ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12-ാം വര്‍ഷവും ശ്രദ്ധേയസാന്നിധ്യമാകാന്‍ ഡി സി ബുക്‌സ്
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി.സി ബുക്‌സ് പങ്കെടുത്തുതുടങ്ങിയിട്ട് ഒരു ദശകം പിന്നിട്ടുകഴിഞ്ഞു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിരിക്കുന്ന ഇന്ത്യന്‍ പവലിയനിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഇന്നും ഡി.സി ബുക്‌സിന്റേത്. അറബിഭാഷയിലുള്ള പ്രസാധകര്‍ക്കുമാത്രം നല്‍കിയിരുന്ന പുരസ്‌കാരം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഷാര്‍ജ ബുക്ക് അതോറിറ്റി തീരുമാനിച്ചപ്പോള്‍ ആദ്യഅംഗീകാരം തന്നെ ഡി.സി ബുക്‌സിന് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസാധകസ്ഥാപനവും ഡി.സി ബുക്‌സാണ്.
ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസ്സുകള്‍ എന്ന പ്രമേയത്തില്‍ അരങ്ങേറുന്ന പുസ്തകമേളയില്‍ മലയാളത്തില്‍നിന്നടക്കം ലോകത്തിലെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാതാരങ്ങളും പ്രസാധകരും പങ്കെടുക്കുന്നു. ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, മുഖാമുഖം എന്നിവ കൂടാതെ തത്സമയ പാചകപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നു. മെക്‌സിക്കോ ആണ് ഈ വര്‍ഷം മേളയിലെ അതിഥി രാജ്യം.
സാഹിത്യ നൊബേല്‍ പുരസ്‌കാരജേതാവായ ടര്‍ക്കിഷ് എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുഖാണ് ഇത്തവണ പുസ്തകോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത്, മാധ്യമപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാരജേതാവുമായ രാവിഷ് കുമാര്‍, എഴുത്തുകാരായ ആനന്ദ് നീലകണ്ഠന്‍, ജീത് തയ്യില്‍, അനിത നായര്‍ തുടങ്ങിയവരും മലയാളത്തില്‍നിന്ന് നടന്‍ ടൊവീനോ തോമസ്, ഗായിക കെ.എസ്.ചിത്ര, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ജി.എസ് പ്രദീപ് എന്നിവരും പുസ്തകോത്സവത്തില്‍ പങ്കെടുക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ പറഞ്ഞു.
81 രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയുടെ ഭാഗമായി എത്തുന്നുണ്ട്. കേരളത്തിലെയും യു.എ.ഇയിലെയും മലയാളികളുടേതുള്‍പ്പെടെ നൂറ്റമ്പതോളം പുസ്തകങ്ങളും മേളയില്‍ പ്രകാശനം ചെയ്യുന്നുണ്ട്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മേള അരങ്ങേറുന്നത്. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും പ്രദര്‍ശനം നടക്കുക. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
പ്രവാസികളടക്കം നിരവധി മലയാളികള്‍ എല്ലാ വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാറുണ്ട്. നവംബര്‍ 9-ന് മേള സമാപിക്കും.
Comments are closed.