DCBOOKS
Malayalam News Literature Website

എന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍; ഡി സി ക്ലാസിക്‌സില്‍ അനില്‍ പനച്ചൂരാന്‍

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ തനിക്ക് പ്രിയങ്കരമായ അഞ്ച് മലയാള ഗാനങ്ങളെ ഓര്‍ത്തെടുക്കുന്നു. ജീവിതവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഈ ഗാനങ്ങള്‍ എല്ലായ്‌പ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവയാണെന്ന് അനില്‍ പനച്ചൂരാന്‍ പറയുന്നു.

1. പിഞ്ചുഹൃദയം ദേവാലയം…

സേതുബന്ധനം എന്ന ചിത്രത്തില്‍ പി.മാധുരിയും സംഘവും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജി.ദേവരാജന്‍ സംഗീതസംവിധാനവും ശ്രീകുമാരന്‍ തമ്പി രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ഇമ്പമാര്‍ന്ന ഈ ഗാനം കുട്ടിക്കാലത്ത് കേള്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. കൊച്ചുക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ കാണാതെ പഠിച്ച് പാടിയിട്ടുണ്ട്. അനേകമാളുകള്‍ക്ക് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മ കൂടിയായിരിക്കും ഈ ഗാനം.

2. കവിളത്തെ കണ്ണീര്‍ കണ്ടു…

1967-ല്‍ പുറത്തിങ്ങിയ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പി.ഭാസ്‌കരന്‍ രചന നിര്‍വ്വഹിച്ച് ബാബുരാജ് ഈണം പകര്‍ന്ന പാട്ട് അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു. എസ്.ജാനകിയാണ് ആലാപനം. കവിളത്തെ കണ്ണീര്‍ കണ്ടു മണിമുത്താണെന്നു കരുതി വിലപേശാനോടിയെത്തിയ വഴിയാത്രക്കാരാ…എന്നു തുടങ്ങുന്ന വരികളില്‍ അന്നത്തെ സാമൂഹ്യാവസ്ഥയാണ് നിഴലിച്ചത്. സ്വന്തം ഹൃദയം അറിയാത്ത ഒരാളോടുള്ള അന്യതാബോധം ആ വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു.

3. അദ്വൈതം ജനിച്ച നാട്ടില്‍….

വയലാര്‍ രാമവര്‍മ്മയുടെ രചനാസൗന്ദര്യം, കെ.ജെ.യേശുദാസിന്റെ ആലാപനമാധുര്യം, ജി.ദേവരാജന്‍ മാസ്റ്ററുടെ സംഗീതം-1971-ല്‍ പുറത്തുവന്ന ലൈന്‍ ബസ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഏറെ ഇഷ്ടമുള്ളതും എപ്പോഴും കേള്‍ക്കാനും ആഗ്രഹിക്കുന്ന ഒരു ഗാനം.

4.ചന്ദ്രബിംബം നെഞ്ചിലേറ്റി…

പ്രണയത്തിന്റെ മനോഹരമായ ഒരു ആവിഷ്‌കരണമാണ് ഈ ഗാനം. 1972-ല്‍ പുറത്തിറങ്ങിയ പുള്ളിമാന്‍ എന്ന ചിത്രത്തില്‍ യേശുദാസ് ആലപിച്ചിരിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ബാബുരാജാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

5. തിരികെ ഞാന്‍ വരുമെന്ന…

എന്റെ പാട്ടുകളില്‍ പ്രിയപ്പെട്ട ഒന്നാണിത്. അന്യരാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് സ്വന്തം നാടിനെയും വീടിനെയും ഓര്‍മ്മിക്കുന്നതിനുള്ള ഒരു ഗാനം. മുമ്പ് ഞാന്‍ കവിതാരൂപത്തില്‍ രചിച്ച വരികളാണ് പിന്നീട് സിനിമയില്‍ ഉപയോഗിച്ചത്. ബിജിപാലാണ് സംഗീതസംവിധാനം. ഗൃഹാതുരസ്മരണകള്‍ നിറയുന്ന ഈ ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്.

Comments are closed.