വ്യത്യസ്ത വായനാഭിരുചികൾക്ക് ഇണങ്ങിയ പുസ്തതകങ്ങൾ!
(53), സോണിയ റഫീക്ക്– ഡിസ്റ്റോപ്പിയന്‍ വിഭാഗത്തില്പ്പെടുന്ന ലോകപ്രശസ്ത നോവലുകളായ 1984 (ജോര്‍ജ് ഓര്‍വെല്‍), ദി ഹാന്റ്മെയിഡ്സ് ടെയില്‍, ഓറിക്സ് ആന്റ് ക്രേക്ക് ( മാര്‍ഗരറ്റ് ആറ്റ്വുഡ്), ഫാരന്‍ഹീറ്റ് 451 (റേ ബ്രാഡ്ബറി) മുതലായ പുസ്തകങ്ങളില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് രചിക്കപ്പെട്ട ഒന്നാണ് (53) എന്ന നോവല്‍. അരാജകത്വവും അസന്തുഷ്ടിയും നിലനില്ക്കുന്ന സാങ്കല്പികമായ ഒരവസ്ഥയാണ് നോവലില്‍ കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത്. ഏകാധിപത്യത്തിന്റെ ഭീകരാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു സമൂഹം അതില്‍നിന്നുള്ള മോചനത്തിനായി നടത്തുന്ന വിപ്ലവാത്മകമായ മുന്നേറ്റങ്ങളാണ് നോവലിന്റെ പ്രമേയം. അന്‍പത്തിമൂന്നാം വയസ്സില്‍ മരണം അനിവാര്യമാകുന്ന ഒരു ഭരണസംവിധാനത്തില്‍ ജീവിക്കുന്ന മനുഷ്യരിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു. അനൂബിസ് എന്ന ചെന്നായമുഖമുള്ള ഏകാധിപതി നടത്തുന്ന കോര്‍പ്പറേറ്റ് സ്ഥാപനമായ ‘അനൂബിസ് ഏജിസ്’ ജനങ്ങള്‍ക്കുമേല്‍ അരാജക ഭരണം അടിച്ചേല്പ്പിക്കുന്നു. ഈജിപ്ഷ്യന്‍ മിത്തോളജി അനുസരിച്ച് ‘അനൂബിസ്’ എന്നാല്‍ മരണ ദേവന്‍ ആണ് (ഗോഡ് ഓഫ് ഡെത്ത്). ഇന്ത്യന്‍ മിത്തോളജി പ്രകാരം കാലന്‍ എന്ന പോലെ ഉപയോഗിക്കപ്പെടുന്നൊരു ബിംബമാകുന്നു അനൂബിസ് എന്ന ചെന്നായ ദേവന്‍. മരണവും മരണഭീതിയും നിറഞ്ഞുനില്ക്കുന്ന ‘ബ്ളാക്ക് ഫീല്‍’ നല്കുന്നൊരു രചനയാണിത്.
ഏകാന്തതയുടെ മ്യൂസിയം, എം.ആര്‍.അനില്‍കുമാര്‍ The Book കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്‍ടെയ്ന്‍മെന്റ് ഡസ്‌കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്‍ത്ഥന്‍ യാദൃച്ഛികമായി എക്സ് എന്നൊരാള്‍ നടത്തുന്ന എക്സ്‌കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചിലനോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തനഭാഗങ്ങളാണെന്ന് സിദ്ധാര്‍ത്ഥന്‍ കണ്ടെത്തുന്നു. മഞ്ഞ-വെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില്‍ റൈറ്റേഴ്സ് ബംഗ്ലാവ് എന്ന കൊളോണിയല്‍ ഭവനത്തിലാണ് ആ എഴുത്തുകാരന്‍ താമസിക്കുന്നതെന്നു മനസ്സിലാക്കി, സിദ്ധാര്‍ത്ഥന്‍ അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഉദ്വേഗജനകമായ ഈ നോവല്‍.
മഞ്ഞുപുലി, പീറ്റര്‍ മാത്തിസന്‍ മഞ്ഞുപരപ്പിലൂടെ ഒറ്റയ്ക്ക് നീങ്ങുന്ന മഞ്ഞുപുലിയുടെ ദൃശ്യം അപൂര്‍വ്വമായ ദര്‍ശനസൗഭാഗ്യമാണ്. 1973-ല്‍ സെന്‍ വിദ്യാര്‍ത്ഥിയും പരിസ്ഥിതിപ്രേമിയുമായ പീറ്റര്‍ മാത്തിസന്‍ മഞ്ഞുപുലിയെ ഒരുനോക്കു കാണുവാനായി നേപ്പാളിലെ ദുര്‍ഘടമായ പര്‍വ്വതനിരകളിലേക്ക് യാത്ര തിരിച്ചു. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം കേവലമൊരു യാത്രയെന്നതിലുപരി സ്വന്തം അസ്തിത്വത്തിന്റെ പൊരുള്‍ തേടല്‍കൂടിയായിരുന്നു അത്. യാത്രാവിവരണമെന്നതിലുമപ്പുറം ആത്മീയമായും ദാര്‍ശനികവുമായി നിരവധി അടരുകള്‍ ഉള്ളിലൊളിപ്പിക്കുന്ന അതിവിശിഷ്ടമായ കൃതിയുടെ മികച്ച വിവര്‍ത്തനം.
എട്ടാമത്തെ മോതിരം, കെ.എം.മാത്യുവിന്റെ ആത്മകഥ- ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ടറിഞ്ഞ പത്രപ്രവര്‍ത്തന രംഗത്തെ അപൂര്‍വ്വ വ്യക്തിത്വമായ ശ്രീ കെ. എം. മാത്യുവിന്റെ ആത്മകഥ. വ്യക്തിയില്‍നിന്നും കുടുംബത്തിലേക്കും, സമൂഹത്തിലേക്കും, കേരളചരിത്രത്തിലേക്കും വളരുന്ന നാടകീയവും സംഭവബഹുലവുമായ ആത്മാനുഭവങ്ങള്‍. അപൂര്‍വസുന്ദരമായ വായനാനുഭവം.
ധര്‍മ്മരാജാ, സി.വി.രാമന്‍പിള്ള ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥ. സി.വി. യുടെ മാര്‍ത്താണ്ഡവര്‍മ്മാ, ധര്‍മ്മരാജാ, രാമരാജ ബഹദൂര്‍ എന്നീ നോവലുകളെ ചേര്‍ത്ത് സി.വി.യുടെ ചരിത്രാഖ്യായികകള്‍ എന്ന് വിളിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മാ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജാവാകുന്നതാണ് 1891ല്‍ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. ധര്‍മ്മരാജായില്‍ രാജ്യദ്രോഹമാണ് മുഖ്യപ്രമേയം. മാര്‍ത്താണ്ഡവര്‍മ്മയുടെ അനന്തരവനായ കാര്‍ത്തികത്തിരുനാളിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന ഉപജാപങ്ങളും അവയുടെ പരാജയങ്ങളുമാണ് പ്രതിപാദ്യം. രാമരാജാബഹദൂറിലും ഭരണാധിപന്‍ ധര്‍മ്മരാജാവുതന്നെ. രാജ്യത്തിനകത്തുനിന്നുള്ളതിനെക്കാള്‍ പുറത്ത് മൈസൂരില്‍ നിന്നാണ് ഇക്കാലയളവില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നത്. ഒടുവില്‍ രാജശക്തി തന്നെ ജയിക്കുന്നു.
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്
Comments are closed.