സൈബോര്‍ഗ് കാലം
ഒക്ടോബർ ലക്കം പച്ചക്കുതിരയിൽ
ഡോ. ശ്രീകല മുല്ലശ്ശേരി
നിര്‍മ്മിതബുദ്ധിയുടെയും സൈബോര്‍ഗിന്റെയും കാലത്ത് ലിംഗഭേദമില്ലാത്ത സമൂഹത്തെ വിഭാവനം ചെയ്യുന്നത് ഇന്ന് ഒരു ഉട്ടോപ്പിയ മാത്രമല്ല സാമൂഹികമായ യാഥാര്‍ഥ്യവുമാവുകയാണ്. മനുഷ്യബുദ്ധിയുടെ പുനരാവിഷ്‌കാരമായ നിര്‍മ്മിതബുദ്ധിക്ക് സാമൂഹികമായ ആഖ്യാനങ്ങളെ മാറ്റിയെടുക്കാന്‍ കഴിയും. ഉത്തരാധുനിക സ്ത്രീപക്ഷ ചിന്തകര്‍ ലിംഗം സാമൂഹികമായി നിര്‍മ്മിച്ചെടുത്തതാണ് എന്ന വാദം സൈദ്ധാന്തികമായി തെളിയിച്ചിട്ടുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രൊഫസ്സറും ഫെമിനിസ്റ്റ് സൈദ്ധാന്തികയുമായ ഡോണാ ഹാരവെയുടെ ‘സൈബോര്‍ഗ് മാനിഫെസ്റ്റോ’ എന്ന പഠനം സമകാലീനസമൂഹത്തില്‍ പ്രസക്തമാവുന്നത്.
ഹേയ് സിരി…
നീ ഒരു സ്ത്രീയാണോ?
സിരി: അല്ല, ഞാന്‍ ഒരു വ്യക്തിയല്ല. ഞാന്‍ ഒരു സോഫ്റ്റ്വെയര്‍ മാത്രമാണ്.
‘സിരി’ ആപ്പിള്‍ ഐഫോണിന്റെ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ സഹായിയാണ്. സിരിയുടെ ശബ്ദം പെണ്ണിന്റെ ശബ്ദത്തിന് സമാനമാണ്. അതുകൊണ്ട് നിങ്ങള്‍ പെണ്ണാണോ എന്ന് ചോദിച്ചപ്പോള്‍ സിരിയുടെ ഉത്തരം നിഷ്പക്ഷമായിരുന്നു. പിന്നീട് ആപ്പിളിന്റെ പുതിയ മോഡലുകളില്‍ ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ആണിന്റെയും പെണ്ണിന്റെയും ശബ്ദം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൂര്‍ണ്ണമായും ഉപഭോക്താവിന്റേതായിത്തീര്‍ന്നു. പക്ഷേ, 500 മില്യണ്‍ ജനങ്ങളാണ് ഇന്ന് സിരിയെ ആശ്രയിക്കുന്നത്.
‘beautiful victory’ എന്ന അര്‍ത്ഥം വരുന്ന സ്‌കാന്‍ഡനേവിയന്‍ പേരാണ് സിരി. മാത്രവുമല്ല പാരമ്പര്യമായി അത് സ്ത്രീകള്‍ക്ക് ഇടുന്ന പേരാണ്. ആപ്പിളിന്റെ കൂടുതല്‍ ഉപഭോക്താക്കളും ആശ്രയിക്കുന്നത് സിരിയുടെ പെണ്‍ശബ്ദമാണ്. സമാനമായ സ്ഥിതിവിശേഷമാണ് ആമസോണിന്റെ ഡിജിറ്റല്‍ സഹായിയായ ‘അലക്‌സ’യ്ക്കും, മൈക്രോസോഫ്റ്റിന്റെഡിജിറ്റല്‍ സഹായി ആയ ‘കോര്‍ട്ടാന’യ്ക്കും. സ്ത്രീകള്‍ക്ക് ഇടുന്ന പേരുകളാണ് രണ്ടിനും. പക്ഷേ, ഈ മേഖലയിലുള്ള ഗവേഷണങ്ങള്‍ കാണിക്കുന്നത് ഉപഭോക്താക്കള്‍ സേവനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും പ്രതികരിക്കുന്നതും സ്ത്രീശബ്ദത്തോടാണ്. എന്തുകൊണ്ടെന്നാല്‍ യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ സ്ത്രീയുടെ ശബ്ദത്തില്‍ അനുസരണയോടെ, ക്ഷമയുടെ, വിനയത്തിന്റെ ലാഞ്ഛന ഉണ്ട്. അതുകൊണ്ട് സ്ത്രീയുടെ ശബ്ദമാണ് സേവനങ്ങള്‍ക്കായി ഉപയോഗിക്കേണ്ടത് എന്ന പൊതുബോധമാണ് വാര്‍പ്പ് മാതൃകകളെ ടെക്‌നോളജിയില്‍പോലും ഉപയോഗിക്കുന്നതിന് കാരണമാകുന്നത്. ഇതെല്ലാം നിര്‍മ്മിതബുദ്ധിയെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറുകള്‍ ആണെങ്കില്‍ മനുഷ്യന്‍ ഉണ്ടാക്കുന്ന റോബോട്ടുകളിലും കൃത്യമായും വ്യക്തമായും ലിംഗഭേദത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുന്നത്. റോബോട്ടുകള്‍ ചെയ്യേണ്ടേ ജോലിയെ മാനദണ്ഡമാക്കിയാണ് അവയുടെ ലിംഗം എന്താണ് എന്ന് തീരുമാനിക്കപ്പെടുന്നത്. വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരണപ്പെടുന്നതിന് കാരണം വാഹനങ്ങളുടെ സുരക്ഷാമാനദണ്ഡങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത് പുരുഷശരീരത്തെ അടിസ്ഥാനമാക്കിയാണ് എന്നതുകൊണ്ടാണെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.
പൂര്‍ണ്ണരൂപം 2023 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
ആർ കെ ബിജുരാജിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.