ചട്ടമ്പി ശാസ്ത്രത്തിന് ഡി സി ബുക്സ് – ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്ക്കാരം
നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്ക്കാരം കിംഗ് ജോൺസിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവലിന്. ബെന്യാമിനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപന ചടങ്ങിൽ രവി ഡിസി പങ്കെടുത്തു.
ഒരു ലക്ഷം രൂപയും ഒ വി വിജയൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. ബെന്യാമിൻ, അജയ് പി മങ്ങാട്ട് എന്നിവരായിരുന്നു വിധികർത്താക്കൾ.
നിങ്ങൾ പുതിയ പരീക്ഷണങ്ങൾ നടത്തൂ എന്ന് പറഞ്ഞു ഡിസി പോലെയുള്ള പ്രസാധകർ കടന്നു വരുന്നത് നവാഗത എഴുത്തുകാരെ സംബന്ധിച്ചു വലിയ കാര്യമാണെന്ന് വിജയിയായ കിംഗ് ജോൺസ് പ്രതികരിച്ചു. നോവൽ എഴുതാൻ തനിക്ക് എല്ലാ പിന്തുണയും തുടക്കം മുതൽ നൽകിയത് ഡിസി ബുക്സ് തന്നെയാണെന്നും നോവൽ എഴുത്തിന്റെ സങ്കീർണതകളെ ലഖുകരിക്കാൻ തസ്രാക്കിൽ സംഘടിപ്പിച്ച നോവൽ ശില്പശാല തന്നെ വളരെയധികം സഹായിച്ചുവെന്നും കിംഗ് ജോൺസ് പറഞ്ഞു.
ഡിസി ബുക്സ് കഴിഞ്ഞ 22 വർഷങ്ങളായി നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും മലയാള നോവൽ സാഹിത്യ ഭാവുകത്വത്തെ പുതുക്കുന്നതിനുമായി നടത്തി വരുന്ന നോവൽ മത്സരം ഈ വർഷം ഖസാക്കിൻ്റെ ഇതിഹാസത്തിൻ്റെ സുവർണ്ണ ജൂബിലി നോവൽ പുരസ്കാരമായാണ് പ്രഖ്യാപിച്ചത് .1999 ൽ നടന്ന ആദ്യ നോവൽ മത്സരത്തിൽ പുരസ്കാരം നേടിയ അന്ന് നവാഗതനായ വി.ജെ. ജെയിംസ് ഇന്ന് മലയാള സാഹിത്യത്തിലെ ലബ്ധ പ്രതിഷ്ഠനായ എഴുത്തുകാരനാണ്. ഒ.വി.വിജയൻ രൂപ കല്പന ചെയ്ത ശില്പവും അവാർഡ് തുകയും അന്ന് അദ്ദേഹത്തിന് സമ്മാനിച്ചത് ഇന്ന് ലോകമെമ്പാടും അറിയുന്ന എഴുത്തുകാരിയായ അരുന്ധതി റോയിയും. അതിനു ശേഷം നടത്തിയ നോവൽ മത്സരങ്ങളിൽ നവാഗതരായി എത്തിയ നിരവധി എഴുത്തുകാർ ഇന്ന് മലയാള സാഹിത്യ മേഖലയിൽ തിളങ്ങി നില്ക്കുന്നു. ഇ.പി. ശ്രീകുമാർ , കണ്ണൻ കുട്ടി, സുസ്മേഷ് ചന്ദ്രോത്ത്, വിനോയ് തോമസ്, കെ.വി.മണികണ്ഠൻ, ലതാലക്ഷ്മി, ഷബിത, പി.ജിംഷാദ്, സോണിയ റഫീക് തുടങ്ങിയവർ അവരിൽ ഉൾപ്പെടുന്നു.
Comments are closed.