തനിക്കു മാത്രമറിയുന്ന തന്റെ നിധിയിലേക്കുള്ള വഴിയറിയുന്നവന്‍!
തലമുറകള്‍ കൈമാറി വന്ന മഹാരഹസ്യമാകുന്നു ചവിട്ടിക്കടിയിലെ താക്കോല്‍. വീടു പൂട്ടി, ചവിട്ടി മെല്ലെ ഉയര്‍ത്തി അതിനടിയില്‍ താക്കോല്‍ ഒളിപ്പിച്ചശേഷം ധൈര്യമായി പുറത്തു പോകുന്ന വീട്ടുടമസ്ഥനു ഒന്നുറപ്പാണ്. ആര്‍ക്കുവേണ്ടി അതവിടെ വച്ചുവോ ആ ആള് തന്നെ അതു വന്നെടുക്കും. മറ്റാര്‍ക്കും കണ്ടെത്താനാവാത്ത നിഗൂഢകേന്ദ്രമായ ചവിട്ടിക്കടിയിലെ ഭൂമി വീട്ടുടമസ്ഥന്റെ മനസ്സിനു നല്കുന്ന സുരക്ഷാബോധം അപാരമാണ്. അതിനടിയില്‍ ആയിരം പാളികളുള്ള നിലവറകളുണ്ടെന്ന വിശ്വാസത്തിലാണ് അവന്‍ വീടുവിട്ടിറങ്ങുന്നത്. ഒരു വീടിന്റെ മുന്വതിലില്‍ നിന്നു 10 അടി അകലത്തിനുള്ളില്‍ കണ്ടെത്താവുന്നതാണ് അതിനുള്ളിലേക്കുള്ള പ്രവേശനരഹസ്യം എന്നത് ലോകമാസകലമുള്ള കള്ളന്മാര്‍ ആദ്യം പഠിക്കുന്ന പൊതുജ്ഞാനങ്ങളില്‍ ഒന്നാണ്. എങ്കിലും അതിഗുപ്തമായ ഈ ഒളിയിടം പതിറ്റാണ്ടുകള്‍ക്കുമുന്നേ കണ്ടെത്തിയ സുരക്ഷാവാഗ്ദാനമായി ഇന്നും നിലനില്ക്കുന്നു. റബ്ബറോ കയറോ കൊണ്ടുണ്ടാക്കിയ ആ സമചതുരത്തിന്നടിയില്‍ ഒരു വീടിന്റെ രഹസ്യമാകമാനം കുടിയിരിക്കുന്നു. സാമര്‍ഥ്യത്തില്‍ തന്നോളമെത്തില്ല സഹജീവികള്‍ എന്ന ആത്മവിശ്വാസമാണല്ലോ ഓരോ മനുഷ്യനെയും മുന്നോട്ടു കൊണ്ടുപോകുന്നത്. ആ വിശ്വാസം തന്നെയാണ് നിശ്ശങ്കമായ ഈ മഹാരഹസ്യത്തിനു പിന്നിലും എന്റെ മാത്രം തന്ത്രങ്ങളാണിതൊക്കെ എന്ന വിശ്വാസം.
