DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് Author In Focus-ൽ എം. സുകുമാരൻ

വിപ്ലവ രാഷ്ട്രീയമൂല്യങ്ങള്‍ക്കു രചനകളില്‍ സ്ഥാനം നല്‍കിയ കഥാകൃത്തും നോവലിസ്റ്റുമായിരുന്ന, എം. സുകുമാരൻ എന്ന വിപ്ലവകാരിയായ എഴുത്തുകാരനാണ് ഇന്ന്  ഡി സി ബുക്സ് Author In Focus-ൽ. പ്രത്യയശാസ്ത്രപരമായ ഉൾച്ചൂടും സന്ദിഗ്ദ്ധതയും കിതപ്പും സൃഷ്ടിച്ച അന്തഃക്ഷോഭവും നിരാശതയും സുകുമാരന്റെ നോവലുകളുടെ അന്തർധാരയാണ്. അന്തർമുഖനായ ഈ എഴുത്തുകാരൻ കമ്യൂണിസത്തിലും പിന്നീട് ഇടതുപക്ഷതീവ്രവാദത്തിലും ജീവിതം ഹോമിക്കാൻ തയ്യാറായപ്പോഴും ആന്തരികമായി മോചനത്തിന്റെ പാത തേടുകയായിരുന്നു. എല്ലാ രചനകളുടെയും വിഷയം നാടുകടത്തപ്പെട്ടവരുടെ ദുരവസ്ഥ കൈകാര്യം ചെയ്യുകയും അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി സായുധ പോരാട്ടത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നു എം സുകുമാരന്റെ കഥകൾ .

എം സുകുമാരന്റെ കഥയെഴുത്തിൽ രണ്ടു കാലഘട്ടമുണ്ടായിരുന്നു. ഒന്ന് ജീവിതത്തെ സാത്വികമായും നിർമമതയോടെയും വീക്ഷിച്ചിരുന്ന കാലം. മറ്റൊന്ന്, അറുപതുകളിൽ തുടങ്ങിയ ഭരണകൂടം, ഫാസിസം, മുതലാളിത്തം തുടങ്ങിയ സംജ്ഞകളിൽ അടിമത്വമനുഭവിക്കുന്നവരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രത്യയശാസ്ത്രാഭിമുഖ്യത്തോടെ എഴുതിയിരുന്ന കാലം. തത്ത്വചിന്താപരമായ പ്രതിജ്ഞാബദ്ധതയാണ് കഥയുടെ പുതുപരിണാമത്തിന്റെ പ്രതിനിധികളായ ഇതര കഥാകൃത്തുക്കളില്‍നിന്നും എം. സുകുമാരന്റെ പക്വരചനകളെ വേര്‍തിരിക്കുന്നത് എന്ന് സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ട്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ ദിവസവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍  വായനക്കാർക്ക് അടുത്ത് അറിയാനും അവസരം ഉണ്ട്.

എം സുകുമാരന്‍ (1943-2018)

1943-ല്‍ പാലക്കാട് ചിറ്റൂരില്‍ ജനിച്ചു. അച്ഛന്‍: നാരായണ മന്നാടിയാര്‍. അമ്മ: മീനാക്ഷിയമ്മ. 1963-ല്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ക്ലാര്‍ക്കായി. 1974-ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു. പാറ, അഴിമുഖം, ശുദ്ധവായു, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, ചരിത്രഗാഥ, വഞ്ചിക്കുന്നംപതി, പിതൃതര്‍പ്പണം എന്നിവയാണ് മറ്റ് കൃതികള്‍. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്ക് 1976-ലും ജനിതകത്തിന് 1997-ലും സമഗ്രസംഭാവനയ്ക്ക് 2004-ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. പിതൃതര്‍പ്പണത്തിന് 1992-ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ സ്മാരക പുരസ്‌കാരം, 2004-ലെ യു.പി. ജയരാജ് സ്മാരക അവാര്‍ഡ്. സമഗ്രസംഭാവനയ്ക്കുള്ള മുട്ടത്തുവര്‍ക്കി, സി.വി. കുഞ്ഞുരാമന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ 2008 ലും 2016 ലും. മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1981-ല്‍ ശേഷക്രിയയ്ക്കും 1995-ല്‍ കഴകത്തിനും. പിതൃതര്‍പ്പണത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 2003-ലെ മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘മാര്‍ഗ്ഗം’. 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ‘ചുവന്ന ചിഹ്നങ്ങള്‍’ എന്ന നോവെല്ലാസമാഹാരത്തിനു ലഭിച്ചു. 2018 മാര്‍ച്ച് 16- ന് നിര്യാതനായി.

പ്രധാന കൃതികള്‍
നോവല്‍
ജനിതകം, അസുരസങ്കീര്‍ത്തനം, ശേഷക്രിയ, ചുവന്ന ചിഹ്നങ്ങള്‍
കഥ
എം. സുകുമാരന്റെ കഥകള്‍ സമ്പൂര്‍ണ്ണം, കഥകള്‍-എം. സുകുമാരന്‍, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, ഉഷ്ണഭൂമി

എം. സുകുമാരന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.