DCBOOKS
Malayalam News Literature Website

ചത്തത് കീചകന്‍ ആയതുകൊണ്ടുമാത്രം ഭീമന്‍ കൊലപാതകി ആകുമോ?

പീപ്പിള്‍സ് ടെമ്പിള്‍ ഒരു അമേരിക്കന്‍ ആത്മീയവിഭ്രാന്തി ദുരന്തം

1955-ല്‍ ജിം ജോണ്‍സ് എന്ന ആത്മീയഗുരു അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തില്‍ ആരംഭിച്ച ആത്മീയപ്രസ്ഥാനമായിരുന്നു പീപ്പിള്‍സ് ടെമ്പിള്‍ അല്ലെങ്കില്‍ ജനങ്ങളുടെ ക്ഷേത്രം. സോഷ്യലിസത്തിന്റെയും ക്രിസ്തുമതത്തിന്റെയും കമ്മ്യൂണിസത്തിന്റെയും സാമൂഹ്യസമത്വത്തിന്റെയും ആശയങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച ഈ പ്രസ്ഥാനം ആദ്യകാലത്ത് ഒരുപാട് നന്മകള്‍ ചെയ്തു മുന്നേറി. എന്നാല്‍ ക്രമേണ ജിംജോണ്‍സ് ക്രിസ്തുവിന്റെ ഒരു അവതാരം എന്ന നിലയിലേക്ക് മാറുകയും നിയമവിരുദ്ധമായ പല പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും, അവസാനം അമേരിക്കന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തു.

ഗയാനയിലെ ജോണ്‍സ് ടൗണ്‍ എന്ന സ്ഥലത്തേയ്ക് ജിം തന്റെ കമ്മ്യുണ്‍ മാറ്റിയിരുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ അധികം താമസിക്കാതെ അറസ്റ്റിലാകുമെന്ന് ജിം മനസിലാക്കി. പിടികൊടുക്കാതെ ആത്മഹത്യ ചെയ്യുവാന്‍ അയാള്‍ തീരുമാനിക്കുന്നു. പക്ഷെ വെറുതെ ഒരു സാധാരണ ആത്മഹത്യ ആയിരുന്നില്ല അത്. തനിക്കൊപ്പം താന്‍ പറയുന്ന രീതിയില്‍ മരിക്കുന്ന എല്ലാവര്‍ക്കും ജിം ആകര്‍ഷകമായ പറുദീസ ഉറപ്പ് നല്‍കി. 1978 നവംബര്‍ 17-ന് തന്റെ അനുയായികളോട് സയനൈഡ് കലര്‍ത്തിയ മുന്തിരിച്ചാറിന്റെ ചുവയുള്ള വിശുദ്ധ പാനീയം കുടിക്കുവാന്‍ ജിം ആവശ്യപ്പെട്ടു. 918 പേരാണ് അന്ന് കൂട്ട ആത്മഹത്യ ചെയ്തത്. അത് ഒരു വിശ്വാസത്തിന്റെ പേരില്‍ മാത്രം.

ഒരു ഓസ്‌ട്രേലിയന്‍ മനോരോഗഗാഥ

ഇന്ത്യപോലൊരു കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ രണ്ടുപേരുടെ മനോവിഭ്രാന്തി എന്നത് ഒരു കുടുംബത്തിനു മുഴുവന്‍ വിഭ്രാന്തിയായി കൂടായെന്നില്ല. ഓസ്‌ട്രേലിയയില്‍ ഇതുപോലെതന്നെ ഒരു സംഭവമുണ്ടായിട്ടുണ്ട്. ഒരു മനോവിഭ്രാന്തിയെ തുടര്‍ന്ന് തങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന് മാര്‍ക്ക് ട്രോമ്പ് എന്ന കുടുംബനാഥനുണ്ടാവുകയും ആ ചിന്ത സത്യമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും വിശ്വസിക്കുകയും ചെയ്യുന്നു. തങ്ങളെ ആരോ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന ഭീതിയില്‍ കുറേനാള്‍ അവരെല്ലാം തങ്ങളുടെ വീട്ടിനുള്ളില്‍ കഴിഞ്ഞുകൂടി. ഭയത്തിന്റെ പാരമ്യത്തില്‍ അവര്‍ അവസാനം വീടുവിട്ട് അലയുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ രണ്ടു മക്കള്‍ തിരിച്ച് വീട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നു.ഈ കുടുംബത്തെ മുഴുവന്‍ സാമൂഹ്യപ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് മാനസികമായി പുനരധിവസിപ്പിക്കുകയും അവര്‍ ഇപ്പോള്‍ സന്തോഷകരമായി ജീവിക്കുകയും ചെയ്യുന്നു.

