കമലാദേവി ചതോപാധ്യായ എന്‍.ഐ.എഫ്. പുരസ്‌കാരം ദിന്യാര്‍ പട്ടേലിന്
2021-ലെ കമലാദേവി ചതോപാധ്യായ ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍ പുസ്തക പുരസ്‌കാരം ദിന്യാര്‍ പട്ടേലിന്. സ്വാതന്ത്ര്യ സമര സേനാനി ദാദാഭായ് നവറോജിയുടെ ജീവിതം പറയുന്ന ‘നവറോജി: പയനിയര്‍ ഓഫ് ഇന്ത്യന്‍ നാഷണലിസം’ എന്ന ജീവചരിത്ര ഗ്രന്ഥത്തിനാണ് അംഗീകാരം.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദാദാ ഭായ് നവറോജിയുടെ ജീവിത സംഭവങ്ങളും പാരമ്പര്യവുമൊക്കെയാണ് പുസ്തകം പറയുന്നത്. 19-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്ര പശ്ചാത്തലവും പുസ്തകം ചര്‍ച്ച ചെയ്യുന്നു.
പൊളിറ്റിക്കല്‍ സയന്റിസ്റ്റ് നീരജ ഗോപാല്‍ ജയല്‍ ചെയര്‍മാനും സംരംഭകരായ നന്ദന്‍ നിലേകനി, മനീഷ് സബര്‍വാള്‍, ചരിത്രകാരന്മാരായ ശ്രീനാഥ് രാഘവന്‍, നയന്‍ജോത് ലാഹിരി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
എഴുത്തുകാരന്‍ അമിത് അഹൂജയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശുമായിരുന്നു 2020ലെ പുരസ്‌കാര ജേതാക്കള്‍. അമിത് അഹൂജയുടെ മൊബിലൈസിംഗ് ദി മാര്‍ജിനലൈസ്ഡ്: എത്നിക് പാര്‍ട്ടീസ് വിതൗട്ട് എത്നിക് മൂവ്മെന്റ്സ് എന്ന കൃതിയും ജയറാം രമേശിന്റെ ‘എ ചെക്കേര്‍ഡ് ബ്രില്യന്‍സ്, മെനി ലൈവ്‌സ് ഓഫ് വി.കെ. കൃഷ്ണ മേനോന്‍’ എന്ന പുസ്തകവുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
Comments are closed.