പുതുചിന്തയിലെ മഹാഭാരതം
അഭിമുഖം
കെ.സി.നാരായണന്‍/എ.വി. ശ്രീകുമാര്‍
ഒരു സാഹിത്യ കൃതിയുടെ പേര് ഭാരതം രാജ്യനാമമാകുന്ന അപൂര്‍വ്വതയാണ് മഹാഭാരതത്തിനുള്ളത്. ഇത്രയും സ്വാധീനതയുള്ള ഒരു കൃതിയെ സമീപിച്ചപ്പോളെടുത്ത മുന്നൊരുക്കങ്ങള്‍ എന്തെല്ലാമായിരുന്നു?
മുന്നൊരുക്കങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഞാന്‍ മഹാഭാരതത്തിലേക്കു കടക്കുന്നത്. അനുഷ്ടുപ്പ് മാതൃഭാഷയാക്കിയ കുഞ്ഞു കുട്ടന്‍ തമ്പുരാന്റെ വിവര്‍ത്തനം ഒന്നു വായിച്ചു തീര്‍ക്കണം എന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളു. വി.കെ.എന്‍. ആണ് അതിനു പ്രേരണയായത്. ഒരു ദിവസം അവിടെ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു. നാരേണന്‍ മഹാഭാരതം വായിച്ചിട്ടുണ്ടോ.? ഇല്ലെങ്കില്‍ വായിക്കണം. അസ്സല്‍ സാഹിത്യമാണ്. എന്നിട്ട് കൃമ്മീരവധത്തില്‍
നിന്നുള്ള ഒരു വരിയും ചൊല്ലി. അഞ്ചുകുന്നിന്‍ നടുക്കുള്ള പുഴപോലെ കുഴങ്ങിനാള്‍ അഞ്ചു ഭര്‍ത്താക്കന്മാരുടെ ഇടയില്‍ ദ്രൗപദി ഒരുപുഴപോലെ ചുറ്റിത്തിരിഞ്ഞു എന്നാണ് പറയുന്നത്. അങ്ങനെ മുന്നൊരുക്കങ്ങള്‍ ഒന്നും കൂടാതെ ഒരു സാഹിത്യകൃതി വായിക്കുക എന്ന താത്പര്യത്തോടെയാണ് ഞാന്‍ മഹാഭാരതത്തിലേക്കു കടന്നത്. ആറു വാല്യങ്ങള്‍ ഉള്ള ആ പുസ്തകം ഒരു വട്ടം വായിച്ചുതീര്‍ത്തു. അതായിരുന്നു എന്റെ ഉദ്ദേശ്യവും. അപ്പോഴാണ് 2011-ല്‍ വെന്‍ഡി ഡോണിഗര്‍എന്ന പണ്ഡിത എഴുതിയ ദ ഹിന്ദൂസ്: എന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി എന്ന പുസ്തകം കാണാന്‍ ഇടയായത്. അതില്‍ മഹാഭാരതത്തെപ്പറ്റിയും ഒരധ്യായം ഉണ്ടായിരുന്നു. ആ അധ്യായത്തിലെ ഒരു വാക്യം എന്നെ ഇരുത്തിക്കളഞ്ഞു. കഥയില്‍ യുദ്ധാനന്തരം കുറ്റബോധവും വിഷാദവും ബാധിച്ച് രാജ്യം തന്നെ ഉപേക്ഷിക്കാന്‍ നിശ്ചയിച്ച ധര്‍മ്മപുത്രന്‍ കലിംഗ യുദ്ധാനന്തരം പശ്ചാത്താപവിവശനായി ബുദ്ധധര്‍മ്മം സ്വീകരിച്ച അശോകചക്രവര്‍ത്തിയുടെ ഛായ വീണ കഥാപാത്രംകൂടിയാവാം എന്നായിരുന്നു ആ വരിയുടെ ആശയം. ഒരൊറ്റ ഇടിമിന്നല്‍ കൊണ്ട് ഒരു മുഴുവന്‍ ആകാശരാത്രിയെയും തിളക്കിക്കാട്ടുന്ന വാക്യവെദ്യുതിയായി എനിക്കത്. ഞാന്‍ മഹാഭാരതത്തിലേക്ക് വീണ്ടും തിരിച്ചു ചെന്ന് ആദ്യം മുതലേ ഒന്നുകൂടി വായിച്ചു.
എവിടേക്കാണ് പോകുന്നതെന്നോ എന്താണ് പറയാന്‍ പോകുന്നതെന്നോ തെളിഞ്ഞു കിട്ടിയില്ല. നടക്കുമ്പോള്‍ മാത്രം വഴിയുണ്ടാകുന്നു. മഹാഭാരതത്തെക്കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങള്‍ ആദ്യം വായിച്ച് ഒരു പ്ലാനോടെ പുസ്തകമെഴുതുന്ന അക്കാദമിക് രീതിയല്ല ഞാന്‍ അവലംബിച്ചതെന്നുസാരം. ആറായിരം പേജുവരുന്ന ആ പുസ്തകക്കാട്ടില്‍ ഒരു വാലന്‍ പുഴുവിനെപ്പോലെ ശ്വസിച്ചും രസിച്ചും ജീവിച്ചതായിരുന്നു എന്റെ മുന്നൊരുക്കം.
മഹാഭാരതത്തിലില്ലാത്തത് മറ്റെങ്ങും ഇല്ലെന്ന് പറയുമ്പോഴും ബൗദ്ധ സ്വാധീനതയെ അത് തന്ത്രപൂര്‍വ്വം മറച്ചുവെക്കുന്നുണ്ട് എന്ന വിമര്‍ശനത്തെ എങ്ങനെ നോക്കിക്കാണുന്നു?
