സൈബറിടത്തിലെ ഇരുൾ ലോകം
എല്ലായിപ്പോഴും നമ്മളിൽ ആകാംക്ഷയും കൗതുകവും ജനിപ്പിക്കുന്നതാണ് ക്രൈം ത്രില്ലർ നോവലുകൾ. അല്ലെങ്കിൽ അങ്ങനെയുള്ളതാവണം ക്രൈം ത്രില്ലറുകൾ. ഇവിടെ അക്ഷരാർത്ഥത്തിൽ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു നോവലാണ് ഡാർക്ക് നെറ്റ്.
ഈജിപ്റ്റിൽ പിരമിഡുകളെ കുറിച്ച് ഗവേഷണം നടത്തുന്ന അനന്തമൂർത്തി എന്നൊരു പ്രൊഫസർ. കേരളത്തിലേക്ക് എത്തിപ്പെടുന്ന അദ്ദേഹത്തിന് ഒരു ഭീകരസംഘടനയിൽ നിന്ന് ഭീഷണി ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ, കേരള പോലീസ് അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്നു. പക്ഷേ എത്രയൊക്കെ ശ്രദ്ധിച്ചിട്ടും അദ്ദേഹത്തിന്റെ മരണം സംഭവിക്കുക തന്നെ ചെയ്തു. അതൊരു അഭിമാന പ്രശ്നമായി മാറിയ കേരള പോലീസ് അസാധാരണമായ ആ മരണത്തിന് പിന്നാലെ സഞ്ചരിക്കുമ്പോൾ ചുരുളഴിയുന്നത് ഒരുപാട് കാര്യങ്ങളാണ്.
ബുദ്ധിയും വിവേകവും ഒരുപോലെ ഒത്തിണങ്ങിയ ഒന്നിലേറെ കഥാപാത്രങ്ങൾ, നോവലിന്റെ മനോഹാരിത ഒന്നുകൂടി വർദ്ധിപ്പിച്ചു. പലപ്പോഴും ഈ കഥയുടെ പോക്ക് ഇതെങ്ങോട്ടാണ് എന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ശിഖ, അലൻ, അനസൂയ, ശിവന്തിക, സിദ്ധാർത്ഥൻ.. അങ്ങനെ അങ്ങനെ ബുദ്ധിയും വിവേകവും കൊണ്ട് കളിക്കുന്ന ഒരുപാട് ഒരുപാട് ആളുകൾ.. എന്റെ ചിന്താശേഷിക്കും അപ്പുറമുള്ള കാര്യങ്ങൾ.
ഇന്നുവരെ കേട്ടറിവ് പോലുമില്ലാത്ത ഇന്റർനെറ്റിന്റെ മറ്റൊരു മായാലോകത്തെക്കുറിച്ച് എനിക്ക് അറിവ് പകർന്നു തന്ന മനോഹരമായ ഒരു രചന. സൈബർ ക്രൈം ആണ് നോവലിന്റെ ആധാരം എന്നിരിക്കെ, നമുക്ക് തീരെ അറിയാത്ത ഒരുപാട് ഒരുപാട് അറിവുകൾ രചയിതാവ് നമുക്ക് പകർന്നു തരുന്നുണ്ട്. ഡാർക്ക് നെറ്റ്, ക്ലിയർ നെറ്റ്, റെഡ് റൂം, ക്രിപ്റ്റോ കറൻസി… അങ്ങനെ അങ്ങനെ ഈ നോവൽ തുറന്നു തന്ന അറിവിന്റെ വാതായനങ്ങൾ ചെറുതൊന്നുമല്ല.
ഈ ലോകത്ത് ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോ എന്ന് ആശ്ചര്യത്തോടെ ഓർത്തു പോയി ഞാൻ. ചിലപ്പോൾ ശരിയായിരിക്കാം, സൈബർ അധോലോകം എന്നൊരു അധോലോകം തന്നെ ഇപ്പോൾ രൂപം കൊണ്ടിട്ടുണ്ടാകാം. അവിടെ നമ്മൾ ആരും അറിയാതെ ഒരുപാട് ഒരുപാട് കുറ്റകൃത്യങ്ങൾ അരങ്ങേറുന്നുണ്ടാവാം.
ഒരു കാര്യം തുറന്നു പറയട്ടെ, ഈ നോവൽ വായിച്ചതിനു ശേഷം ഡാർക്ക് നെറ്റ് എന്താണ് എന്നറിയാൻ വല്ലാത്തൊരു കൗതുകം. അത് ഒരുപക്ഷേ എന്നെപ്പോലെ തന്നെ മറ്റു പലർക്കും തോന്നിയിരിക്കാം. ഡാർക്ക് നെറ്റിൽ എന്തു നടക്കുന്നു എന്നറിയാൻ ഒരു കൗതുകം.
ഏതൊരു വായനക്കാരനും മനസ്സിലാകുന്ന തരത്തിൽ ഉള്ള ഭാഷയാണ് രചയിതാവ് സ്വീകരിച്ചിരിക്കുന്നത്. അത് നോവലിന്റെ സ്വീകാര്യത ഒന്നുകൂടി വർദ്ധിപ്പിക്കുന്നു.
ആദ്യ അവസാനം ട്വിസ്റ്റുകളുടെ പെരുമഴ സമ്മാനിച്ച മനോഹരമായ നോവൽ.. ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന ഏതൊരു വായനക്കാരനും ധൈര്യപൂർവ്വം വായിക്കാവുന്ന ഒരു പുസ്തകം..!
മനസ്സിന്റെ ആഴങ്ങളിലേക്ക് ഈ നോവലിനെ പതിപ്പിച്ചു വയ്ക്കാൻ കഴിഞ്ഞതിന് രചയിതാവിന് അഭിനന്ദനങ്ങൾ..!
Comments are closed.