പ്രിയ സിനിമകള്‍, സംവിധായകര്‍; ടി.ഡി രാമകൃഷ്ണന്‍ പറയുന്നു…
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ തന്റെ ഇഷ്ടസിനിമകളെയും സംവിധായകപ്രതിഭകളെയും ഓര്‍ത്തെടുക്കുന്നു.
വിഖ്യാത സംവിധായകന്‍ മൃണാള്‍സെന്നിന്റെ 1980-ല്‍ പുറത്തിറങ്ങിയ ഏക് ദിന്‍ പ്രതി ദിന്‍ എന്ന ചിത്രം എന്നെ ഏറെ ആകര്‍ഷിച്ച ചിത്രങ്ങളിലൊന്നായിരുന്നു. കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്ത ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. വീടിന്റെ ആകെയുള്ള ആശ്രയമായ ഒരു പെണ്‍കുട്ടി, അവള്‍ ഒരു ദിവസം ജോലിക്കുപോയിട്ട് തിരികെയെത്തിയില്ല. അച്ഛനും സഹോദരനും മറ്റ് ബന്ധുക്കളുമെല്ലാം എല്ലായിടങ്ങളിലും തിരഞ്ഞു, പക്ഷെ ഫലമുണ്ടായില്ല. പിറ്റേന്ന് രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് അവള്‍ തിരികെയെത്തുന്നത്. അതോടു കൂടി സിനിമ അവസാനിക്കുന്നു. എന്തുകൊണ്ട് ഇവിടെ ഈ സിനിമ അവസാനിപ്പിച്ചു എന്ന് മൃണാള്‍ ദായോട് ഒരഭിമുഖത്തില്‍ ചോദിക്കുമ്പോള്‍ അതിനു ലഭിച്ച മറുപടി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. ‘കൊല്‍ക്കത്തയില്‍ ഒരു കോടിയാണ് ജനസംഖ്യ. ഇത്രയും ജനസംഖ്യയുള്ള ഒരു നഗരത്തില്‍ ഒരു പെണ്‍കുട്ടിക്ക് എന്തും സംഭവിക്കാം. നിങ്ങള്‍ക്ക് സ്വയം ചിന്തിച്ച് ഒരു ഉത്തരത്തിലെത്താം.’ ദൂരദര്‍ശനില്‍ ഒരു കാലത്ത് നല്ല സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നപ്പോള്‍ അക്കൂട്ടത്തില്‍ ഈ സിനിമയുമുണ്ടായിരുന്നു.
എന്റെ എഴുത്തിനെ പ്രത്യക്ഷത്തില്‍ വളരെയധികം സ്വാധീനിച്ചിട്ടുള്ള ഒരു ചിത്രമാണ് അകിര കുറസാവയുടെ റാഷൊമോണ്‍. ഫ്രാന്‍സിസ് ഇട്ടിക്കോരയിലെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ എഴുതുന്നതിന് ഈ സിനിമ സഹായിച്ചിട്ടുണ്ട്. ഒരേ വിഷയത്തെക്കുറിച്ച് വിരുദ്ധ ആശയങ്ങളുമായി പല ആളുകള്‍ സംസാരിക്കുന്നതിന്റെ ഒരു ത്രെഡ് ഈ സിനിമയില്‍ നിന്നും ലഭിച്ചതാണ്.
പഠിക്കുന്ന കാലത്ത് തമിഴ് സിനിമകളാണ് കൂടുതല്‍ കണ്ടിരുന്നത്. ബാലു മഹീന്ദ്രയുടെ സിനിമകള്‍ ഏറെയിഷ്ടമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഇന്റലക്ച്വലായ ഒരു നല്ല സംവിധായകനാണ് അദ്ദേഹം. സിനിമയും സാഹിത്യവും ഒരേപോലെ അദ്ദേഹത്തിന് വഴങ്ങും. എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംവിധായകനാണ് അദ്ദേഹം. ബാലു മഹീന്ദ്രയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ആന്‍ണി ക്വിന്‍ അഭിനയിച്ച ലയണ്‍ ഓഫ് ദി ഡെസേര്‍ട്ട്, അരവിന്ദന്റെ സിനിമകള്‍, ഷാജി എന്‍. കരുണിന്റെ പിറവി എന്നീ ചിത്രങ്ങളും എന്നെ ഏറെ ആകര്‍ഷിച്ചവയാണ്.
Comments are closed.