DCBOOKS
Malayalam News Literature Website

ഫോനി ഒഡീഷ തീരത്ത്; ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, കനത്ത ജാഗ്രതാനിര്‍ദ്ദേശം

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. വെള്ളിയാഴ്ച രാവിലെയോടെ ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ ഭാഗമായി ഒഡീഷ, ആന്ധ്ര തീരത്ത് കനത്ത മഴയും അനുഭവപ്പെടുന്നുണ്ട്. കടല്‍ അതീവ പ്രക്ഷുബ്ധാവസ്ഥയിലാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ചുഴലിക്കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീരപ്രദേശങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് പെരെ ഒഴിപ്പിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു മണിക്കൂറെങ്കിലും കാറ്റ് ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. ഗജപതി, ഗഞ്ചം, കുദ്ര, പുരി, നയ്ഗഡ്, കട്ടക്, ജഗത്‌സിങ്പുര്‍, കേന്ദ്രപാറ, ജജ്പുര്‍, ഭദ്രക്, ബാലസോര്‍ എന്നീ ജില്ലകളില്‍ ഫോനി ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും ദുരന്ത നിവാരണസേനയും എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഒഡീഷയില്‍ ആഞ്ഞടിക്കുമെന്ന് കരുതുന്ന കൊടുങ്കാറ്റ് ഉച്ചയോടെ വടക്കു പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുമെന്നും ശക്തി കുറഞ്ഞ് നാളെ പശ്ചിമബംഗാളിലെത്തുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം. 1999-ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി.

Comments are closed.