DCBOOKS
Malayalam News Literature Website

എട്ടാം ക്ലാസ്സിലെ എന്റെ ആദ്യ പ്രണയലേഖനം…

അജിത് കുമാര്‍ ആര്‍.

അങ്ങ് പണ്ടുപണ്ട്…പ്രേമലേഖനങ്ങള്‍ ഔട്ട് ഓഫ് ഫാഷന്‍ ആകുംമുമ്പ്…മൊട്ടേന്ന് വിരിയാത്ത എട്ടാം ക്ലാസ്സില്‍ വച്ച് ഞാന്‍ ആദ്യത്തെ പ്രേമലേഖനം എഴുതി. അതും ക്ലാസ്സിലെ എറ്റവും വലിയ സുന്ദരിക്കായി. അല്ല, സ്‌കൂളിലെതന്നെ എറ്റവും വലിയ സുന്ദരിക്കായി.

ഇതിന്റെയൊക്കെ തുടക്കം അഗാധമായ ഒരു കൊതിയില്‍ നിന്നാണ്. സൈക്കിളിന്റെ പുറകില്‍ നീലപ്പെട്ടിയിലിരുന്നു വരുന്ന ഐസിനോട്. ആ ഓറഞ്ച് മഞ്ഞുകട്ടയെ നുണഞ്ഞു നടക്കുമ്പോള്‍ ചുറ്റുമുള്ള ലോകം എങ്ങോട്ടോ അപ്രത്യക്ഷമാകും.

അങ്ങനെയൊരുദിവസം പ്രലോഭനത്തിന്റെ മണിയൊച്ചകേട്ട് കീശയില്‍ തപ്പുമ്പോള്‍ ഒരു ഓട്ട. നാണയത്തുട്ട് അപ്രത്യക്ഷമായിരിക്കുന്നു. വായില്‍ വാസ്‌കോഡഗാമയ്ക്ക് കപ്പലിറങ്ങാനുള്ള കടല്‍. പെട്ടെന്ന് കുട്ടിക്കൂറ പൗഡറിന്റെ മണം അടുത്തുവന്നു. പാന്റിട്ട, പൗഡറിട്ട, പൂക്കളുള്ള വള്ളിച്ചെരുപ്പിട്ട, മുടിനീട്ടിവളര്‍ത്തിയ പരിഷ്‌കാരിയായ ഒരു ചേട്ടന്‍. നിക്കറിട്ടു നടക്കുന്നവര്‍ക്കിടയില്‍ പാന്റ് ഒരു വിപ്ലവമാണ്.

ഓറഞ്ചു നിറമുള്ള രണ്ടു കോലൈസ് ആ ചേട്ടന്‍ വാങ്ങി. ഒന്നെനിക്കു തന്നു. നാവില്‍ ഐസിന്റെ മധുരസ്പര്‍ശം. തണുത്തൊരു തുള്ളി കയ്യിലിറ്റുവീണ് കുളിര്‍പ്പിച്ചു. നുണഞ്ഞുനുണഞ്ഞു കോലുമാത്രം ബാക്കിയായപ്പോള്‍ ചേട്ടന്‍ ഒരു എഴുത്ത് നീട്ടി. ‘നിന്റെ ക്ലാസ്സിലെ ആലീസിനു കൊടുക്കണം’

ഒരു ആട്ടിന്‍കുട്ടിയുടെ മുഖഭാവത്തോടെ ഞാന്‍ ആലീസിന് കത്ത് കൈമാറി. അവള്‍ കത്തുമായി മൂത്രപ്പുരയിലേക്ക് ഓടി. അകത്തുനിന്നും ഹൃദയമിടിപ്പുകള്‍ കേള്‍ക്കാമെന്ന് തോന്നി. മേല്‍ക്കൂരയില്ലാത്ത മൂത്രപ്പുരയിലേക്ക് ഒരു പഴുത്ത പ്ലാവിലയുടെ മഞ്ഞ അടര്‍ന്നു വീണു. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ തകരവാതിലുകള്‍ ഞരങ്ങി. വണ്ടര്‍ലാന്റില്‍ നിന്നെപോലെ ആലീസ് വരുമെന്ന് കരുതി. പക്ഷേ കണ്ടതോ മുഖത്ത് ഒരുലോഡ് പുച്ഛം. കത്ത് ചുരുട്ടിമടക്കി എന്റെ കയ്യിലേക്ക് വച്ചുതന്നിട്ടുപോയി.

കോലൈസിന്റെ മാധുര്യമുള്ള ഒരു രാത്രിവെളുത്തു. ചുളിഞ്ഞ ആ കത്ത് ഞാന്‍ മോണിട്ടര്‍ ദാസപ്പനെ കാണിച്ചു. അവന്‍ വായിച്ചു. ആലോചിച്ചു. യുറേക്കാ! പേനയെടുത്ത് അവന്‍ എഴുത്തുതുടങ്ങി. രസത്തിന് ക്ലാസിലെ നിഷ്‌കുവായ ദീപനും ഞങ്ങള്‍ക്കൊപ്പംകൂടി.

