DCBOOKS
Malayalam News Literature Website

എഴുത്തില്‍ നിലപാടും ഭാഷയുമാണ് പ്രധാനം: എം.മുകുന്ദന്‍

തൃശ്ശൂര്‍: സാഹിത്യരചനയില്‍ എഴുത്തുകാരുടെ നിലപാടും ഭാഷയുമാണ് പ്രധാനമെന്ന് മയ്യഴിയുടെ പ്രിയകഥാകാരന്‍ എം. മുകുന്ദന്‍. ഏത് വിഷയത്തെ സംബന്ധിച്ചും എഴുത്തുകാരന് രചന നടത്താം. എന്നാല്‍ അതുള്‍ക്കൊള്ളുന്ന നിലപാടും ഭാഷയുമാണ് പ്രധാനം. എങ്കില്‍ മാത്രമേ അതിന് സ്വീകാര്യത ലഭിക്കൂ എന്ന് എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഡി.സി ബുക്‌സ് 44-ാമത് വാര്‍ഷികാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യപുരസ്‌കാരം ലഭിച്ച ബെന്യാമിനെ എം.മുകുന്ദന്‍ അഭിനന്ദിച്ചു. ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുസ്തകപ്രസാധന രംഗത്ത് ഡി.സി ബുക്‌സ് മുന്നോട്ടുവെയ്ക്കുന്ന ധീരത അഭിനനന്ദനാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ഭാഷയോടുള്ള പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ട് ഡി.സി ബുക്‌സ് മുന്നോട്ടുപോകുന്നു എന്നത് ഏറെ പ്രശംസനീയമാണെന്നും വി. കെ. ശ്രീരാമന്‍ കൂട്ടിച്ചേര്‍ത്തു.

20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം ജെ.ദേവിക നിര്‍വ്വഹിക്കുന്നു

തുടര്‍ന്ന് 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം എഴുത്തുകാരിയും ചരിത്രപണ്ഡിതയുമായ ഡോ. ജെ.ദേവിക നിര്‍വ്വഹിച്ചു. ദുരന്താനന്തരകാലവും ചിന്തയുടെ അടിസ്ഥാനപ്രമാണങ്ങളും- 2018 ഓഗസ്റ്റിലെ കേരളത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

കൂടാതെ എം.മുകുന്ദന്‍ രചിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ അമ്പതാം പതിപ്പിന്റെ പ്രകാശനവും ഡി.സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ കൃതികളുടെ പുസ്‌തക പ്രകാശനങ്ങളും വേദിയില്‍ വെച്ച് നടന്നു. അരുന്ധതി റോയ് രചിച്ച ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് എന്ന കൃതിയുടെ മലയാളം വിവര്‍ത്തനമായ അത്യാനനന്ദത്തിന്റെ ദൈവവൃത്തി, ആനന്ദിന്റെ ഇരിപ്പ് നില്‍പ്പ് എഴുന്നേല്‍പ്പ്, ടി.എം കൃഷ്ണയുടെ പുറമ്പോക്ക് പാടല്‍, പ്രശസ്ത ചലച്ചിത്രനടന്‍ പ്രകാശ് രാജിന്റെ നമ്മെ വിഴുങ്ങുന്ന മൗനം, സാറാ ജോസഫിന്റെ എന്റെ കഥയും ജീവിതവും, സേതുവിന്റെ കിളിക്കൂട്, ടി.പി രാജീവന്റെ ക്രിയാശേഷം, ബെന്യാമിന്റെ പോസ്റ്റുമാന്‍, സിസ്റ്റര്‍ ജെസ്മിയുടെ വീണ്ടും ആമേന്‍, ദീപാനിശാന്തിന്റെ ഒറ്റമരപ്പെയ്ത്ത്, സംഗീത ശ്രീനിവാസന്റെ ശലഭം പൂക്കള്‍ എയ്‌റോപ്ലെയിന്‍, സുഭാഷ് ചന്ദ്രന്‍ എഡിറ്റ് ചെയ്ത മിനിക്കഥകള്‍ കവിതകള്‍ എന്നീ കൃതികളാണ് പ്രകാശിപ്പിച്ചത്.

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ 50-ാം പതിപ്പിന്റെ പ്രകാശനം

പിന്നീട് ഡി.സി നോവല്‍ പുരസ്‌കാര വിജയിയെ വേദിയില്‍ വെച്ച് പ്രഖ്യാപിച്ചു. ചാലക്കുടി സ്വദേശിയായ അനില്‍ ദേവസിയാണ് 2018-ലെ ഡി.സി നോവല്‍ സാഹിത്യ മത്സരത്തിലെ വിജയി. വിജയിക്കും മത്സരത്തിന്റെ അവസാനറൗണ്ടിലെത്തിയ മറ്റ് നാല് പേര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വേദിയില്‍ വെച്ച് വിതരണം ചെയ്തു. കൂടാതെ ഒരുവട്ടം കൂടി ഷോര്‍ട്ട്ഫിലിം മത്സരവിജയികള്‍ക്കുള്ള പുരസ്‌കാര ദാനവും വേദിയില്‍ വെച്ച് നടന്നു. എഴുത്തുകാരായ സേതു, ബെന്യാമിന്‍, സിസ്റ്റര്‍ ജെസ്മി, ദീപാനിശാന്ത്, സംഗീത ശ്രീനിവാസന്‍ എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു.

Comments are closed.