ഒരു ഗൂഢവസ്തു മറച്ചുവക്കുന്നതിന്റെ യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ ചവിട്ടി ആരെയും നിസ്സംഗമായി നേരിടും. ജര്‍മന്‍ നോവലിസ്റ്റായ ബെന്‍ഹാഡ് ഷ്‌ലിങ്കിന്റെ ‘ദി റീഡര്‍’ എന്ന പുസ്തകത്തിലെ നായികയായ ഹന്നയുടെ മുഖത്തുള്ളതു പോലൊരു നിസ്സംഗത. താന്‍ എഴുത്തും വായനയും അറിയാത്തവളാണെന്ന് പുറം ലോകം അറിഞ്ഞാലുണ്ടാകുന്ന അഭിമാനക്ഷതത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ കുറ്റവാളിയല്ലെങ്കിലും കുറ്റമേറ്റെടുക്കുന്ന ഹന്ന. കയ്യക്ഷരം പരിശോധിക്കുന്ന നടപടിയിലേക്ക് കടക്കുന്ന കോടതിയെ ഞെട്ടിച്ചുകൊണ്ട് ഹന്ന കുറ്റമേറ്റെടുത്ത് ജയിലിലേക്ക് പോകാന്‍ തയ്യാറാവുന്നു. പഠിപ്പില്ലാത്തവള്‍ ആയതിനാല്‍ തനിക്ക് കിട്ടേണ്ട സൂപ്പര്‍വൈസര്‍ പദവിയും അവള്‍ വേണ്ടെന്ന് വയ്ക്കുന്നു, ജീവിതമുടനീളം ആ വലിയ രഹസ്യം ഉള്ളില്‍ പേറിക്കൊണ്ട് നടക്കുന്നതിന്റെ പരിഭ്രമം ആരും മനസിലാക്കാതിരിക്കുവാന്‍ അവള്‍ നിസ്സംഗത മുഖം മൂടിയാക്കുന്നു. ചവിട്ടിക്കറിയാം ഈ വീട്ടിലേക്കുള്ള ഏറ്റവും വലിയ രഹസ്യമാണ് താന്‍ മറച്ചുപിടിച്ചിരിക്കുന്നതെന്ന്. അതുകൊണ്ടത് ആ വലിയ രഹസ്യത്തിനു മുകളില്‍ നിസ്സംഗമായി കാവലിരിക്കുന്നു.
അല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ ‘റിയര്‍ വിന്റോ’ എന്ന സിനിമയില്‍ ഒടിഞ്ഞ കാലുമായി വീല്‍ ചെയറിലിരുന്ന് ജനാല വഴി അയലത്തെ ഫ്‌ലാറ്റിലേക്ക് ദൂരദര്‍ശിനി ഉപയോഗിച്ച് ഇടമുറിയാതെ നിരീക്ഷണം നടത്തുന്ന ജെഫ് എന്ന ഫോട്ടോഗ്രാഫറാണ് നായകന്‍. ഈ നേരമ്പോക്ക് ഒരു ശീലമായി മാറുകയും ജെഫിന്റെ മനുഷ്യ സഹജമായ ആകാംക്ഷകള്‍ ഒടുവില്‍ ഒരു വലിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നതിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ജെഫ് നടത്തുന്ന ഈ ഒളിഞ്ഞുനോട്ടം ആ അപ്പാര്‍ട്ട്‌മെന്റിലെ കുടുംബങ്ങളുടെ സ്വകാര്യതയോടുള്ള കൗതുകമാണ്. വേനല്‍കാലമായതിനാല്‍ എല്ലാ ജനാലകളും തുറന്നുകിടപ്പായിരുന്നു. അത് ജെഫിന്റെ ചാരപ്രവര്‍ത്തനത്തിനു ഉത്തേജനമായി. ഹിച്ച്‌കോക്കിന്റെ കാലൊടിഞ്ഞ ഫോട്ടോഗ്രാഫര്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അടുത്ത വീട്ടിലിരുന്ന് ആരെങ്കിലും നടത്തുന്ന ഒരു ബൈനോക്കുലര്‍ നിരീക്ഷണം മതി ചവിട്ടിക്കടിയിലെ ഈ ഒളിയിടം കണ്ടെത്തുവാന്‍. ഉടമസ്ഥന്‍ പോയ ശേഷം അയാള്‍ക്ക് ആ താക്കോല്‍ എടുക്കാന്‍ തോന്നിയാലും ഇല്ലെങ്കിലും ആ രഹസ്യത്തിന്റെ എല്ലാ ഗുപ്തതയും അവിടെ അവസാനിക്കുകയല്ലേ? ഇന്ന് സി.സി.ടി.