ദുരന്തങ്ങള്‍ നമുക്ക് വിലപ്പെട്ടതെല്ലാം നഷ്‌ടപ്പെടുത്തുമ്പോഴും സ്വന്തം കാലില്‍ നില്‍ക്കാനുള്ള പാഠങ്ങളെക്കൂടി നല്‍കുന്നുണ്ട്: സി.എസ് ചന്ദ്രിക
പ്രിയരേ, എല്ലാർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ!
കോവിഡ് പാന്‍ഡെമികിന്റെ ദുരിതകാലത്താണ് ഈ വര്‍ഷത്തെ ഓണം. വിഷുവും അങ്ങനെയായിരുന്നു. വിഷു ആഘോഷിച്ചിരുന്നില്ല. സാധാരണയായി നമ്മള്‍ സ്വന്തം വീട്ടില്‍, രക്തബന്ധത്തില്‍ പെട്ടവരുടെ മരണമുണ്ടായാല്‍ ആ വര്‍ഷം വന്നെത്തുന്ന ഓണം, വിഷു പോലുള്ള വിശേഷങ്ങളൊന്നും ആഘോഷിക്കുകയില്ല. പ്രിയപ്പെട്ടവര്‍ വേര്‍പിരിഞ്ഞു പോയതിന്റെ ദു:ഖമാചരിക്കുന്നത് പ്രത്യക്ഷത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ്. ഇക്കാലത്താണെങ്കില്‍ വ്യക്തിപരമായ ബന്ധുത്വത്തിനും ദു:ഖങ്ങൾക്കുമപ്പുറം നമ്മുടെ നാടിനെ ബാധിക്കുന്ന ഏതൊരു അപ്രതീക്ഷിത ദുരിതങ്ങളും വിപത്തുകളും മരണങ്ങളും നമ്മളെ അതിയായി സങ്കടപ്പെടുത്തുന്നു. സാംസ്‌ക്കാരിക ശീലങ്ങളുടെ ഭാഗമായി നാം കാത്തിരുന്ന്, വന്നെത്തുന്ന ആഘോഷങ്ങളെപ്പോലും ഒഴിവാക്കുന്ന മാനസിക നിലയിലേക്ക് നമ്മളെത്തിക്കഴിഞ്ഞിരിക്കുന്നു. 2018 ലെ പ്രളയകാലത്താണ് നാമെല്ലാവരും ഓണാഘോഷങ്ങള്‍ ഒഴിവാക്കി… 2019 ലും അതിപ്രളയവും ഉരുള്‍പൊട്ടലും മരണങ്ങളും കണ്ട ആഘാതത്തില്‍ ഓണമാഘോഷിക്കാനുള്ള മനസ്സ് എനിക്ക് നഷ്‌ടപ്പെട്ടിരുന്നു. ഞങ്ങള്‍ വീട്ടില്‍ ഓണം ആഘോഷിച്ചില്ല.
ഈ ഓണവും ആഘോഷിക്കുന്നില്ലേ എന്നു ഞാന്‍ എന്നോട് തന്നെ ചോദിച്ചു. പതിവില്‍ നിന്ന് വ്യത്യസ്‌തമായ ഒരുത്തരമാണ് സ്വയം കണ്ടെത്തിയത്. ഈ ഓണം വീട്ടിലിരുന്ന് മനോഹരമാക്കണം, ഓരോ നിമിഷവും ആസ്വദനീയമാക്കണം. അതിജീവനത്തിനുള്ളതാണ് ഈ ഉത്തരം. ദുരിതകാലങ്ങളുടെ വേദനകളെ അതിജീവിക്കാന്‍ സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല എന്നൊരു തിരിച്ചറിവുണ്ടായിരിക്കുന്നു. തൊട്ടടുത്ത നിമിഷം നമുക്കെന്താണ് സംഭവിക്കുക എന്ന് യാതൊരു തീര്‍ച്ചയുമില്ലാതായിട്ടുണ്ട്. ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ കിട്ടുന്ന ഓരോ ദിവസവും നമുക്കും മറ്റുള്ളവര്‍ക്കും നല്ലതായിരിക്കട്ടെ എന്നാഗ്രഹിച്ചുകൊണ്ട് ജീവിതത്തില്‍ വന്നെത്തുന്ന എല്ലാ ആഘോഷ സാധ്യതകളേയും അര്‍ത്ഥപൂര്‍ണ്ണവും സുന്ദരവുമാക്കുക എന്നാണ് തീരുമാനം.