ഒരു കേരളീയ മനോവിഭ്രാന്തി ഗാഥ

തന്നെ ലോകത്തിന്റെ പല ഭാഗത്തുള്ളവര്‍ പ്രണയിക്കുന്നുവെന്നും തന്നെ ലൈംഗികമായി കീഴടക്കുവാന്‍ സാധിക്കാത്തതിനാല്‍ തന്റെ പെണ്‍മക്കളെ അവര്‍ കുടുക്കുവാന്‍ അവര്‍ നോക്കിയിരിക്കുകയാണ് എന്നും വിശ്വസിച്ചിരുന്ന ഒരു കോളേജ് പ്രൊഫസര്‍ എന്നെ കാണുവാന്‍ എത്തിയിരുന്നു. അവരുടെ ചിന്തകളെ മാറ്റിയെടുക്കാന്‍ കുറച്ചു കാലങ്ങള്‍ വേണ്ടിവന്നു. എന്നാല്‍ ‘അമ്മ പറയുന്നത് സത്യമാണ്’ എന്ന് വിശ്വസിച്ചു ഭയത്തിന്റെ മുള്‍മുനയില്‍ ജീവിച്ചിരുന്ന ആ പെണ്‍കുട്ടികളെ പെട്ടെന്ന് രക്ഷിച്ചെടുക്കുവാന്‍ എനിക്ക് സാധിച്ചു.

പങ്കുവയ്ക്കപ്പെടുന്ന മനോരോഗങ്ങള്‍ (ഷെയേര്‍ഡ് സൈക്കോസിസ്)

മനോരോഗങ്ങള്‍ ഒരു വ്യക്തിയില്‍ തുടങ്ങി കൂടെയുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കുന്ന ഒരു സാമൂഹിക പ്രതിഭാസമുണ്ട്. ഷെയേര്‍ഡ് സൈക്കോസിസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. രണ്ടു വ്യക്തികളുടെ മനോവിഭ്രാന്തികള്‍ എന്ന (ഫോലി അദു) എന്ന ഫ്രഞ്ച് പദമാണ് ഈ രോഗാവസ്ഥയുടെ യഥാര്‍ത്ഥ പേര്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിക്ക് ഒരു പ്രത്യേകതരം മിഥ്യാഭ്രമം ഉണ്ടാകുന്നു എന്ന് കരുതുക. ഉദാഹരണമായി തന്നെ അപായപ്പെടുത്തുവാന്‍ ഒരു പ്രത്യേക സംഘടനയോ വ്യക്തിയോ ശ്രമിക്കുന്നു എന്ന് ഒരു വ്യക്തി കരുതുന്നു. ഈ ചിന്തയോ സംശയമോ അയാള്‍ സമൂഹത്തില്‍ ആരോടും തുറന്ന് പറയുന്നില്ല. വളരെ നോര്‍മല്‍ ആയി ജീവിതം നയിക്കുന്ന അദ്ദേഹത്തിന് ഒരു പ്രശ്‌നവും ഉള്ളതായി പുറത്തുള്ളവര്‍ കരുതില്ല. വളരെ സൗഹാര്‍ദ്ദപരമായി, മാന്യമായി പെരുമാറുന്ന ആളായിരിക്കും.

