ഡിസി ബുക്സ് Author In Focus-ൽ സേതു
മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പി പദ്മരാജന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരുടേതുപോലെ ആധുനികതയുടെ കൈമുദ്രകള്‍ പതിഞ്ഞ രചനകളാണ് സേതുവിന്റേതും. അക്കാദമിക് പണ്ഡിതരുടെയും സാധാരണ വായനക്കാരുടെയും ആസ്വാദനത്തിന് ഒരുപോലെ വിധേയമാകുന്നവയാണ് സേതുവിന്റെ രചനകള്‍. ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാതന്ത്രവും കൈമുതലാക്കിയ എഴുത്തുകാരന്‍ സേതുവാണ് ഈ വാരം ഡിസി ബുക്സ് Author In Focus-ൽ.
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.
എഴുത്തുകാരനെ കുറിച്ച്
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനിച്ചു. നോവല്‍ കഥാവിഭാഗങ്ങളില്‍ 38 കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), വിശ്വദീപം അവാര്‍ഡ് (നിയോഗം), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിര രാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. പാണ്ഡവപുരം ഇംഗ്ലിഷും ജര്‍മ്മനുമടക്കമുള്ള ഒമ്പത് ഭാഷകളിലും അടയാളങ്ങള്‍ അഞ്ചു ഭാഷകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായിട്ടുണ്ട്. ദീര്‍ഘ കാലം ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി വിരമിച്ചു. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യയുടെ ചെയര്‍മാനുമായിരുന്നു.
പ്രധാന കൃതികള്‍
നോവല്‍: പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍, കിരാതം, നവഗ്രഹങ്ങളുടെ തടവറ (പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊത്ത്), വനവാസം, ഏഴാംപക്കം, താളിയോല, വിളയാട്ടം, അയല്‍പക്കം, കൈമുദ്രകള്‍, കൈയൊപ്പും കൈവഴികളും, നിയോഗം, അറിയാത്ത വഴികള്‍, അരുന്ധതിയുടെ വിരുന്നുകാരന്‍, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം, അടയാളങ്ങള്‍, പെണ്ണകങ്ങള്‍, മറുപിറവി, ആലിയ
കഥകള്‍: തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങള്‍, ദൂത്, ഗുരു, പ്രഹേളികാകാണ്ഡം, സേതുവിന്റെ കഥകള്‍, ചില കാലങ്ങളില്‍ ചില ഗായത്രിമാര്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, ആദ്യാക്ഷരങ്ങള്‍.
Comments are closed.