കുട്ടിക്കാലമാണ് ഓണാഘോഷത്തിന്റെ ഏറ്റവും നിറപ്പകിട്ടുള്ള കാലമായിരുന്നത്. ഓരോ ഓണവും തെളിഞ്ഞ ഓര്‍മ്മകളോടെ ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നത്രയും തീവ്രമാണത്. ഓണം വരുമ്പോഴേക്കും മക്കള്‍ക്കായി എന്റെ അമ്മ നടത്തുന്ന തയ്യാറെടുപ്പുകളാണ് എന്നിലുള്ള ഓണത്തിന്റെ ഓര്‍മ്മയുടെ വേരുകള്‍. അതില്‍ നിന്ന് വളര്‍ന്നു വന്ന ഒരു പൂമരത്തിലെ വസന്തകാലം പോലെയാണ് പിന്നീടെന്നില്‍ ഓണവും അതിന്റെ സാന്നിദ്ധ്യമറിയിച്ച് വന്നു പോയിരുന്നത്. ഇടക്കാലത്ത് വെറുതെ ആ വസന്തത്തോട് ‘മാറി നില്‍ക്കൂ, എനിക്ക് ഇപ്പോള്‍ നിന്നെ വേണ്ട’ എന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ എനിക്കൊരു മകള്‍ ജനിച്ചതോടെ ഓണപ്പൂക്കളും ഓണക്കോടികളും ഓണപ്പാട്ടും തൃക്കാക്കരപ്പനും ഓണസദ്യയും എന്നെ തിരിച്ചു പിടിച്ചു. അമ്മ എനിക്ക് തന്നതെല്ലാം അവള്‍ക്ക് ഞാനും കൊടുക്കണമെന്ന് ആഗ്രഹിച്ചു. അമ്മയുണ്ടാക്കിത്തന്നിരുന്ന അതേ രുചികളില്‍ ഞാന്‍ ഓണസദ്യയുണ്ടാക്കാന്‍ ശ്രമിച്ചു. പലതും വിജയിച്ചു. ചിലത് എന്റേതല്ലാത്ത കാരണത്താല്‍ പരാജയപ്പെട്ടു. ഞാന്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍ നിറയെ കൃഷിയുണ്ടായിരുന്നു. വീട്ടു പറമ്പില്‍ നിന്ന് പറിച്ചെടുക്കുന്ന പച്ചപ്പയറും വാഴക്കുലയിലെ പച്ച ഏത്തക്കായയും ചേര്‍ത്ത് എന്റെ അമ്മ എല്ലാ ഓണത്തിനുമുണ്ടാക്കിയിരുന്ന ഒരു മെഴുക്കുപുരട്ടിയുടെ ഓണരുചി ഒരിക്കലും ഞാന്‍ കടയില്‍ നിന്ന് വാങ്ങുന്ന വികാരരഹിതമായ പയറും കായയും നല്‍കിയില്ല.
എന്നാല്‍ മലയാളികള്‍ മുമ്പത്തെപ്പോലെ കൃഷിയെ വീണ്ടെടുക്കുന്ന കാഴ്‌ച കൂടിയാണ് ഈ ഓണക്കാലം. ദുരന്തങ്ങള്‍ നമുക്ക് വിലപ്പെട്ടതെല്ലാം നഷ്‌ടപ്പെടുത്തുമ്പോഴും സ്വന്തം കാലില്‍ നില്‍ക്കാനുള്ള പാഠങ്ങളെക്കൂടി നല്‍കുന്നുണ്ട്. വെറും ഉപഭോഗ വാണിജ്യ സംസ്‌ക്കാരത്തില്‍ നിന്ന് കൃഷിയുടേയും വിളവെടുപ്പിന്റേയും അതിജീവനത്തിന്റേയും സന്തോഷത്തിന്റേയും ആഘോഷകാലമായി നമുക്ക് നമ്മുടെ ഓണത്തെ ഇനി വീണ്ടെടുക്കാനാവട്ടെ.
ഇപ്പോള്‍ ഓരോ ഓണവും അമ്മയുടെ അസാന്നിദ്ധ്യത്തിന്റെ സാന്നിദ്ധ്യം കൂടിയായി അനുഭവിക്കാനും പഠിച്ചു കഴിഞ്ഞിരിക്കുന്നു. 2012 ല്‍ ഓണത്തെ വരവേല്‍ക്കാന്‍ വയനാട്ടിലെ പുതിയ വാടകവീടിന്റെ തുറന്ന വരാന്തയിലിരുന്ന് ഞാനും മകളും അത്തം മുതല്‍ പൂക്കളമിടാന്‍ തുടങ്ങിയിരുന്നു. മൂലം നാളില്‍ രാവിലെ ഞങ്ങള്‍ ചതുരത്തില്‍ വലിയ പൂക്കളമിട്ടു. മൂലം എന്റെ ജന്മനക്ഷത്രം കൂടിയാണ്. അന്ന് അര്‍ദ്ധ രാത്രിയിലാണ് തൃശൂരിലെ വീട്ടില്‍ നിന്ന് ഫോണ്‍ വിളി വന്നത്. ഇപ്പോള്‍ എനിക്കറിയാം, അമ്മയുടെ മരണം വെറും ഭൗതികം മാത്രമാണ്. ഈ ഓണക്കാലത്ത് ഇപ്പോള്‍ തിരുവനന്തപുരത്ത് എന്നോടൊപ്പം അമ്മയുണ്ട്. ഈ ഓണം ഞങ്ങള്‍ വീട്ടിലിരുന്ന് മനോഹരമാക്കും.
സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.