DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് Author In Focus-ൽ അക്കിത്തം

Books of AKKITHAM ACHUTHAN NAMBOOTHIRI - DCBooks Author In Focus‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ രചിച്ച് സ്വയം ഇതിഹാസമായി മാറിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയാണ് ഇന്ന്  ഡി സി ബുക്സ് Author In Focus-ൽ. ആധുനിക മലയാള കവിതയിലെ ഒരു യുഗമാണ് അക്കിത്തം വിടപറഞ്ഞപ്പോള്‍ അവസാനിച്ചത്.‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ, വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ തുടങ്ങി അക്കിത്തത്തിന്റെ ഒട്ടേറെ വരികൾ എല്ലാ തലമുറയിലെയും മലയാളികൾക്ക് സുപരിചിതമാണ്.

പ്രസിദ്ധ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി 1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനിച്ചത്. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍. ബാല്യത്തില്‍ THIRANJEDUTHA KAVITHAKAL - AKKITHAM By : AKKITHAM ACHUTHAN NAMBOOTHIRI at dcbooksസംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ച അക്കിത്തം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി പ്രവര്‍ത്തിച്ചു.

പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, മധുവിധു, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍ ), നിമിഷ ക്ഷേത്രം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, അക്കിത്തം കവിതകള്‍: സമ്പൂര്‍ണ്ണ സമാഹാരം, സമത്വത്തിന്റെ ആകാശം, സ്പര്‍ശമണികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയ്ക്ക് 1952 ലെ സഞ്ജയന്‍ അവാര്‍ഡ് ലഭിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2017 പത്മശ്രീ നല്‍കി രാജ്യവും ആദരിച്ചു.
സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ച് 2019ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. 2020 ഒക്ടോബര്‍ 15-ന് അദ്ദേഹം അന്തരിച്ചു.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

അക്കിത്തത്തിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.