ഒരു നാള്‍ ശുഭരാത്രി നേര്‍ന്നുപോയി നീ…
ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദ് രചിച്ച മരിക്കാത്ത നക്ഷത്രങ്ങള്‍ എന്ന പുതിയ കൃതിയില്‍നിന്നും.
ഉള്ള് തുറക്കുന്ന കലാപകാരിയായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. അല്പത്തരങ്ങളും ആഴക്കുറവുകളുമൊക്കെ സഹിക്കാനാവാത്ത പ്രതിഭ. വ്യവസ്ഥയുടെ പാഠം പഠിപ്പിക്കലിന് ഇതദ്ദേഹത്തെ വിധേയനാക്കി. ചെറിയ പണികളേല്പിച്ച് സിനിമ അദ്ദേഹത്തെ പുറത്തിരുത്തി. പലപ്പോഴും നിര്‍ബന്ധിത മൗനങ്ങളിലേക്ക് നാടുകടത്തി. എന്നാല്‍ അത്തരം ഇരുണ്ട പിന്മാറ്റത്തിന്റെ നാളുകളിലും എത്രമാത്രം സംഗീതം ആ മൗനങ്ങളില്‍ ഒളിച്ചുവെച്ചെന്ന് ഓരോ തിരിച്ചുവരവുകളും തെളിയിച്ചു.
സ്വന്തം മുറിയിലെ കിടക്കയില്‍ അന്തമില്ലാതെ അട്ടം നോക്കിക്കിടന്നിരുന്ന നാളിലാണ് സിനിമയില്‍ ‘ഇപ്പം’ മാത്രമേയുള്ളൂവെന്നും ഇന്നലെകളോ നാളെകളോയില്ലെന്നുമുള്ള അറിവിലേക്കു താനെത്തിയതെന്ന് അവസാനത്തെ കൂടിക്കാഴ്ചയില്‍ മാഷ് പറഞ്ഞിരുന്നു. എന്നാല്‍ ഈ വിശ്വാസം മാറ്റിവെക്കേണ്ടിവന്ന നല്ല ചില നിമിഷങ്ങള്‍ സൗഹൃദം ആ ജീവിതത്തിലുണ്ടാക്കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം താനാദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ജോണ്‍സണ്‍ മാഷ്തന്നെ വേണമെന്നു പറഞ്ഞ് സ്‌നേഹപൂര്‍വ്വം തിരിച്ചുകൊണ്ടുവന്ന രഞ്ജന്‍ പ്രമോദാണ് ആദ്യം ഇതിലൊരു തിരുത്തുണ്ടാക്കിയത്. കൈതപ്രത്തിന്റെ മാസ്മരിക വരികളില്‍ ‘എന്തേ കണ്ണന് കറുപ്പുനിറം’ എന്ന സുന്ദരഗാനത്തിന്റെ പിറവിക്ക് അത് നിമിത്തമായി.
‘ഒരുനാള്‍ ശുഭരാത്രി നേര്‍ന്നുപോയി നീ…’ എന്ന യാത്രാമൊഴിക്ക് കാരണമായ ‘ഗുല്‍മോഹര്‍’ ആകട്ടെ ജോണ്‍സണ്‍ മാസ്റ്റര്‍ക്കു വേണ്ടി മാത്രം പിറന്ന സിനിമയാണ്. 2008-ല്‍ ദീദി ആദ്യം എഴുതിയ ജയരാജിന്റെ ‘നായിക’യ്ക്ക് സംഗീതം നല്‍കാനായിരുന്നു 2008 ആദ്യം മാഷ് കോഴിക്കോട്ടെത്തിയത്. അര്‍ബുദ ബാധിതയായി മുഖ്യധാരയില്‍നിന്നും അപ്രത്യക്ഷയായ ഒരാദ്യകാല നായികയുടെ സിനിമയിലേക്കും ജീവിതത്തിലേക്കുമുള്ള തിരിച്ചുവരവിന്റെ കഥയിലൂടെയുള്ള സൂക്ഷ്മയാത്രയ്ക്കുശേഷമാണ് ഈണമൊരുക്കാനും പാട്ടുണ്ടാക്കാനും പഴയ രീതി മതിയെന്നു പറഞ്ഞ് മാഷ് ഒ.