DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12 സ്റ്റാളുകളുമായി ശ്രദ്ധേയസാന്നിധ്യമാകാന്‍ ഡി സി ബുക്‌സ്

Sharjah International Book Fair
Sharjah International Book Fair

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12 സ്റ്റാളുകളുമായി ശ്രദ്ധേയസാന്നിധ്യമാകാന്‍ ഈ വര്‍ഷവും ഡി സി ബുക്‌സ്. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിരിക്കുന്ന ഇന്ത്യന്‍ പവലിയനിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഇന്നും ഡി.സി ബുക്‌സിന്റേത്. സ്റ്റോളുകളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

അറബിഭാഷയിലുള്ള പ്രസാധകര്‍ക്കുമാത്രം നല്‍കിയിരുന്ന പുരസ്‌കാരം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഷാര്‍ജ ബുക്ക് അതോറിറ്റി തീരുമാനിച്ചപ്പോള്‍ ആദ്യഅംഗീകാരം തന്നെ ഡി.സി ബുക്‌സിന് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസാധകസ്ഥാപനവും ഡി.സി ബുക്‌സാണ്.

നാളെ(4 നവംബര്‍ 2020) ആരംഭിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 14- ന്  സമാപിക്കും. ‘ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു’  എന്നതാണ് പുസ്തകോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. ലോകത്തിലെ മികച്ച മൂന്ന് പുസ്തകമേളകളിലൊന്നായി അറിയപ്പെടുന്ന ഷാര്‍ജ അന്താരാഷ്‍ട്ര പുസ്തക മേള ഇത്തവണ  ഓണ്‍ലൈന്‍ രീതികള്‍ കൂടി സമന്വയിപ്പിച്ചുകൊണ്ടാവും സംഘടിപ്പിക്കപ്പെടുന്നത്.

കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കി, ആഗോള സുരക്ഷാ പ്രോട്ടോകോളുകള്‍ പരിഗണിച്ചായിരിക്കും പരിപാടി നടക്കുക. പുസ്‍തക മേളയിലെ സാംസ്‍കാരിക പരിപാടികള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ രീതിയിലേക്ക് മാറും. എന്നാല്‍ പ്രസാധകര്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ ഷാര്‍ജ എക്സ്പോ സെന്ററില്‍ തന്നെ അണിനിരക്കും. പുസ്‍തക പ്രേമികള്‍ക്ക് മേളയിലേക്ക് നേരിട്ടെത്തി പുസ്‍തകങ്ങള്‍ പരിചയപ്പെടുകയും സ്വന്തമാക്കുകയും ചെയ്യാം.

https://registration.sibf.com/ എന്ന വിലാസത്തിലൂടെ, പൊതുജനങ്ങൾക്ക് മേളയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രവേശിക്കുന്നതിനുള്ള സമയം ബുക്ക് ചെയ്യാവുന്നതാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും, സംവാദങ്ങളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://sharjahreads.com/ എന്ന വിലാസത്തിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

 

Comments are closed.