എന്നാല്‍ തന്റെ കൂടെ ജീവിക്കുന്ന ഒരു സുഹൃത്തിനോടോ ജീവിതപങ്കാളിയോടോ മാത്രമയാള്‍ ഇക്കാര്യം തുറന്നു പറയുന്നു. ഇയാള്‍ പറയുന്ന കാര്യം തികച്ചും സത്യമാണെന്നു വിശ്വസിക്കുന്ന ഈ സുഹൃത്ത്/ പങ്കാളി ഇതേ സംശയങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുകയും അത് വിശ്വസിക്കുകയും ക്രമേണ അതൊരു മിഥ്യാഭ്രമത്തിന്റ അവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയും ഉണ്ട്. ചില സന്ദര്‍ഭങ്ങളില്‍ കുടുംബങ്ങള്‍ ഒന്നിച്ചു തന്നെ അദൃശ്യനായ ഈ വ്യക്തിയെ ഭയന്ന് ഒളിച്ചോടുകയോ ആത്മഹത്യ ചെയ്യുകയോ ഒക്കെ ചെയ്യാം. അപൂര്‍വ്വമായി മാത്രമാണ് ഇങ്ങനെയുള്ള ആളുകള്‍ മറ്റുള്ള വ്യക്തികളെ ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുള്ളത്.

മനോരോഗവിഭ്രാന്തി പകര്‍ന്നു നല്‍കുമ്പോള്‍

ഇന്ത്യയെ പോലെയുള്ള ഒരു സമൂഹത്തില്‍ ഭൂരിപക്ഷംപേരും ഭര്‍ത്താവ് അല്ലെങ്കില്‍ അച്ഛന്‍ പറയുന്നത് വേദവാക്യമായി പരിഗണിക്കുന്നവരാണ്. തങ്ങള്‍ക്ക് ഭാവി മുമ്പില്‍ കാണാന്‍ കഴിയുമെന്നും ദൈവത്തിന്റെ രുചി തിരിച്ചറിയാന്‍ സാധിക്കും എന്നൊക്കെ പറയുന്ന ചില വ്യക്തികളെയും അവര്‍ പറയുന്നത് മാത്രമാണ് സത്യമെന്ന് വിശ്വസിക്കുകയും ചെയ്യുന്ന കുടുംബങ്ങളെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അവര്‍ ഒരിക്കലും ചികിത്സ തേടില്ല.

ചിലര്‍ ലോകാവസാനത്തില്‍ വിശ്വസിക്കുമ്പോള്‍ ചിലര്‍ തങ്ങളെ അപായപ്പെടുത്തുവാന്‍ കാത്തിരിക്കുന്ന ശക്തികളെ ഭയപ്പെടുന്നു. ചിലര്‍ തങ്ങള്‍ക്ക് മനഃശക്തി കൊണ്ട് രോഗം മാറ്റാന്‍ സാധിക്കുമെന്നും ചിലര്‍ക്ക് മരിച്ചുപോയവര്‍ നല്‍കുന്ന സന്ദേശങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കുമെന്നും കരുതുന്നു. ഇത്തരത്തിലുള്ള മിഥ്യാഭ്രമങ്ങള്‍ മനഃശാസ്ത്രചികിത്സ കൂടാതെ മാറ്റുവാന്‍ അത്രയെളുപ്പത്തില്‍ സാധിക്കില്ലായിരിക്കാം. പക്ഷെ അവരുടെ കുടുംബത്തെ രക്ഷിച്ചെടുക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്.

ഭര്‍ത്താവ്/പിതാവ് പറയുന്നത് അതേപടി വിശ്വസിക്കുന്നത് ഒരു മനോരോഗമോ മിഥ്യാഭ്രമമോ ആകണമെന്നില്ല. അങ്ങനെയാണെങ്കില്‍ ചില ദിവ്യന്മാരുടെ തികച്ചും യുക്തിരഹിതമായ വചനങ്ങള്‍ അതേപടി വിശ്വസിക്കുന്നതും ചില നേതാക്കന്മാരുടെ വിഷലിപ്തമായ പ്രസംഗങ്ങള്‍ ശ്രവിച്ചു ഒരു ജനക്കൂട്ടത്തെ മുഴുവന്‍ കൊല്ലാന്‍വേണ്ടി വലിയൊരു ജനക്കൂട്ടം ഇറങ്ങിത്തിരിക്കുന്നതും മറ്റുചില അവസരങ്ങളില്‍ മരണത്തിനു ശേഷമുള്ള ജീവിതത്തിനുവേണ്ടി ഭൂമിയിലുള്ളവരെ കൊന്നൊടുക്കുവാന്‍ മടിക്കാത്തതുമൊന്നും മനോരോഗമായി ഇന്നേവരെ കണക്കാക്കപ്പെട്ടിട്ടില്ല.