‘എന്ന് ആലീസ്’ എന്നവസാനിച്ച കത്തിന്റെ തുടക്കം ‘നീ കണ്ണാടിയില്‍ നോക്കാറില്ലേടാ’ എന്നായിരുന്നു. ഞാനത് ആ ചേട്ടന് കൈമാറി. അടുത്ത ദിവസം പരിഷ്‌കാരി ചേട്ടന്റെ വക ഒരു കിടിലന്‍ എഴുത്ത് വന്നു.

‘നീ പോയി മലയാളം പഠിക്കെടീ’ എന്ന് പറഞ്ഞായിരുന്നു തുടക്കം. ദാസപ്പന്റെ എഴുത്തില്‍ മുഴുവന്‍ അക്ഷരപിശാച് ആയിരുന്നു.

അന്ന് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് നടക്കുമ്പോള്‍ കാറ്റിന് കോലൈസിന്റെ മണവും സൈക്കിള്‍ ബെല്ലിന് ഐസുകാരന്റെ മണിയുടെ ധ്വനിയുമായിരുന്നു. വീട്ടിലെത്തി ബുക്കിന്റെ നടുപേജു കീറി, മടക്കി മാര്‍ജിന്‍ ഇട്ടു. ആലീസിനെ പേനയിലേക്ക് ആവാഹിച്ചു.

‘പ്രിയപ്പെട്ട അരുണേട്ടാ, അന്നേരത്തെ ദേഷ്യംകൊണ്ട് എഴുതിയതാണ്, ആലോചിച്ചപ്പോള്‍ ചേട്ടനെപ്പോലെ സൂപ്പറായ ഒരാളെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. കോള്‍മയിര്‍കൊള്ളിക്കുന്ന ഒരു പ്രേമലേഖനം അങ്ങോട്ട് കാച്ചി.

കത്ത് കൈമാറി വരുമ്പോള്‍ ഐസുകാരന്റെ മണിയൊച്ചയില്‍ ഫസ്റ്റുബെല്‍ മുഴങ്ങി. പിന്നീട് കാണുന്നത് ഓരോ ഇടവേളകളിലും ഞങ്ങളുടെ ക്ലാസിന് മുന്നിലൂടെ ചുണ്ടിലൊരു പുഞ്ചിരിയൊട്ടിച്ച് വട്ടമിട്ടു പറക്കുന്ന പരിഷ്‌കാരിയെയാണ്. കാറ്റിന് കുട്ടിക്കൂറ പൗഡറിന്റെ മണം. ഇതൊന്നും അറിയാതെ ആലീസ് ക്ലാസ്മുറിയുടെ വണ്ടര്‍ലാന്റില്‍ പാറിനടന്നു.

‘രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍ ചുറ്റുമുള്ളലോകം അങ്ങോട്ടോ അപ്രത്യക്ഷമാകുന്നത്?’ ഒരാള്‍ പ്രണയത്തിലെന്നു കരുതിയാലും ചുറ്റുമുള്ളലോകം അങ്ങോട്ടോ അപ്രത്യക്ഷമാകുമെന്നതിനു തെളിവായി പരിഷ്‌കാരി ചേട്ടന്‍. ഇതൊന്നുമറിയാതെ ആലീസ് അവളുടെ വണ്ടര്‍ലാന്റില്‍. ഈ രണ്ടു വലിയ ലോകങ്ങള്‍ക്കിടയില്‍ മൂന്നു കുഞ്ഞു മനുഷ്യര്‍. മോണിറ്റര്‍ ദാസപ്പന്‍, നിഷ്‌കു ദീപന്‍, ഞാന്‍.

പരിഷ്‌കാരി ചേട്ടന്റെ ലോകത്തിനു കൂടുതല്‍ നിറവും മണവും പൂമ്പാറ്റകളെയും നല്‍കിയാലോ എന്ന് മോണിറ്റര്‍ ദാസപ്പന്‍ തോന്നി. അവന്റെ വീടിന് അടുത്ത് ഒരു കിടിലന്‍ ചേട്ടനുണ്ട്. ഒരു കാസനോവ. കരിവീട്ടിയുടെ നിറം. ഉറച്ചശരീരം. അമാവാസിയുടെ നിറമുള്ള മുടി. വെണ്‍മേഘപ്പല്ലുകള്‍. ഗ്ലാമറുള്ള ചേട്ടന്‍മാര്‍ക്കുപോലും വളക്കാന്‍ കഴിയാത്ത തരുണികളെ പുല്ലുപോലെ വളയ്ക്കുന്ന കാമദേവന്‍. ആലീസിന്റെ പേരിലുള്ള കത്തുകള്‍ ഇനി കാസനോവയുടെ തൂലികയില്‍നിന്നും പിറക്കും.

