മനുഷ്യൻ എത്ര നിസ്സാരനാണ്, ഒരു വികാരത്തിന് പുറത്തു പൊട്ടിത്തെറിക്കുന്നവൻ, അതോർത്ത് ജീവിതാന്ത്യം വരെ സ്വയം നീറുന്നവൻ!
ഈയിടെ കുറെ ബുക്ക്സ് വാങ്ങിയപ്പോൾ കൂട്ടത്തിൽ വാങ്ങിയ രണ്ടു ബുക്ക്സ് ജോസഫ് എന്ന ഈ ചെറുപ്പക്കാരന്റേതായിരുന്നു . burried thoughts എന്ന ഇംഗ്ലീഷ് ബുക്കും ദൈവത്തിന്റെ ചാരന്മാർ എന്ന മലയാളം ബുക്കും .രണ്ടും ഒരേ സമയത്തു വായിച്ചു തുടങ്ങി . ഇപ്പോൾ ദൈവത്തിന്റെ ചാരന്മാർ വായിച്ചു തീർത്തു .
വളരെ ലളിതമായി ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും പറഞ്ഞു പോവുന്ന, ബന്ധങ്ങളുടെ വിലയും ആഴവും മനസിലാക്കി തരുന്ന ഒരു ജീവിത വിവരണം മാത്രമാണ് ഈ ബുക്ക്.
വലിയ മുൻധാരണയില്ലാതെ വായിക്കുന്ന ഏതൊരാൾക്കും സ്വന്തം ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടവും മുന്നോട്ടുള്ള യാത്രയിലേക്കു വെളിച്ചവുമാവും ഈ പുസ്തകം എന്ന് എനിക്കുറപ്പുണ്ട് . ഇടക്ക് നമ്മൾ പോലും അറിയാതെ നമ്മുടെ കണ്ണിൽ നനവ് പടരുന്നുണ്ടെങ്കിൽ നമ്മളിലെ നന്മയും സ്നേഹത്തിന്റെ ഉറവയും വറ്റിപോയിട്ടില്ല ,അത് തിരിച്ചറിയാൻ ഈ പുസ്തകം നമ്മളെ സഹായിക്കും . വലിയ ജീവിത തത്വങ്ങളോ ഫിലോസഫിസിയോ പ്രതീക്ഷിക്കരുത് , എങ്കിലും കുറെ നല്ല പാഠങ്ങൾ നിങ്ങളെ ഓര്മപ്പെടുത്താൻ ഈ പുസ്തകം സഹായിക്കും .
ഒന്നും പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതയാത്രയിൽ നമ്മോടൊപ്പം അൽപനേരം സഞ്ചരിച്ചു പിരിഞ്ഞു പോവുന്ന ചിലർ ,നമ്മോടൊപ്പം ജനനം മുതൽ കൂടെ സഞ്ചരിക്കുന്ന, നമ്മൾ അറിയാതെ പോവുന്ന സ്നേഹത്തിന് നിറകുടങ്ങൾ ആയവർ ,നമ്മളെ കരയിക്കുകയും പിന്നെ ശക്തരാക്കുകയും ചെയ്യുന്ന ചിലർ അങ്ങനെ പലതരം വേഷങ്ങൾ ആടി തിമിർക്കുന്നവർ ഉണ്ട് നമ്മുടെ ജീവിതത്തിൽ.ചിലർക്ക് നാം കൊടുക്കുന്ന സ്നേഹത്തിന്റെ വില അവർ അറിയാതെ പോവുന്നു, ചിലരുടെ സ്നേഹത്തിന്റെ വില നമ്മൾ അറിയാതെ പോവുന്നു അല്ലെ.
മനുഷ്യൻ എത്ര നിസ്സാരനാണ് ,ഒരു വികാരത്തിന് പുറത്തു പൊട്ടിത്തെറിക്കുന്നവൻ ,പിന്നെ അത് കാരണത്താൽ ജീവിതാന്ത്യം വരെ സ്വയം നീറുന്നവൻ.ക്ഷമിക്കാനും പൊറുക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാത്രമാണ് ദൈവം നമ്മളെ ഭൂമിയിലേക്കയച്ചത് എന്ന വളരെ ലളിതമായ പാഠം മനസ്സിലാവുന്നിടത്തു ജീവിതം ഒരു സുന്ദരമായ യാത്രയായി മാറുന്നു.
വായന മരിക്കുന്നു എന്ന് വിലപിക്കുന്ന പുതിയ കാലത്തു ജീവിതത്തെ വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഈ പുസ്തകം പുതിയ തലമുറയെ വീണ്ടും വായനയുടെ ലോക ത്തേക്ക് കൈ പിടിച്ചു കൊണ്ട് വരും , മാത്രമല്ല, ജീവിത മൂല്യങ്ങളെ കുറിച്ചും ബന്ധങ്ങളുടെ ഊഷ്മളതയെ കുറിച്ചും നമ്മളോട് വളരെ മധുരമായി സംവദിക്കുന്നുമുണ്ട് ഈ ചെറുപ്പക്കാരൻ ഈ കൊച്ചു പുസ്തകത്തിലൂടെ .
നന്ദി ജോസഫ് ,അറിയാതെ ഞാനുമൊരു കുറെ ചാരന്മാരെ ഓർത്തു പോയി , എന്റെ ജീവിതം ധന്യമാക്കി തന്ന ദൈവത്തിന്റെ ചാരന്മാരെ .( ചിലരെ എങ്കിലും വീണ്ടും ഓർത്തെടുക്കാനും ബന്ധപ്പെടാനും അടങ്ങാത്ത ആഗ്രഹം ജനിപ്പിച്ചു ).ഒരു പാട് നന്ദിയുണ്ട് സുഹൃത്തെ .നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ നല്ല ചാരന്മാരെ തിരിച്ചറിയാനും , മറ്റുള്ളവരുടെ ജീവിതത്തിലെ നല്ല ചാരന്മാരായി നമ്മളെ മാറ്റാനും ഈ പുസ്തകത്തിനും എഴുത്തുകാരനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
എഴുതിയത്; മുഹമ്മദ് ഹുസൈൻ ഒ.പി ,വാണിമേൽ
http://njanhussain.blogspot.com/2019/06/blog-post_20.html
Comments are closed.