DCBOOKS
Malayalam News Literature Website

രാജ്യഭാരവും ദൃശ്യഭാഗവും

ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡോ. വി. മോഹനകൃഷ്ണന്‍

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മൂന്ന് പ്രധാന ചിഹ്നങ്ങള്‍ ഇംഗ്ലീഷ്,കൃസ്തീയത, ക്രിക്കറ്റ് എന്നിവയായിരുന്നു. കോളനി ഭരണം വഴി ഇന്ത്യയിലെത്തിച്ചേര്‍ന്ന ക്രിക്കറ്റ്, സംസ്‌കാരത്തിന്റെയും മാന്യതയുടെയും കണിശമായ നിയമങ്ങളുടെയും കളിയായി അവതരിപ്പിക്കപ്പെട്ടു. മറ്റൊരു കായികവിനോദത്തിനുമില്ലാത്ത വിശുദ്ധിയും അതിന് കല്പിക്കപ്പെട്ടു. ഇംഗ്ലീഷ് ഭാഷ, സംസ്‌ക്കാരം, എന്നിവയുടെ വിനിമയങ്ങളിലൂടെ കൊളോണിയല്‍ പ്രത്യയശാസ്ത്രം പൊതുബോധമായി അംഗീകരിപ്പിക്കാനുള്ള ഉപകരണവുമായി.

ഇംഗ്ലീഷുകാര്‍ യാദൃച്ഛികമായി കണ്ടു പിടിച്ച ഇന്ത്യന്‍ കളിയാണ് ക്രിക്കറ്റ്.

1983ലെ ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയം ഏതാണ്ടെല്ലാവരെയും അത്ഭുതപ്പെടുത്തി.രാജ്യാന്തര Pachakuthiraമല്‍സരങ്ങളിലൊന്നിലും സമീപകാലത്ത് കാര്യമായ വിജയങ്ങളുണ്ടായിട്ടില്ലാത്ത ഇന്ത്യയെ ആദ്യഘട്ടത്തില്‍ തന്നെ പുറത്താവുന്ന ടീമുകളിലൊന്നായിട്ടാണ് കണക്കാക്കിയിരുന്നത്. ലോകകപ്പ് മല്‍സരങ്ങളിലൊന്നു പോലും അതുവരെ വിജയിച്ചിരുന്നില്ല. തൊട്ടു മുന്‍പുള്ള രണ്ടു ലോകകപ്പുകളും നേടിയ, മൂന്നാമതും കപ്പു നേടാനുള്ള തയ്യാറെടുപ്പുമായി വരുന്ന വെസ്റ്റിന്‍ഡീസ് ടീമിനെയാണ് ആദ്യമല്‍സരത്തില്‍ തന്നെ നേരിടാനുണ്ടായിരുന്നത്. സുനില്‍ ഗവാസ്‌ക്കര്‍ക്ക് പകരം ചെറുപ്പക്കാരനായ ഓള്‍ റൗണ്ടര്‍ കപില്‍ദേവിനെ ക്യാപ്റ്റന്‍ സ്ഥാനത്തു കൊണ്ടുവന്നതായിരുന്നു ഇന്ത്യന്‍ടീമിലെ കാര്യമായ മാറ്റം.

ദൗര്‍ബല്യങ്ങളെയെല്ലാം കരുത്താക്കി മാറ്റി ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ കപില്‍ദേവും കൂട്ടരും ഉയര്‍ത്തിയത് വെറുമൊരു ലോകകപ്പായിരുന്നില്ല. അത് ഇന്ത്യന്‍ ദേശീയതയുടെ ഉജ്ജ്വലമായ പ്രകടനമായി കണക്കാക്കപ്പെട്ടു. അതുവരെ വെറുമൊരു കളി മാത്രമായിരുന്ന ക്രിക്കറ്റ് ദേശീയതാബിംബമായി. ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളുമായി തുല്യനിലയില്‍ ഇടപെടാന്‍ കഴിയുന്ന ഒരേഒരു കായികയിനം. 1983 ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ഉണര്‍വ്വിന്റെയും ജനകീയവല്‍ക്കരണത്തിന്റെയും തുടക്കമായി. ഗ്രാമങ്ങളില്‍ തെങ്ങിന്‍ മടലുവെട്ടി ബാറ്റുണ്ടാക്കി കുട്ടികളും മുതിര്‍ന്നവരും ആ കളി പലമട്ടില്‍ അനുകരിക്കുകയും തങ്ങളുടേതാക്കി മാറ്റുകയും ചെയ്തു.ഫുട്‌ബോള്‍ മൈതാനങ്ങളില്‍ പലതും ക്രിക്കറ്റ് മൈതാനങ്ങളായി മാറി.ക്രിക്കറ്റ് താരങ്ങള്‍ക്ക് സിനിമാതാരങ്ങള്‍ക്കൊപ്പമോ അതില്‍ കൂടുതലോ പരിവേഷം കിട്ടി.

ഇന്ത്യയുടെ സെമിഫൈനല്‍ മല്‍സരങ്ങള്‍ മുതല്‍, ദൂരദര്‍ശന്‍ കളിയുടെ നേരിട്ടുള്ള സംപ്രേഷണം ആരംഭിച്ചപ്പോള്‍ രാജ്യമൊന്നാകെ ടെലിവിഷനുകള്‍ക്കു മുന്നിലേക്ക് നയിക്കപ്പെട്ടു. ഗ്രൗണ്ടിലെയും ഗാലറിയിലെയും സൂക്ഷ്മ വിശേഷങ്ങളത്രയും സ്ഥിതിവിവരക്കണക്കുകള്‍ സഹിതം ടെലിവിഷനുകള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചു. ഉദ്വേഗങ്ങളും ഉല്ലാസങ്ങളും സംഘര്‍ഷങ്ങളുമെല്ലാം ചേര്‍ന്ന ഒരു ജനപ്രിയ സിനിമയുടെ ചേരുവകള്‍ അതിലുണ്ടായിരുന്നു. 1983ന് ശേഷം ക്രിക്കറ്റ് ഒരു ദൃശ്യശ്രാവ്യാനുഭവ മായതോടൊപ്പം അത് ഇന്ത്യയുടെ പുതിയ മതവുമായി. കപില്‍ദേവിന്റെ ലോകകപ്പ് നേട്ടം അന്ന് 10 വയസ്സ് പ്രായമുള്ള, പില്‍ക്കാലത്ത് ക്രിക്കറ്റ് ദൈവമായുയര്‍ത്തപ്പെട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറും ടി.വി.യില്‍ കാണുന്നുണ്ടായിരുന്നു.

പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

Comments are closed.