വി കാമറകള്‍ വ്യാപകമാണെങ്കിലും അത്തരമൊരു ബൈനോക്കുലര്‍ ചാരനെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുതന്നെയായിരിക്കും. വാതില്‍ പൂട്ടി പോകുന്ന മനുഷ്യന്‍ അയാള്‍ പ്രതീക്ഷിക്കുന്നയാള്‍ തന്നെ അതു വന്നെടുക്കും എന്ന വിശ്വാസത്തിലാണ് അവിടെ നിന്ന് പോവുക. എന്നാല്‍ ആ വിശ്വാസത്തെ തെറ്റിച്ചുകൊണ്ട് ഈ ബൈനോക്കുലര്‍ ചാരന്‍ അത് വന്നെടുത്തെന്ന് കരുതുക. അയാള്‍ വീടിനുള്ളില്‍ കയറുന്നില്ല. പകരം ആ താക്കോല്‍ വീട്ടുമുറ്റത്തെ മാവിന്‌ചോട്ടില്‍ കുഴിച്ചിടുന്നു. പതിവ് സ്ഥലത്ത് നിന്ന് താക്കോല്‍ കണ്ടെടുക്കാനാവാതെ വിഷമിക്കുന്ന കുടുംബാംഗത്തെ ബൈനോക്കുലറിലൂടെ നോക്കി രസിക്കുന്ന ചാരന്‍. ഒടുവില്‍ കരുതല്‍ താക്കോല്‍ ഉപയോഗിച്ചു വീടു തുറക്കുന്ന കുടുംബം ഒന്നടങ്കം ചവിട്ടിക്കടിയില്‍ നിന്ന് അപ്രത്യക്ഷമായ താക്കോലിനായി തിരയുന്നു. അവര്‍ക്ക് ഒരിക്കലും കണ്ടെടുക്കാന്‍ സാധിക്കാത്ത ആ താക്കോല്‍ അടുത്ത മഴയില്‍ മണ്ണിനു മുകളിലേക്ക് പൊങ്ങി വരുമ്പോള്‍ അതിനെ എന്ത് പ്രതിഭാസമെന്നവര്‍ വിളിക്കും! ചവിട്ടിക്കടിയില്‍ ഭദ്രമായി വച്ച താക്കോല്‍ മനുഷ്യ ഇടപെടലില്ലാതെ എങ്ങനെ മണ്ണിനടിയിലെത്തി എന്നതിനു അവര്‍ നൂറു വ്യാഖ്യാനങ്ങള്‍ കണ്ടെത്തും. ജെഫിനെ പോലെ അന്വേഷണത്വര ഇല്ലാത്തവരെങ്കില്‍ അവര്‍ മരിക്കും വരെ അത്തരം പല കഥകള്‍ മെനഞ്ഞുമെനഞ്ഞ് ആശ്വസിക്കുകയേ വഴിയുള്ളൂ.
സുരക്ഷിതത്വം എന്നത് മനുഷ്യനിലനില്പ്പിന്റെ അതിപ്രധാന ഘടകങ്ങളില്‍ ഒന്നാണല്ലോ. ചവിട്ടിക്കടിയിലെ താക്കോലിലൂടെ അവന്‍ സംതൃപ്തിപ്പെടുത്തുന്നതും സുരക്ഷയുടെ ഉത്ക്കണ്ഠകളെതന്നെയാണ്. പക്ഷെ പ്രളയം വരുമ്പോള്‍ ഗതി മാറിയൊഴുകുന്ന ഒരു പുഴയുടെ മനോവിധിക്ക് അടിയറ പറയേണ്ടിവരുന്ന സംരക്ഷണകവചങ്ങളേ നാം കണ്ടെത്തിയിട്ടുള്ളൂ എന്നതാണ് വാസ്തവം. ‘എങ്കിലും സൂക്ഷിക്കാനുള്ളത് നമ്മള്‍ സൂക്ഷിക്കണം’ എന്ന പതിവ് മുത്തശ്ശി ഡയലോഗിന്റെ ആവര്‍ത്തനത്തിലൂടെ നാം അതെല്ലാം ഒതുക്കിയിടുന്നു. ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ ചെര്‍ണോബില്‍ ആണവദുരന്തം സംഭവിക്കുമ്പോള്‍ പ്രിപ്യാറ്റ് പ്രദേശത്തെ ജനങ്ങള്‍ നല്ല ഉറക്കത്തിലായിരുന്നു. പിറ്റേന്ന് ഉച്ചക്ക് 2 മണിക്ക് ഒഴിപ്പിക്കല്‍ നടപടികളിലേക്ക് അധികാരികള്‍ നീങ്ങും വരെ ഹാനികരമായ റേഡിയേഷനു വിധേയരാണെന്നറിയാതെ ആ നഗരം അതിന്റെ സ്വാഭാവികതകളില്‍ മുഴുകിയിരുന്നു. ദുരന്തം കഴിഞ്ഞ് 33 വര്‍ഷം പിന്നിടുമ്പോള്‍ ഒഴിഞ്ഞുപോയ വീടുകള്‍ പ്രേതങ്ങളായി മാറിയിരിക്കുന്നു, കുട്ടികള്‍ക്കുള്ള പാര്‍ക്കിലെ ജയന്റ് വീല്‍ ഒരു വലിയ ചിലന്തിവല പോലെ പ്രിപ്യാറ്റിനെ കെട്ടിവരിഞ്ഞു കൊണ്ടിരിക്കുന്നു. സുരക്ഷയെന്നാല്‍ അവര്‍ക്കും വീടിന്റെ വാതില്‍ നന്നായി പൂട്ടിയുറങ്ങുക എന്നതു തന്നെയായിരുന്നു. കണ്ണുകളാല്‍ കാണാനാകാത്ത ആ അപകടരശ്മികള്‍ക്ക് മുന്നില്‍ പതറിനിന്ന അവരും മറ്റാരെയും പോലെ ചവിട്ടിക്കടിയിലെ താക്കോല്‍ നല്കുന്ന സുരക്ഷയില്‍ വിശ്വസിക്കുന്നവര്‍ തന്നെയായിരുന്നിരിക്കുമല്ലോ.
