DCBOOKS
Malayalam News Literature Website

സുപ്രീംകോടതിയുടെ രൂക്ഷവിമർശം; പിന്നാലെ സൗജന്യ വാക്സിൻ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി ഈ മാസം 21 മുതൽ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും. കേന്ദ്രം വാക്സിൻ നേരിട്ടു വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും. നേരത്തെ സംസ്ഥാനങ്ങൾക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലെ ബുദ്ധിമുട്ട് മനസിലായത് കൊണ്ടാണ് വാക്സിൻ നയത്തിൽ മാറ്റം വരുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പതിനെട്ടിനും 44-നുമിടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാതിരിക്കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ജൂൺ രണ്ടിനാണ് സുപ്രീംകോടതി വിമർശിച്ചത്. സർക്കാർനയങ്ങൾ പൗരരുടെ അവകാശത്തിൽ കടന്നുകയറിയാൽ മൂകസാക്ഷിയായിരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വാക്സിൻ കേന്ദ്രസർക്കാർതന്നെ സൗജന്യമായി നൽകുമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നിൽ സുപ്രീംകോടതിയുടെ ഇടപെടലുമുണ്ടെന്നാണ് വിലയിരുത്തൽ.

എല്ലാവർക്കും വാക്സീൻ കിട്ടാൻ ദൈവത്തോടു പ്രാർഥിക്കാമെന്ന് ഒരു കേസിൽ വാദം കേൾക്കവെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു. കോവിഡ് വിഷയത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കേന്ദ്രത്തിന്റെ വാക്സിൻനയത്തെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിശിതമായി ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ കേന്ദ്രബജറ്റിൽ വാക്സിനുവേണ്ടി നീക്കിവെച്ച 35,000 കോടി രൂപ പതിനെട്ടിനും 44-നുമിടയിൽ പ്രായമുള്ളവർക്കുള്ള കുത്തിവെപ്പിനായി നീക്കിവെച്ചുകൂടേയെന്നും കോടതി ചോദിച്ചു.

സർക്കാരിന്റെ വിവേചനാധികാരമുപയോഗിച്ചെടുക്കുന്ന തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയപ്പോൾ, സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്ന് കയറുമ്പോള്‍ മൂകസാക്ഷി ആയി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.