വചനാമൃതങ്ങളുടെ പ്രപഞ്ച സൗന്ദര്യം……
ചന്ദ്രശേഖർ നാരായണന്റെ ‘ദൈവനഗ്നൻ’ (നോവൽ) എന്ന പുസ്തകത്തിന് സുരേന്ദ്രൻ മങ്ങാട്ട് എഴുതിയ വായനാനുഭവം
ശ്രീശാരദാദേവിയുടെ, ശ്രീരാമകൃഷ്ണ പരമഹംസരിലേക്കുള്ളയാത്രയാണ് എന്ന പ്രസ്താവത്തോടെയാണ് ചന്ദ്രശേഖരന്റെ നോവൽ ‘ദൈവനഗ്നൻ’ തുടങ്ങുന്നത്. വർഷങ്ങളോളമുള്ള ഗവേഷണ ബുദ്ധിയോടെയുള്ള പഠനത്തിന്റെയും ചിന്തകളുടെയും പിൻബലത്തിലാണ് എഴുത്തുകാരൻ സർഗ്ഗസൃഷ്ടി നടത്തിയിരിക്കുന്നതെന്ന് വ്യക്തം. അജ്ഞാനന്ധകാരങ്ങളിൽ അശാന്തമായ മനസ്സുകളെ, ആശ്വസിപ്പിച്ചു കൊണ്ട് ഗുരു വചനമുരുവിടുന്നു,
“മനസ്സിന് ശാന്തി വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരിക്കലും ഒരാളെക്കുറിച്ചും ദോഷം പറയാതിരിക്കുക.. മറിച്ച് അവരവരുടെ കുറ്റങ്ങൾ കാണാൻ ശ്രമിക്കുകയും ചെയ്യുക. ഈ ലോകവും ലോകരും മുഴുവൻ നമ്മുടേതാണ്.”
പരമഹംസരുടെ, പത്നി ശാരദാദേവിയുമായുള്ള ബന്ധത്തിന്റെ വിവിധതലങ്ങളെ നോവലിന്റെ ലാവണ്യാത്മകത ജ്വലിപ്പിക്കുമാറ് സൂക്ഷ്മമായി അവതരിപ്പിക്കുവാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.
” ദേവി, അവിടുന്ന് എന്നെ ആരായിട്ടാണ് കാണുന്നത്? ”
” അവിടുന്നാണെന്റെ ഗുരുവും പിതാവും മാതാവുമെല്ലാം…”
ശാരദാദേവി ശ്രീരാമകൃഷ്ണ പരമഹംസരുടെ പാദാരവിന്ദങ്ങൾ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.
” ഇന്നു മുതൽ ….” പരമഹംസർ കുനിഞ്ഞ് ശാരദാദേവിയുടെ ശിരസ്സിൽ തൊട്ടു,” അവിടുന്നെന്റെ മാതൃദേവിയാണ്…” ദൈവീകചിന്തകളും ഇന്ദ്രിയാനുഭൂതികളും ദർശിക്കുന്നതെങ്ങനെയെന്നും തന്റെ ലാളിത്യമുളള ഭാഷയിൽ പല സന്ദർഭങ്ങളിലും ഗുരു, ശിഷ്യർക്ക് വെളിപ്പെടുത്തുന്നുണ്ട്. പരമഹംസർ നരേന്ദ്രനെ കാത്തിരിക്കുന്ന രംഗം ഭാവനയുടെ പൂർണ്ണ സൗന്ദര്യം പകരുന്നതായി കാണാം.
” നരേൻ നീ മാത്രമാണ് എന്നോട് ഈശ്വരനെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചത്. നരേൻ, നിനക്കറിയാമോ, അങ്ങനെ ഈശ്വരനെ ആവശ്യമുള്ള നിന്നെയാണ് ഞാൻ കാത്തിരുന്നത്.”
നട്ടെല്ല് കോരിത്തരിച്ചു. സുഷുമ്നയിൽ സഹസ്രദളപത്മം വിരിഞ്ഞു. ഹൃദയം വികസിച്ചു. മസ്തിഷ്കം അമൃതം വർഷിച്ചു. ഒരാളും പറയാത്ത വാക്കുകൾ …… ഇതുവരെയും കേൾക്കാത്ത ശബ്ദം.
താനീശ്വരനല്ലെന്നും ഈശ്വരന്റെ ദാസനെന്നും തന്റെയടുത്തു വന്ന ഡോക്ടറോട് വ്യക്തമാക്കുന്ന ഭാഗമെല്ലാം ഗുരുവിന്റെ ദാർശനിക വീക്ഷണങ്ങളോട് വായനക്കാരനിൽ പ്രതിപത്തിയുണർത്തുന്ന രീതിയിൽ, രംഗകർമ്മബോധത്തോടെ ചന്ദ്രശേഖർ ആവിഷ്കരിച്ചിരിക്കുന്നു. ഗുരുവിന്റെ ജീവിതബോധങ്ങളും ബോധ്യങ്ങളും ജൈവികലോകത്തിൽ കണ്ടെത്തുന്ന ശാന്തിയുടെ ആത്മീയ ഉറവിടങ്ങളും നോവലിന്റെ ഉൾക്കാമ്പായി മാറുമ്പോൾ “ദൈവനഗ്നൻ” ധ്യാനാത്മക രചനാശില്പമായി രൂപാന്തരപ്പെടുന്നു.
Comments are closed.