ദീനങ്ങളുടെ ചക്രവര്‍ത്തിയായി മാറിക്കൊണ്ടിരിക്കുന്ന കാന്‍സര്‍ ശരീരത്തിലെ എത്ര കോശങ്ങളില്‍ പൂവിട്ടുതുടങ്ങിയെന്ന അറിവില്ലാതെ നാം സുരക്ഷയെക്കുറിച്ച് ചുറ്റുപാടും ഉപദേശങ്ങള്‍ വാരിയെറിയും. സ്വന്തം ശരീരത്തിലെ കോശങ്ങള്‍ തനിക്കെതിരെ ആക്രമണം അഴിച്ചുവിട്ടതറിയാതെ നാം യമനിലെ യുദ്ധം സ്‌ക്രീനില്‍ കണ്ട് വിലയിരുത്തുന്നു. ചവിട്ടിക്കടിയിലെ താക്കോലില്‍ സര്‍വ്വവും അര്‍പ്പിച്ച് പിന്തിരിഞ്ഞു നടക്കുമ്പോള്‍ ഉള്ളിലിരുന്ന് കൊഞ്ഞനംകുത്തി ചിരിക്കുന്ന അനുസരണംകെട്ട കോശങ്ങള്‍ പറയും നിന്റെ താക്കോല്‍ ഇനി എന്റെ കയ്യിലാണെന്ന്.
ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഒളിയിടങ്ങളില്‍ ഏറ്റവും പ്രായോഗികമായ ഒന്നാകുന്നു ചവിട്ടി. ജെ. ലീ തോംസണ്‍ സംവിധാനം ചെയ്ത ക്ലാസ്സിക് ചലച്ചിത്രമായ ‘മക്കെന്നാസ് ഗോള്‍ഡ്’ നിധിവേട്ടയുടെ കഥ പറയുന്നു. അപ്പാച്ചെകളുടെ ആത്മാക്കള്‍ സംരക്ഷിക്കുന്ന ഈ സ്വര്‍ണ്ണസമ്പത്തിനായി മോഹിച്ച് പല സംഘങ്ങളായി മനുഷ്യര്‍ ആ മലയിടുക്കിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. മക്കെന്ന എന്ന പോലീസ് മേധാവിയുടെ കയ്യില്‍ അവിടേയ്ക്കുള്ള ഭൂപടം കിട്ടുമ്പോള്‍ അയാളത് ഹൃദിസ്ഥമാക്കിയതിനു ശേഷം കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. അങ്ങനെ നിധിയുടെ ഒളിയിടം മക്കെന്നയുടെ തലച്ചോറിനുള്ളില്‍ മാത്രമായി. ചവിട്ടിക്കടിയില്‍ താക്കോല്‍ നിക്ഷേപിക്കുന്ന ഉടമസ്ഥനു മക്കെന്നയുടെ മനസ്സാണ്. തനിക്കു മാത്രമറിയുന്ന തന്റെ നിധിയിലേക്കുള്ള വഴിയറിയുന്നവന്‍!
Comments are closed.