ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി പുസ്തകപ്രകാശനം ആഗസ്റ്റ് 29ന്
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണവും 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്‌സ് 50-ാം വാര്‍ഷികാഘോഷവും ആഗസ്റ്റ് 29ന് കോഴിക്കോട് നടക്കും. ആഗസ്റ്റ് 29 വൈകിട്ട് 4.30-ന് കോഴിക്കോട് (തളി) മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിലാണ് പരിപാടി. ആഘോഷങ്ങളുടെ ഭാഗമായി നോവലുകള്‍, കഥകള്‍, ചരിത്രം, യാത്രാവിവരണം, വിവർത്തനം എന്നീ വിഭാഗങ്ങളിലായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ 18 പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.
കോഴിക്കോടിന് യുനെസ്‌കോ സാഹിത്യനഗരപദവി ലഭിച്ചതിനോടനുബന്ധിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നേതൃത്വത്തിൽ 56 അക്ഷരങ്ങളുമായി മലയാളത്തിലെ 56 എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഒരുമിച്ച് യുനെസ്കോ സാഹിത്യനഗരിക്ക് അക്ഷരാർപ്പണം നടത്തുന്നു. വൈകിട്ട് 4.30ന് സംഘടിപ്പിച്ചിരിക്കുന്ന അക്ഷരാർപ്പണത്തിൽ മലയാളത്തിലെ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും പങ്കെടുക്കും.
വൈകിട്ട് ആറിന് നടക്കുന്ന 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം എന്‍.എസ്. മാധവന്‍ ഉദ്ഘാടനം ചെയ്യും. കെ. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കും. ‘എന്താണ് ചരിത്രം’ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ മനു എസ്. പിള്ള സ്മാരകപ്രഭാഷണം നടത്തും. സാഹിത്യനഗരവും സാഹിത്യോത്സവങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എ. പ്രദീപ് കുമാർ എന്നിവർ സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവിന്റെ പ്രദർശനവും നടക്കും. തുടര്‍ന്ന് സ്പെയിനിലെ സാംസ്‌കാരികസംഘടനയായ Casa de la India യുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന TARIQA MYSTIC TRAVELLERS എന്ന സംഗീത നൃത്ത-കവിതാസമന്വയവും സംഘടിപ്പിച്ചിട്ടുണ്ട്.
Comments are closed.