എന്‍.വിയുമായി ഒന്നിച്ചിരിക്കാന്‍ തിരുവനന്തപുരത്തേക്കു മടങ്ങിയത്. എന്നാല്‍ ആ സിനിമ അപ്രതീക്ഷിതമായി മറ്റൊരു ഭാഷയില്‍ ചെയ്യാന്‍ തീരുമാനിച്ച് മാറിപ്പോയപ്പോള്‍ മുഴുവന്‍ യൂണിറ്റും പിരിച്ചുവിടാന്‍ ജയരാജിന് വിഷമമുണ്ടായിരുന്നില്ല. ജോണ്‍സണ്‍ മാഷോടും ഒ.എന്‍.വിയോടും എന്തു പറയുമെന്ന സംഘര്‍ഷമൊഴിച്ചാല്‍. പാട്ടിന്റെ ക്ലാസിക്കല്‍ കൂട്ടായ്മയെ ഇറക്കിക്കൊണ്ടു വന്നത് പിരിച്ചയയ്ക്കാതിരിക്കാന്‍ പിന്നെ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിങ് നിശ്ചയിച്ച ദിവസംതന്നെ പത്തു ദിവസത്തിനകം മറ്റൊരു സിനിമ അടിയന്തിരമായി തയ്യാറാക്കുക –അതായിരുന്നു ‘ഗുല്‍മോഹര്‍.’ ജോണ്‍സണ്‍ മാഷും ഒ.എന്‍.വിയും കൂടിച്ചേര്‍ന്ന അവസാന അധ്യായമായി മാറി അത്. മാഷിന്റെ ഈണത്തിന് ഒപ്പമിരുന്നെഴുതിയ ‘ഒരുനാള്‍…’ അറംപറ്റിയതുപോലെയായിപ്പോയെന്ന ഖേദമാണ് ഒ.എന്‍.വി. മരണമുഹൂര്‍ത്തത്തില്‍ അടയാളപ്പെടുത്തിയതെന്നതു ശ്രദ്ധേയമാണ്. ആ പാട്ട് ഒരു വിടപറച്ചിലിന് മുന്നോടിയായി മാറി.
‘ഗുല്‍മോഹറി’ലെ പാട്ടുകളെല്ലാം സ്വന്തമായി ട്രാക്ക് പാടി മിക്‌സ് ചെയ്ത് അയച്ചു തന്നത് ഇന്നു കേള്‍ക്കുമ്പോള്‍ അനശ്വരമായൊരു നിധി തുറക്കുന്ന അനുഭവമാണ്. ഭാവംകൊണ്ട് ആ പാട്ടുകള്‍ അത് പാടിയ പാട്ടുകാരുടേതിനെക്കാള്‍ ഒരുപടി മുകളിലാണ്.
ബാബുരാജ് സംഗീതം നല്‍കിയ പല പാട്ടുകളും അദ്ദേഹം തന്നെ പാടിയത് കേള്‍ക്കുമ്പോഴുള്ള ഭാവപൂര്‍ണ്ണത അത് പാടിയ പാട്ടുകാര്‍ക്ക് പലപ്പോഴും കൈവരിക്കാനായിട്ടില്ലെന്നത് ജോണ്‍സണ്‍ മാഷിന്റെ കാര്യത്തിലും ശരിയാണെന്ന് ഈ പാട്ടുകള്‍ തെളിയിക്കുന്നുണ്ട്. പകര്‍ന്നുകൊടുക്കുമ്പോള്‍ ചോരുന്നതുകൂടിയാണ് ഭാവം. മാഷിന്റെ സ്വന്തം ശബ്ദത്തില്‍ രേഖപ്പെടുത്തിയ പാട്ടുകള്‍ പലയിടങ്ങളിലായി ചിതറിക്കിടപ്പുണ്ടാകും. അതു സമാഹരിക്കുന്നത് ആ പ്രതിഭയ്ക്ക് മലയാളം സമര്‍പ്പിക്കേണ്ട അസംഖ്യം സ്മാരകങ്ങളില്‍ ഒന്നുമാത്രമാണ്. അതുണ്ടാകട്ടെ എന്ന് ആ സംഗീതത്തിന്റെ ആരാധകര്‍ക്ക് പ്രാര്‍ത്ഥിക്കാം.
Comments are closed.