DCBOOKS
Malayalam News Literature Website

ദാരിദ്ര്യത്തിന്റെ സമ്പദ്ശാസ്ത്രം

ജി. രാഗേഷ്

2019-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍ എന്ന കൗതുകമാണ് അഭിജിത് ബാനര്‍ജിയിലെത്തിച്ചത്. ലോകമാകെയുള്ള ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യാനുള്ള പരീക്ഷണാത്മകമായ ശ്രമങ്ങള്‍ക്കാണ് അഭിജിത്തിനും ഭാര്യയായ എസ്തര്‍ ഡുഫ്ലോയ്ക്കും മൈക്കല്‍ ക്രെമെറിനുമൊപ്പം നൊബേല്‍ നേട്ടം സ്വന്തമായത്. ദാരിദ്ര്യം എന്ന ലോകാവസ്ഥയോടുള്ള അഭിജിത്തിന്റെയും എസ്‌തേറിന്റെയും സമീപനത്തിന്റെ അടിത്തറ മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് ‘പുവര്‍ ഇക്കണോമിക്‌സ്: റീതിങ്കിങ് പോവെര്‍ട്ടി ആന്‍ഡ് ദി വേയ്‌സ് ടു എന്‍ഡ് ഇറ്റ്.’

സിദ്ധാന്തങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമപ്പുറം തികച്ചും പ്രായോഗികമായ സമീപനത്തിലൂടെ ദാരിദ്ര്യത്തില്‍നിന്നും മനുഷ്യരെ പുറത്തെത്തിക്കാനാകുമോയെന്ന അന്വേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. ദാരിദ്ര്യത്തെക്കുറിച്ചുള്ള പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും കാര്യത്തില്‍ സാമ്പത്തികശാസ്ത്ര മേഖലയ്ക്ക് തികച്ചും ഭിന്നമായ രണ്ടഭിപ്രായങ്ങളാണുള്ളത്. പാവപ്പെട്ടവര്‍ക്ക് ദാരിദ്ര്യത്തില്‍നിന്ന് രക്ഷനേടാന്‍ പുറത്തുനിന്നുള്ളധനസഹായം ആവശ്യമാണെന്നാണ് ഒരു കൂട്ടരുടെ വാദം. ‘ദി എന്‍ഡ് ഓഫ് പോവെര്‍ട്ടി’ എന്ന കൃതി രചിച്ച ജെഫ്രി സാക്സാണ് ഈ വാദത്തിന്റെ മുന്‍നിരയില്‍. മറുവശത്തുള്ളവര്‍ വാദിക്കുന്നത് സഹായം ശാശ്വതമായ പരിഹാരം ഉണ്ടാക്കില്ലെന്നും ആളുകളെ Textഅലസരാക്കുകയേ ഉള്ളൂവെന്നുമാണ്. വില്യം ഈസ്റ്റര്‍ലി, ദംബിസ മോയോ തുടങ്ങിയവരാണ് ഈ വാദം മുന്നോട്ടു വെക്കുന്നവര്‍. ഈ രണ്ടു ചേരിയില്‍ നിന്നും തെല്ലു മാറിയാണ് അഭിജിത് ബാനര്‍ജിയും എസ്തര്‍ ദുഫ്‌ലോയും നടക്കുന്നത്. ദരിദ്രരെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി കാണുകയും വാര്‍പ്പ് മാതൃകകളിലൊതുക്കുകയും ചെയ്യുന്ന പരമ്പരാഗത സമീപനം മാറ്റുകയാണ് ദാരിദ്ര്യം ഉന്മൂലനം ചെയ്യാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതെന്നാണ് അവരുടെവാദം. ഇന്ത്യ, കെനിയ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ 18 രാജ്യങ്ങളില്‍ എട്ടു വര്‍ഷം നടത്തിയ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും കണ്ടെത്തലുകളാണ് അവരുടെ പുസ്തകത്തിന്റെ ഉള്ളടക്കം. ആരോഗ്യം, വിദ്യാഭ്യാസം, സമ്പാദ്യം, പാര്‍പ്പിടം, സമ്പാദ്യം തുടങ്ങിയ കാര്യങ്ങളോടുള്ള ദരിദ്രരുടെ സമീപനം, അവര്‍ക്ക് ജീവിതം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവിധ രാജ്യങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പുസ്തകം വിശദമായി അടയാളപ്പെടുത്തുന്നു. സാമ്പത്തികശാസ്ത്രത്തിന്റെ പരുക്കന്‍ ഭാഷയെക്കാള്‍ മനുഷ്യരുടെ കഥ പറയുന്ന ആഖ്യാനസ്വഭാവമാണ് പുസ്തകത്തിന്റെ മുക്കാലും ഭാഗത്ത് രചയിതാക്കള്‍ പിന്തുടരുന്നത്. കേരളത്തിലെയടക്കം ഗ്രാമ-നഗരമേഖലകളിലെ ദരിദ്രജീവിതം അടുത്തറിയുകയോ അറിയാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുള്ളവര്‍ക്ക് ഈ പുസ്തകത്തിലെ അനുഭവങ്ങളുമായി എളുപ്പം താദാത്മ്യം പ്രാപിക്കാനാകും.