പ്രഭാതം. ഒന്നാം മണിയടിച്ചു. ടീച്ചര്‍ ഹാജര്‍ എടുത്തുകൊണ്ട് ഇരിക്കുമ്പോള്‍, വതിലില്‍ ഒരു നിഴല്‍. കാസനോവ!

ടീച്ചറും കാസനോവയും തമ്മില്‍ നീണ്ടയോഗം! അനന്തരം ഹാജര്‍ ബുക്ക് നോക്കാതെ ഒരു പേരുവിളിച്ചു.

ദാസപ്പന്‍ സ്റ്റാഫ് റൂമിലേക്ക് പോകുന്നു. ഹൃദയത്തില്‍ കൂട്ടമണിയടി. ടീച്ചര്‍ വീണ്ടും വാതില്‍ക്കല്‍. എനിക്കും നിഷ്‌കു ദീപനും സ്റ്റാഫ് റൂമില്‍ ഹാജരാകാനുള്ള ഉത്തരവ് വന്നു.

ഒരു കോടതിമുറിപോലെ സ്റ്റാഫ് റൂം. ക്ലാസ്സ് ടീച്ചര്‍ ന്യായാധിപ. ചുറ്റികയ്ക്ക് പകരം മഞ്ഞളില്‍ മാമോദീസ മുക്കിയ പുത്തന്‍ ചൂരല്‍.

വിചാരണ തുടങ്ങി. വാദങ്ങള്‍ പരിഗമിക്കവേ ഒരു വരിപോലും എഴുതാത്ത, ഒരു ഐസുപോലും തിന്നാത്ത നിഷ്‌കു ദീപന്‍ ഒറ്റക്കരച്ചില്‍കൊണ്ട് മാപ്പു സാക്ഷിയായി: ‘ഞാനൊന്നും ചെയ്തില്ല ടീച്ചറേ…എല്ലാം ദാസപ്പന്റെ പണിയാ….’

ക്രോസ് വിസ്താരം ദാസപ്പനിലേക്ക്. മൊഴിമാറ്റിയും ഉരുണ്ടുകളിച്ചും അവന്‍ പിടികൊടുക്കാതെ കുറേ നേരംനിന്നു. നല്ലൊരു ചെവിക്കുപിടി കിട്ടിയപ്പോള്‍ എന്നെ ഒറ്റി, ‘ഇവനാണ് ടീച്ചറേ’

കുറ്റവാളിയുടെ മുഖഭാവത്തില്‍ ഞാന്‍ നിന്നു, കുറ്റബോധത്തിന്റെ തരിപോലുമില്ലാതെ. ക്ലാസ് ടീച്ചര്‍ സ്റ്റാഫ് റൂമിലെ മറ്റുടീച്ചര്‍മാരോടായി: മൊട്ടേന്ന് വിരിഞ്ഞില്ല……ഇവനെ എന്ത് ചെയ്യണം?

അന്തിമ തീരുമാനം മറ്റുടീച്ചര്‍മാരുടെ ഡിവിഷന്‍ ബെഞ്ചിന് വിട്ടു. അവരുടെ മുഖങ്ങളില്‍ വിധിയുടെ പകര്‍പ്പ് വായിക്കാനായി.

കൂസല്‍ ഇല്ലാതെ ഞാന്‍ കൈനീട്ടി. ചൂരല്‍ മൂന്നുതവണ എന്റെ കൈവെള്ളയില്‍ വീണു. ആദ്യമായി മനുഷ്യമാംസത്തിന്റെ രുചിയറിയുന്ന ആര്‍ത്തി അതിന്റെ ചലനങ്ങളില്‍ പ്രകടം. അത് പതിച്ചയിടങ്ങളില്‍ ചുവന്ന പാട്. പാടുകളില്‍ പെരുപ്പുള്ള ചൂട്. കുട്ടിനിക്കറിട്ട രണ്ടു കരച്ചിലുകളുടെ പശ്ചാത്തലത്തില്‍ എന്റെ കൈയിലെ ചൂട് ആറിത്തണുക്കുന്നു. ചുവന്ന പാട് ഓറഞ്ചു നിറമാകുന്നു.

മഞ്ഞച്ചൂരല്‍ ഐസിന്റെ കമ്പാകുന്നത് ഞാന്‍ അറിഞ്ഞു. കൊള്ളുമ്പോള്‍ വേദനിക്കുന്ന അടികള്‍ക്ക് ഓര്‍ക്കുമ്പോള്‍ മധുരമുണ്ടാകുന്നതും അറിഞ്ഞു.

സ്‌കൂളിന്റെ മണിയും ഐസ്‌ക്രീംകാരന്റെ മണിയും കൈകോര്‍ത്തുപിടിച്ചു നടക്കുന്നു, എത്ര മണിയായി എന്നുറപ്പില്ലാതെ.

Comments are closed.