DCBOOKS
Malayalam News Literature Website

കഥയെഴുത്തുകാരന്റെ കൈയൊപ്പാവുന്ന യാത്രാഗ്രന്ഥം

മികച്ച യാത്രാവിവരണത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സി. അനൂപിന്റെ ‘ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തക’ ത്തിന് എസ് ജയചന്ദ്രന്‍ നായര്‍ എഴുതിയ വായനാനുഭവം

ദാദാ അബ്ദുള്ള എന്ന കമ്പനിക്കു വേണ്ടി കേസ് നടത്താനായി ബാരിസ്റ്റര്‍ മോഹന്‍ ദാസ് പ്രിട്ടോറിയയില്‍ എത്തുന്നjതോടെയാണ് കാപ്പിരികളുടെ നാടായി അറിയപ്പെട്ടിരുന്ന ആഫ്രിക്കയുടെ മനസ്സ് ഇന്ത്യക്കാര്‍ തിരിച്ചറിയുന്നത്. 1893ലായിരുന്നു മഹാത്മാഗാന്ധിയായി ലോക മനസ്സില്‍ മുദ്ര പതിപ്പിച്ച മോഹന്‍ദാസ് അവിടെയെത്തിയത്.

മിന്നലും ഇടിയും കൊണ്ടു് കലുഷവും പ്രക്ഷുബ്ധവുമായ ആ കാലം. അതെല്ലാം ഒഴിഞ്ഞു അന്തരീക്ഷം പ്രസന്നമാവുന്നത് ‘കറുത്തതൊലി’കാര്‍ക്ക് അവരുടെ ജന്മവകാശമായ സ്വാതന്ത്ര്യം കിട്ടുമ്പോഴായിരുന്നു. ആ ചരിത്രം ഓര്‍മ്മിപ്പിക്കുന്നതാണ് സി.അനൂപ് എഴുതിയ ‘ദക്ഷിണാഫ്രിക്കന്‍ യാത്രാ പുസ്തകം’ എന്ന അതിസുഭഗമായ രചന.

സാധാരണ നിലയിലുള്ള യാത്രാ വിവരണമല്ല ഇത്. പതിവ് യാത്രകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന ഗ്രന്ഥകര്‍ത്താവ് താന്‍ കണ്ടതും Textകേട്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ വാക്കുകള്‍ക്കു ഒതുക്കി നിറുത്താതെ അതില്‍ സ്പന്ദിക്കുന്ന മനുഷ്വത്വം തൊട്ടറിയുകയും അത് വായനക്കാരിനിലേക്ക് പാകുകയും ചെയ്യുന്നു. അഭിനന്ദനീയമാണ് അതില്‍ അദ്ദേഹം കൈവരിക്കുന്ന വിജയം.

“എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മിന്നലുകളും മഴവില്ലുകളും ഞാന്‍ കണ്ടത് തെക്കനാഫ്രിക്കയുടെ ആകാശത്തിലാണ്.” എന്ന വാചകത്തില്‍ ഗ്രന്ഥകര്‍ത്താവിന്റെ നേരനുഭവങ്ങൾ ആമുഖം എഴുതിയ  അനിത തമ്പിയുടെ നിരീക്ഷണവുമായി  ചേർന്നു സഞ്ചരിക്കുന്നു.

മണ്ടേല വീണ്ടെടുത്ത മണ്ണ്, വേരുകള്‍ മുറിയുമ്പോള്‍, ഗാന്ധിയില്‍ നിന്നു മഹാത്മാവിലേക്ക്, തോക്കുകള്‍ നൃത്തം ചെയ്യുന്ന രാത്രി. അന്യായം വെള്ളം പോലെയും  നീ തീ വറ്റാത്ത തോടു പോലെയും, സ്റ്റീവ് എന്തുകൊണ്ടു രോഷാകുലനാകുന്നു, പാട്രിക് ജീവത്തെ കാണുന്നത്, കാഴ്ചയുടെ ഉദ്യാനം, വിധി നിര്‍ണ്ണായക ദിനം, റസ്റ്റ് ആന്റ് പീസ്, ആ തീവണ്ടി മുറിയും സ്റ്റേഷനും, മഞ്ഞു മഴയുടെ രാത്രി, കേപ്ടൗണിലേക്ക്, പെന്‍ഗ്വിനുകളുടെ തീരം, റോബന്‍ ഐലന്‍ഡ്, തിരമാല എന്നീ ശീര്‍ഷകങ്ങളിലൂടെ അതിക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടവരുംടെ ഉയിര്‍ത്തെഴുന്നേല്പിന്റെ ആവേശകരമായ കഥ അനൂപ് രേഖപ്പെടുത്തുന്നു.

വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും ആഖ്യാനം ചെയ്യുന്ന ഗ്രന്ഥകര്‍ത്താവ് എഴുതുന്നു. “കാണാത്ത സ്ഥലങ്ങളിലൂടെ കടന്നു പോകുന്നതു മാത്രമല്ല  യഥാര്‍ത്ഥയാത്ര. നമ്മുടെ നിസ്സഹായതയും അറിവില്ലായ്മയും തിരിച്ചറിയാനുള്ള ഗാഢമായ സ്നാനം കൂടിയാണു് ഓരോ യാത്രയും.

നിരന്തര യാത്രികനാകുന്നതാണ് മറ്റെന്തിനെക്കാളും നല്ലതെന്നു് തോന്നും; ചില സ്ഥലങ്ങള്‍ കാണുമ്പോള്‍. ഈ മനുഷ്യനെ കണ്ടുമുട്ടിയതെത്ര നന്നായെന്നു തോന്നും ചിലരെ കണ്ടു പിരിയുമ്പോള്‍. – അങ്ങനെ എത്രയെത്ര മറക്കാനാവാത്ത നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. -അനുഗൃഹീതനായ ആ കഥയെഴുത്തുകാരന്റെ കൈയൊപ്പുള്ള കൃതിയാണ്. ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.