‘ഇപ്പോള്‍ പ്രണയത്തോടല്ല കൊലപാതകത്തോടാണ് താത്പര്യം’; ഡി സി ബുക്സ് ഇന്‍സ്റ്റാഗ്രാം ലൈവില്‍ ലാജോ ജോസിന്‍റെ രസകരമായ മറുപടികള്‍
‘ഇപ്പോള്‍ പ്രണയത്തോടല്ല കൊലപാതകത്തോടാണ് താത്പര്യം’ വായനക്കാരെ ത്രില്ലടിപ്പിച്ച് മലയാളിക്ക് നിരവധി ത്രില്ലര്‍ നോവലുകള്‍ സമ്മാനിച്ച എഴുത്തുകാരന്‍ ലാജോ ജോസ് ഡി സി ബുകസ് ഇന്‍സ്റ്റഗ്രാം ലൈവില്‍. വായനാവാരാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച എഴുത്തുകാരോട് സംസാരിക്കാം എന്ന സെഷനില്‍ ഇന്നലെ ലാജോ ജോസ് പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനോട് വായനക്കാര്‍ക്ക് ചോദിക്കാന്‍ ചോദ്യങ്ങള്‍ അനവധിയായിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ലൈവ് വീഡിയോ സന്ദേശങ്ങളായാണ് ലാജോ ജോസ് മറുപടി നല്‍കിയത്.
വ്യത്യസ്തതയുള്ള കഥകള്‍ എഴുതാനാണ് താന്‍ എന്നും ആഗ്രഹിക്കുന്നതെന്നും ആദ്യം എഴുതാന്‍ ശ്രമിച്ചത് ഒരു റൊമാന്‍സ് നോവലായിരുന്നുവെന്നും വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ലാജോ ജോസ് പറഞ്ഞു. പുത്തന്‍ എഴുത്തുകള്‍, സ്വാധീനിച്ച പുസ്തകങ്ങള്‍, പ്രിയപ്പെട്ട എഴുത്തുകാരന്‍, പ്രിയപ്പെട്ട സ്വന്തം എഴുത്തുകള്‍, ക്രൈം ത്രില്ലറുകള്‍, ഹൊറര്‍ മൂവി…അങ്ങനെ നിരവധി വിഷയങ്ങളിലായി വായനക്കാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ലാജോ മറുപടി നല്‍കി.
മലയാളികള്‍ക്ക് ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിച്ച ‘റൂത്തിന്റെ ലോകം’ , ‘കോഫി ഹൗസ്’, ‘ഹൈഡ്രാഞ്ചിയ’ , ‘റെസ്റ്റ് ഇന്‍ പീസ്’ എന്നീ നോവലുകള്‍ക്ക് ശേഷം ‘കന്യാ-മരിയ’യാണ് ലാജോ ജോസിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ നോവല്‍.
ഇന്ന് വൈകുന്നേരം 4 മുതല്‍ 5 മണി വരെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി പ്രശാന്ത് നായരാണ് പരിപാടിയില്‍ പങ്കെടുക്കുക. ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാര്‍ ഉത്തരം നല്‍കും. ചോദ്യങ്ങള്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് മറുപടിയായും, ഡയറക്ട് ഇന്‍സ്റ്റഗ്രാം മെസേജുകളായും ചോദിക്കാവുന്നതാണ്.
Comments are closed.