DCBOOKS
Malayalam News Literature Website

മനു എസ്.പിള്ളയുടെ ‘ദന്തസിംഹാസനം’ നാലാം പതിപ്പില്‍

ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാര്‍ക്കിടയിലെ മാത്സര്യങ്ങളും വിവരിക്കുന്ന ഐതിഹാസികഗ്രന്ഥമാണ് മനു എസ്. പിള്ളയുടെ ദന്തസിംഹാസനം.ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് മനു ഈ കൃതിയെഴുതുന്നത്. അതിനാല്‍ത്തന്നെ കൃത്യതയോടെയുള്ള വിവരണശേഖരണവും ഒപ്പം മൂലകൃതികളുടെ റഫറന്‍സും ഈ കൃതിയെ ഒരു ആധികാരിക ചരിത്രരേഖയാക്കുന്നു.

പ്രതിഭാധനനായ ചിത്രകാരന്‍ രാജാ രവിവര്‍മ്മയില്‍നിന്നാണ് മനു എസ്.പിള്ള കഥ പറഞ്ഞുതുടങ്ങുന്നത്. കേന്ദ്രകഥാപാത്രമായ റീജന്റ് മഹാറാണി സേതുലക്ഷ്മീബായിയുടെ പിതാമഹനാണ് രാജാരവിവര്‍മ്മ. നിറപ്പകിട്ടാര്‍ന്ന ഈ അദ്ധ്യായം മുതല്‍ തന്നെ കൊട്ടാരക്കെട്ടിനുള്ളിലെ ജീവിതങ്ങളുടെ ഇരുളിച്ചകളിലേയ്ക്കും മനു വായനക്കാരെ നയിക്കുന്നുണ്ട്. ലോകപ്രശസ്തനായ ചിത്രകാരന്റെ മദ്യപാനത്തിന് അടിപ്പെട്ട ഭാര്യയും സൗന്ദര്യത്താലുള്ള ഏറ്റക്കുറച്ചിലുകള്‍ മൂലം മാത്സര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട പെണ്‍മക്കളും കലാകാരന്റെ ആത്മസംഘര്‍ഷങ്ങളും എല്ലാം പ്രായത്തില്‍ കവിഞ്ഞ പക്വതയുടെ മനു വരച്ചുകാട്ടുന്നുണ്ട്. തിരുവിതാംകൂര്‍ രാജവംശത്തില്‍ സ്ത്രീ സന്തതികള്‍ ഇല്ലാതെവന്ന സന്ദര്‍ഭത്തില്‍ അന്യോന്യം മത്സരബുദ്ധി വച്ചുപുലര്‍ത്തിയിരുന്ന ഈ പെണ്‍മക്കളുടെ ഓരോ കുട്ടിയെ വീതം സീനിയര്‍ റാണിയും ജൂനിയര്‍ റാണിയുമായി ദത്തെടുക്കുകയാണുണ്ടായത്. അങ്ങനെ ആ സഹോദരിമാര്‍ക്കിടയിലെ കാലുഷ്യം മക്കളിലേക്കും അവിടെനിന്ന് കേരളചരിത്രത്തിന്റെ തന്നെ താളുകളിലേക്കും പരക്കുന്നതാണ് പിന്നെ നാം കാണുന്നത്.

രാജകുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട് ഏകാന്തമായ ബാല്യത്തിലൂടെയും പുസ്തകങ്ങള്‍ക്കിടയിലെ കൗമാരത്തിലൂടെയും കടന്ന് പ്രത്യേക സാഹചര്യത്തില്‍ ഭരണം ഏറ്റെടുക്കേണ്ടി വന്ന വനിതയായിരുന്നു സേതുലക്ഷ്മി ബായി. കുടുംബത്തിലും പുറത്തും പല വെല്ലുവിളികളും നേരിട്ടപ്പോഴും തന്റെ ആദര്‍ശങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു സേതുലക്ഷ്മി ബായിയുടേത്. ഒടുവില്‍ കൊട്ടാരവും രാജ്യവും ഉപേക്ഷിച്ച് ബാംഗ്ലൂരില്‍ തികച്ചും സാധാരണക്കാരിയായ കുടുംബിനിയായി അവര്‍ ജീവിച്ചു മരിച്ചു.

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ കേരളത്തിലൂണ്ടായ സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ മാറ്റങ്ങളും ഈ കൃതിയിലൂടെ കടന്നുപോകുന്നുണ്ട്. ദി ഐവറി ത്രോണ്‍ എന്ന കൃതിയുടെ മലയാള പരിഭാഷയായ ദന്തസിംഹാസനം ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസന്ന കെ. വര്‍മ്മ വിവര്‍ത്തനം ചെയ്തിരിക്കുന്ന ദന്തസിംഹാസനത്തിന്റെ നാലാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.