പുസ്തകത്തിന്റെ ആമുഖത്തില്‍ രചയിതാക്കള്‍ ഇങ്ങനെയെഴുതുന്നു ‘ഞങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെ പാവപ്പെട്ടവരുടെ ജീവിതത്തെപ്പറ്റി ചിന്തിക്കുവാന്‍ വിസകന സാമ്പത്തിക ശാസ്ത്രജ്ഞരും (Development Economists) നയങ്ങള്‍ രൂപീകരിക്കുന്നവരും പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന ലളിത മാതൃകകളുമായി കൂട്ടിവായിക്കാന്‍ ഞങ്ങള്‍ പണിപ്പെട്ടു. (ഈ മാതൃകകള്‍ മിക്കപ്പോഴും പാശ്ചാത്യമോ പാശ്ചാത്യരാല്‍ പരിശീലിക്കപ്പെട്ടവരോ ആണ്). ഒട്ടുമിക്കപ്പോഴും ഞങ്ങളുടെ കൈയിലെ തെളിവുകളുടെ ഭാരം ഞങ്ങള്‍ കൊണ്ടുനടന്നിരുന്ന സിദ്ധാന്തങ്ങളെ പുനഃപരിശോധിക്കാനോ വലിച്ചെറിയാനോ തന്നെ ഞങ്ങളെ പ്രേരിപ്പിച്ചു. എന്നാല്‍ ആ സിദ്ധാന്തങ്ങള്‍ എന്തു കൊണ്ട് പരാജയപ്പെടുന്നെന്നും ലോകത്തെ വിശദീകരിക്കാനായി അവയെ എങ്ങനെ കൂടുതല്‍ നന്നായി സാംശീകരിക്കാമെന്നും കൃത്യമായി മനസ്സിലാക്കുന്നിന് മുന്‍പ് അത്തരം സാഹസങ്ങള്‍ ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഈ പുസ്തകം ആ കൊടുക്കല്‍ വാങ്ങലില്‍ നിന്നുണ്ടായതാണ്. ദരിദ്രരായ മനുഷ്യര്‍ അവരുടെ ജീവിതം എങ്ങനെ ജീവിക്കുന്നുവെന്നതിന്റെ സമഗ്രമായ ഒരു കഥ നെയ്തെടുക്കാനുള്ള ഞങ്ങളുടെ ശ്രമത്തെ അത് പ്രതിനിധാനം ചെയ്യുന്നു.’

എഴുത്തുകാരുടെതന്നെ അഭിപ്രായത്തില്‍ ‘ദരിദ്ര സമ്പദ് ശാസ്ത്രമെന്നത് ദരിദ്രരുടെ സാമ്പത്തിക ജീവിതം മനസ്സിലാക്കുന്നതില്‍നിന്നും രൂപം കൊള്ളുന്ന വളരെ സമ്പന്നമായ സാമ്പത്തിക ശാസ്ത്രത്തെപ്പറ്റിയുള്ള പുസ്തകമാണ്. ദരിദ്രര്‍ക്ക് എന്തൊക്കെ നേടാന്‍ കഴിയുമെന്നതിനെപ്പറ്റിയും അവര്‍ക്ക് എവിടെയൊക്കെ ഏത് കാരണങ്ങളാലാണ് ഒരു തള്ള് ആവശ്യമുള്ളതെന്നും നമ്മെ മനസ്സിലാക്കാന്‍ സഹായിക്കുന്ന സിദ്ധാന്തങ്ങളെപറ്റിയുള്ള പുസ്തകമാണിത്.’

അഭിജിത്തും എസ്തറും മനസ്സിലാക്കാന്‍ ശ്രമിച്ച കാലത്തുനിന്നും ലോകം അല്പദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. കോവിഡ്, ദാരിദ്ര്യം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയവയെയൊക്കെ ദിനംപ്രതി പുനര്‍നിര്‍വചിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും ദാരിദ്ര്യം ഒരു യാഥാര്‍ഥ്യമായി നില്‍ക്കുന്നിടത്തോളം ഈ പുസ്തകം പ്രസക്തം തന്നെയാണ്. അഭിജിത് ബാനര്‍ജിയുടെയും എസ്തര്‍യുടെയും വിശാലമായ അന്വേഷണലോകത്തേക്ക് കടക്കാനാഗ്രഹിക്കുന്നവര്‍ക്ക് തുടങ്ങാന്‍ പറ്റിയ ഇടമാണ് ഈ പുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.