ഡി സി ബുക്സ് 49-ാം വാര്‍ഷികാഘോഷങ്ങൾക്ക് തുടക്കമായി
ഡി സി ബുക്സ് 49-ാം വാര്‍ഷികാഘോഷങ്ങൾ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണന്‍, സുനില്‍ പി ഇളയിടം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന പരിപാടിയിൽ ‘വിശ്വാസം: ഭാവന, ചരിത്രം, ജീവിതം’ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി.
ഡി സി ബുക്സ് പുതിയ എഴുത്തുകാർക്ക് നല്ല ഒരിടമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. സാംസ്‌കാരിക – സാമൂഹിക രംഗങ്ങളിൽ ഡി സി ബുക്സും ഡിസി കിഴക്കെമുറിയും വഹിച്ച പങ്കുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പുസ്തകപ്രസിദ്ധീകരണ ശാലകൾ നേരിടുന്ന കനത്ത പ്രതിസന്ധികൾക്ക് ഇടയിലും അവയെ അതിജീവിച്ചു വലിയ പ്രസ്ഥാനമായി ഡി സി ബുക്സ് വളർന്നു വന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.
“വിശ്വാസം ധാരണയുടെ മാത്രം തലമായല്ല നിലനിൽക്കുന്നത്. അതുകൊണ്ട് വലിയ ചിന്തകർക്ക് പോലും അവയെ മറികടക്കാൻ എളുപ്പമല്ല. മനുഷ്യൻ ലോകവുമായി നടത്തുന്ന മുഖമുഖത്തിന്റെ ഫലമാണ് വിശ്വാസം”- സുനില്‍ പി ഇളയിടം പറഞ്ഞു. മതങ്ങൾ കേവലമായൊരു വിശ്വാസവ്യവസ്‌ഥ മാത്രമല്ലെന്നും ദൈവസങ്കൽപ്പങ്ങളിൽ പോലും പരിണാമം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നേതാക്കൾ പകർന്നു നൽകിയ മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഒരു പാലമായി ഡിസി ബുക്സ് എന്നും പ്രവർത്തിക്കുന്നുവെന്ന് വി. ജെ. ജയിംസ് പറഞ്ഞു.
ഡി സി ബുക്സ് എന്നൊരു പ്രസാധന സ്ഥാപനം ഇല്ലായിരുന്നുവെങ്കിൽ ടി ഡി എന്ന എഴുത്തുകാരൻ തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും 2003-ൽ ആൽഫ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത് വരെ തന്റെ രചനകൾ ഒരു ആനുകാലികത്തിൽ പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും എന്ന് ടി. ഡി. രാമകൃഷ്ണന്‍ പറഞ്ഞു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണവര്‍ഷാഘോഷങ്ങളാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്.
Comments are closed.