ ഏറ്റവും അധികം വാട്‌സ്ആപ്പ് എന്ന മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് കൗമാരക്കാരോ യുവജനങ്ങളോ അല്ല. ഇതിന്റെ ഒക്കെ ഹോള്‍സെയില്‍ ഡീലേഴ്‌സ് ഒരു 40 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. അറിവില്ലാത്തവരോ വിദ്യാഭ്യാസമില്ലാത്തവരോ മാത്രമല്ല ഇങ്ങനെയുള്ള അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇവരില്‍ അധ്യാപകരും പ്രൊഫസര്‍മാരും ഡോക്ടര്‍മാരും എല്ലാം ഉണ്ട്.

പലകാര്യങ്ങളിലും ഒരുപക്ഷേ കുട്ടികള്‍ മാതാപിതാക്കന്മാരെയും, മുതിര്‍ന്നവരെയും തിരുത്തേണ്ട ഒരു അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു.

ശേഷിച്ച നല്ല സമയം ഫോണിന് സമര്‍പ്പയാമി

സെല്‍ഫോണിന് ഏറ്റവും കൂടുതല്‍ അഡിക്ട് ആയിട്ടുള്ളത് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരാണ്. ധാരാളം സമയം, പെന്‍ഷന്‍, വൈകിക്കിട്ടിയ സമ്പൂര്‍ണമായ വിലക്കുകള്‍ ഒന്നുമില്ലാത്ത അതിരുകളില്ലാത്ത ഒരു ലോകം പ്രധാനം ചെയ്യുന്ന ഈ കളിപ്പാട്ടത്തെ ഇവര്‍ പ്രണയിക്കുന്നു. കുട്ടികളും, പേരക്കിടാങ്ങളുമായി ചിലവഴിക്കുവാന്‍ കിട്ടുന്ന സമയമെല്ലാം ഇവര്‍ നഷ്ടപെടുത്തുന്നു. ഇതുണ്ടാക്കുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ വേറെ. ഈ പൂച്ചക്ക് മണി കെട്ടുവാന്‍ ബുദ്ധിമുട്ടാണ്.

അടുത്ത തവണ നിങ്ങളുടെ സുഹൃത്ത് നിങ്ങളോട് സംസാരിക്കാതെ ഫോണില്‍ ചിക്കി ചികയുമ്പോള്‍ ധൈര്യപൂര്‍വം പറയുക, ദയവു ചെയ്ത് ഈ ഫബ്ബിങ് ഒന്ന് നിര്‍ത്തുമോ?

Comments are closed.