അശോകനും ബുദ്ധധര്‍മ്മവും ഒക്കെ അങ്ങനെ മഹാഭാരതത്തില്‍ ഉണ്ടെങ്കിലും കോസംബി പറഞ്ഞതുപോലെ ബുദ്ധന്‍ എന്ന പേര് ഒരിക്കലും മഹാഭാരതത്തില്‍ വരുന്നില്ല. മാത്രമല്ല അശോകനെപ്പോലെ ഇനിയൊരാളും ബുദ്ധര്‍മ്മത്തിലേക്ക് ആകൃഷ്ടനായിപ്പോകരുത് എന്ന നിഷ്‌കര്‍ഷയും അതില്‍ കാണാം. ചാതുര്‍വര്‍ണ്യത്തിന്റെ നിയമം വിട്ട് പരധര്‍മ്മങ്ങളില്‍ ആകൃഷ്ടനായി ആളുകള്‍ പ്രത്യേകിച്ചു ക്ഷത്രിയര്‍ പരമതം സ്വീകരിക്കാതിരിക്കാനാണ് അതിന്റെ ഉപദേശങ്ങളും. കൃഷ്ണന്‍ മാത്രമല്ല ഭീഷ്മരും അശ്വത്ഥാമാവും മറ്റു പലരുമെല്ലാം പല സന്ദര്‍ഭങ്ങളില്‍ പറയുന്നുണ്ട് ബ്രാഹ്മണന്‍യാഗം ചെയ്യുകയും ക്ഷത്രിയന്‍ യുദ്ധം ചെയ്യുകയും വൈശ്യന്‍ കച്ചവടം ചെയ്യുകയും ശൂദ്രന്‍ ഇവര്‍ക്കെല്ലാം പാദസേവ ചെയ്യുകയും ചെയ്യുന്ന ചാതുര്‍വര്‍ണ്യമാണ് ശരിയെന്ന്. അങ്ങനെ ഓരോരുത്തരും സ്വന്തം ധര്‍മ്മം അനുഷ്ഠിച്ച് അതില്‍ മുഴുകി നില്‍ക്കുമ്പോഴത്തെ അനുഭവമാണ് സുഖം എന്നും.പക്ഷേ, ആ സുഖത്തിനെ വെല്ലുവിളിക്കുന്നതാണ് അര്‍ജ്ജുനന്റെ ദുഃഖം. അയാള്‍ സ്വധര്‍മ്മമായ യുദ്ധത്തില്‍ സംശയാലുവാണ്. ആ ദുഃഖം തീര്‍ത്ത് അര്‍ജ്ജുനനെ യുദ്ധത്തിലേക്കും ചാതുര്‍വര്‍ണ്യ ധര്‍മ്മത്തിലേക്കും മടക്കിക്കൊണ്ടുവരികയാണ് കൃഷ്ണന്‍ ഭഗവദ്ഗീത ചൊല്ലി ചെയ്യുന്നത്.
ഭഗവദ് ഗീതയെ പലരും പല മട്ടില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പലതും പരസ്പവിരുദ്ധം
പോലുമാണ്? ഇത്രയും വ്യാഖ്യാനിക്കപ്പെടാന്‍ മാത്രം മൂല്യവത്താണോ ഭഗവദ് ഗീത?
യഥാര്‍ഥ ദഗവദ്ഗീത ഭീഷ്മപര്‍വത്തിനു ശേഷം വരുന്ന ദ്രോണപര്‍വത്തിലെ രണ്ടു വരികളാണ്. വളരെ ലളിതമാണ്.
ധര്‍മ്മം വിട്ടു
പാണ്ഡവരേ
കൈക്കൊള്‍വിന്‍
ജയ കൗശലം
അതായത് എന്തു ചെയ്തും ഏതു യുദ്ധ ധര്‍മ്മക്കരാര്‍ ലംഘിച്ചും ആരെയും ചതിച്ചും ആരെയും വധിച്ചും സാമര്‍ഥ്യത്തോടെ ജയം നേടുവിന്‍ എന്നാണ് ഭഗവാന്‍ ചൊല്ലിയ ആ വരികളുടെ അര്‍ഥം. അതിനെയാണ് പാണ്ഡവര്‍ കൈക്കൊണ്ടതും ഭീഷ്മരെയും ദ്രോണരെയും കര്‍ണനെയും ദുര്യോധനനെയും അവര്‍ വധിച്ചത് ആ ചതികൊണ്ടാണ്. ഭഗവദ് ഗീത നാട്ടിലെങ്ങും പ്രചരിച്ചുവെങ്കിലും അതിന്റെ ഈ രണ്ടാം ഭാഗമാണ്, എന്തു ചെയ്തും ജയിക്കുവിന്‍ എന്ന കാഹളമാണ്, രണ്ടായിരം കൊല്ലമായി ഇന്ത്യയിലും പുറത്തും യുദ്ധത്തിലും തിരഞ്ഞെടുപ്പു യുദ്ധത്തിലും പ്രയോഗിക്കപ്പെടുന്നത്. ആല്‍ബേര്‍ കമ്യു പറഞ്ഞു പണ്ട് കൊലപാതകങ്ങളേ ഉണ്ടായിരുന്നുള്ളു, ഇന്ന് തത്ത്വശാസ്ത്രങ്ങള്‍കൂടിയുണ്ട് എന്ന്. ആ തത്വശാസ്ത്രമാണ് ഭഗവദ്ഗീത.
മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍ എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.