ഒരു സമൂഹത്തില്‍ സാംസ്‌കാരികമായോ മതപരമായോ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ മനോരോഗത്തിന്റെ ഗണത്തില്‍ പെടുത്തിയിട്ടില്ല. ദിവ്യതയുള്ളവര്‍ എന്ന് സമൂഹം ചിന്തിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന മിഥ്യാ ദര്‍ശനങ്ങളെ ഇന്ത്യപോലൊരു സമൂഹത്തില്‍ മിഥ്യാദര്‍ശനമായോ മനോവിഭ്രാന്തിയായോ ആരും കരുതുന്നില്ല കേരളത്തിലെ വളരെ പ്രശസ്തനായ ഒരു വ്യക്തിക്ക് മരിച്ചുപോയ തന്റെ ഭാര്യയുമായി സംസാരിക്കാന്‍ സാധിക്കും എന്ന് പറഞ്ഞപ്പോള്‍ ആ വ്യക്തിയെപ്പോലെ ഉന്നതനായ ഒരു വ്യക്തി പറയുമ്പോള്‍ അത് സത്യമായിരിക്കും എന്ന് മിക്ക മലയാളികളും വിശ്വസിച്ചു. കൂടെ താമസിക്കുന്ന ആള്‍ മനോരോഗത്തിന്റെ പ്രവണതയുള്ള ആളാണെങ്കില്‍ ഈ ചിന്തകള്‍ അതുപോലെതന്നെ പടര്‍ന്നു സ്വന്തമായിത്തന്നെ ഒരു വിഭ്രാന്തിയായി തീരാം.

ചത്തത് കീചകന്‍ ആയതുകൊണ്ടുമാത്രം ഭീമന്‍ കൊലപാതകി ആകുമോ ?

ഷെയേര്‍ഡ് സൈക്കോസിസ് പൂര്‍ണമായ അര്‍ത്ഥത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തങ്ങളെ അപായപ്പെടുത്തുവാന്‍ ആളുകള്‍ ശ്രമിക്കുന്നുവെന്ന ചിന്ത, ആത്മീയാനുഭൂതികള്‍, മിഥ്യാദര്‍ശനങ്ങള്‍ ഇവയൊക്കെയാണ് എല്ലാ കേസുകളിലും പൊതുവായിട്ടുള്ള ലക്ഷണങ്ങള്‍.

വടക്കന്‍ ദില്ലിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി അത് ഷെയര്‍ സൈക്കോസിസ് എന്ന മാനസികാവസ്ഥയാണ് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.. വാസ്തവത്തില്‍ ഇതൊരു തിരക്ക് പിടിച്ച സാമാന്യവല്‍ക്കരണം(Hasty Generalization ) എന്ന ന്യായവൈകല്യം കൂടിയാണ്. ഈ കേസില്‍ മനഃശാസ്ത്രപരമായി കാരണങ്ങളൊക്കെ ഉണ്ടാവാമെങ്കിലും അത് ഷെയര്‍ സൈക്കോസിസ് എന്ന ഒരു അവസ്ഥയായി പൂര്‍ണമായി കരുതുവാന്‍ ആകില്ല. കാരണം മുന്‍പ് പറഞ്ഞതുപോലെ അവിടുത്തെ ഗൃഹനാഥനുണ്ടായ മാനസികവിഭ്രാന്തി ഒരു വെളിപാടായി കുടുംബങ്ങള്‍ തെറ്റിദ്ധരിച്ചതാകാം.

തിരക്കുപിടിച്ച സാമാന്യവല്‍ക്കരണം(Hasty Generalization ) എന്ന ലോജിക്കല്‍ ഫാലസി ബ്ലൂ വെയില്‍ എന്ന സങ്കല്‍പ്പ ഗെയിമിലും തിരുവനന്തപുരത്ത് നടന്ന കൂട്ടക്കൊലപാതകം ആസ്ട്രല്‍ പ്രൊജക്ഷനാണെന്നും നിഗമനം നടത്തിയിരുന്നു. ഇതൊരു എടുത്തുചാടിയെടുത്ത തെറ്റായ തീരുമാനമാണെന്ന് ആയിടയ്ക്ക് തന്നെ ഈ ലേഖകന്‍ എഴുതിയിരുന്നു.

Comments are closed.