അനശ്വര കഥകൾ: മാറിയ കാലത്തെ മാറിയ വായനകൾ
മണ്ണാങ്കട്ടയും കരിയിലയും കൂട്ടുകാരായിരുന്നു. ഒരു ദിവസം രണ്ടു പേരുംകൂടി കാശിക്ക് യാത്ര പുറപ്പെട്ടു. പോകുന്ന വഴിയേ വലിയൊരു കാറ്റടിച്ചു.കാറ്റത്ത് കരിയില പറന്നു പോകാതിരിക്കാൻ മണ്ണാങ്കട്ട കരിയിലയുടെ മേലേ കേറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാറ്റു മാറി. അവർ വീണ്ടും യാത്ര തുടർന്നു. അപ്പോഴാണ് മഴ പെയ്യാൻ തുടങ്ങിയത്. മണ്ണാങ്കട്ട അലിഞ്ഞു പോകാതിരിക്കാൻ ക രിയില അതിൻ്റെ മുകളിൽ കയറി നിന്നു. മഴ ശമിച്ചപ്പോൾ അവർ വീണ്ടും യാത്ര തുടർന്നു. അല്പനേരം കഴിഞ്ഞപ്പോൾ കാറ്റും മഴയും ഒന്നിച്ചു വന്നു. എന്തു ചെയ്യാൻ! മണ്ണാങ്കട്ട അലിഞ്ഞും പോയി, കരിയില പറന്നും പോയി.
ഇത് നമ്മൾ കുട്ടിയായിരുന്നപ്പോൾ കേട്ട ഒരു കഥ. തലമുറകളായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്ന ഒരു പഴങ്കഥ. എന്നാൽ ഈ കഥ എല്ലാ കാലത്തുമുള്ള കുട്ടികൾ ഒരു പോലെയാണോ കേട്ടത് ? ഇപ്പോൾ ഈ കഥ കേൾക്കുമ്പോൾ നമ്മൾ കുട്ടികളായിരുന്നപ്പോൾ ഉൾക്കൊണ്ട പോലെയാണോ ഉൾക്കൊള്ളുന്നത്?
എന്തുകൊണ്ട് മണ്ണാങ്കട്ടയും കരിയിലയും?എന്തിന് കാശിക്കു തന്നെ പോയി? എന്തേ കാശിയിലെത്തും മുമ്പേ കഥ തീർന്നത്? അന്യോന്യം സഹായിക്കുന്നവരുടെ ഗതി ഇതാണോ? അതോ എന്തു ചെയ്താലും വിധി വിഹിതം തടയാനാവില്ലെന്നാണോ?
കഥയിൽ ചോദ്യം പാടില്ലെന്നാണ് പറച്ചിലെങ്കിലും ഇപ്പോൾ ഏതു കഥയോടും വായനക്കാരുടെ ഭാവുകത്വം പ്രതികരിച്ചു കൊണ്ടിരിക്കുന്നു. മാറിയ കാഴ്ചകളും കാഴ്ചപ്പാടുകളും കഥയിൽ ഇടപെടുന്നു.കാലം കഥയിൽ ഇടപെടുന്നു. പഴയ വായനകളിലെ കാഴ്ചകളെ തിരുത്തുന്നു, പുതുക്കുന്നു. ഓരോ വായനയും പുതിയ പാഠങ്ങൾ സൃഷ്ടിക്കുന്നു.
ഈ ഒരു പശ്ചാത്തലത്തിലാണ് മലയാളത്തിലെ ആദ്യകാല ക കഥാകൃത്തുക്കൾ മുതൽ സമകാലീന കഥാകൃത്തുക്കൾ വരെയുള്ള പ്രമുഖരുടെ കഥകളുടെ സമാഹാരങ്ങൾ ഡിസി ബുക്സ് ഒരു പരമ്പരയായി പ്രസിദ്ധീകരിക്കുന്നത്. ഓരോരുത്തരുടെയും ഏറ്റവും പ്രസക്തമായ കഥകൾ, ഈ തലമുറയും വരുംതലമുറകളും വായിക്കേണ്ട അനശ്വര കഥകൾ വിവിധ പഠിതാക്കൾ തെരഞ്ഞെടുത്ത് വിശദമായ പഠനങ്ങളോടെ അവതരിപ്പിക്കുകയാണ്.നവോത്ഥാന കാല കഥകളെന്നും ആധുനിക കഥകളെന്നും അസ്തിത്വവാദകഥകളെന്നും പറഞ്ഞ് കാലത്തിൻ്റെ കുറ്റികളിൽ കെട്ടിയിടപ്പെട്ട കഥകളെ പുതിയ കാഴ്ചകളിലേക്ക് തുറന്നു വിട്ട് അവതരിപ്പിക്കുന്ന ഈ അനശ്വ കഥകളുടെ പുസ്തക പരമ്പര മലയാള കഥാസാഹിത്യത്തെ പുതുതലമുറകളിലേക്ക് സംക്രമിപ്പിക്കുന്ന ഒന്നായിത്തീരുമെന്ന് പ്രതീക്ഷിക്കാം.
അനശ്വര കഥാപരമ്പരയിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ലളിതാംബിക അന്തർജ്ജനം, മാധവിക്കുട്ടി, വി.കെ.എൻ, എം.പി.നാരായണപിള്ള, ഒ വി വിജയൻ, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവരുടെ കഥാസമാഹാരങ്ങളാണ്.തുടർന്ന് മറ്റു പ്രമുഖരുടെ കഥാസമാഹാരങ്ങളും പല ഘട്ടങ്ങളിലായി പ്രസിദ്ധീകരിക്കും.
Comments are closed.