DCBOOKS
Malayalam News Literature Website

കൊവിഡിനും ചികിത്സയുണ്ട്!

⁉️കൊവിഡ്19-ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലെന്ന് !!

🤔ശ്ശെടാ അപ്പോ പിന്നെ രോഗം സംശയിക്കുന്നവരെയും, രോഗം കണ്ടെത്തുന്നവരെയും ആശുപത്രികളിൽ അതും മെഡിക്കൽ കോളേജുകൾ പോലുള്ളയിടത്ത് കിടത്തുന്നത് എന്തിനാവും?

📌ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലാത്ത രോഗങ്ങൾ ഒന്നും തന്നെ ഇല്ല. അവിടെ ചികിത്സ എന്ന് പറയുന്നത് ഊഹാപോഹങ്ങളും ഇല്ലാത്ത ഒറ്റമൂലികളും മാജിക്കുകളുമല്ലാ. ഭാവിയിലൊരാൾക്കുണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളെ ഇന്നേ പ്രതിരോധിക്കുന്നതു മുതൽ, മരണാസന്നനായ ഒരാൾക്ക് വേദനാരഹിതമായ അന്ത്യനാളുകൾ നൽകുന്നതു വരെ ഉള്ള നിരവധി കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ദിവസേന എക്സസൈസ് ചെയ്യൂ, വണ്ണം കുറയ്ക്കൂ, അങ്ങനെ പ്രമേഹം വരുന്നത് തടയൂ അല്ലെങ്കിൽ വാക്സിനെടുക്കൂ, ഡിഫ്തീരിയ തടയൂ എന്നൊക്കെ പറയുന്നത് മുതൽ, അവസാന സ്റ്റേജിലുള്ള ഒരു ക്യാൻസർ രോഗിക്ക് കൊടുക്കുന്ന പാലിയേറ്റീവ് ചികിത്സ വരെയുള്ള കാര്യങ്ങൾ.

📌ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതുമായി ബന്ധപ്പെട്ട് രണ്ട് വാക്കുകൾ ഉണ്ട്. ചികിത്സയും (Treatment) രോഗശമനവും (Cure). പലരും പലപ്പോഴും ഈ രോഗശമന (Cure)ത്തിനെയാണ് ചികിത്സ (Treatment) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ തെറ്റിദ്ധാരണയാവാം ചിലപ്പോൾ ഇത്തരം വാദങ്ങളിലേക്ക് നയിക്കുന്നത്.

📌ഏറ്റവും ലളിതമായ ഒരു ഉദാഹരണം പറയാം, നിങ്ങൾക്ക് ഹ്രസ്വദൃഷ്ടിയോ ദീർഘദൃഷ്ടിയോ കാരണം കണ്ണിന് കാഴ്ച്ചക്കുറവുണ്ടെന്ന് വയ്ക്കുക. അതൊരു രോഗമാണ്. ഒരു കണ്ണട വച്ചാൽ അതുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാം. കണ്ണടയാണ് ചികിത്സ. പക്ഷെ, നിങ്ങൾക്കൊരിക്കലും രോഗശമനമുണ്ടാവുന്നില്ല. കാരണം, കണ്ണട വച്ചില്ലെങ്കിൽ കാണാൻ പ്രയാസമാണ്. അതേസമയം, ശരിയായ ചികിത്സയിലൂടെ നിങ്ങൾ സാധാരണ ജീവിതം നയിക്കുന്നുമുണ്ട്. ഇനി കണ്ണട വച്ചില്ലെങ്കിലോ, നിങ്ങൾക്ക് വായിക്കാനോ കാഴ്ചകൾ കാണാനോ ബുദ്ധിമുട്ടുണ്ടാവുന്നത് മാത്രമല്ല, പതിയെ അത് കണ്ണിലെ ഞരമ്പിനെയും തലച്ചോറിനെയും ബാധിക്കുകയും ഭാവിയിൽ തിരിച്ചുകിട്ടാത്തവിധം കാഴ്ച നഷ്ടമാകുകയും ചെയ്യും. പ്രമേഹത്തിൻ്റെയും രക്തസമ്മർദ്ദത്തിൻ്റെയും ഒക്കെ കാര്യമെടുത്താലും ഇങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുന്നത്.

📌ആദ്യം പറഞ്ഞത് ഒരിക്കൽ കൂടെ പറയാം, ആധുനിക വൈദ്യശാസ്ത്രത്തിൽ എല്ലാ രോഗങ്ങൾക്കും ചികിത്സ ഉണ്ട്. പക്ഷേ ‘എല്ലാ’ രോഗങ്ങൾക്കും പൂർണമായ രോഗശമനം സാധ്യവുമല്ലാ. അതേസമയം ചികിത്സയിലൂടെ സാധാരണ ജീവിതം നയിക്കുകയും ചെയ്യാം.

📌അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് ‘എല്ലാ’ രോഗങ്ങൾക്കും ചികിത്സ വേണ്ട എന്നുള്ള കാര്യവും. ചികിത്സയില്ലാതെയും രോഗശമനം ഉണ്ടാവുന്നതിന് ഏറ്റവും നല്ല ഉദാഹരണവും ചില വൈറൽ രോഗങ്ങൾ തന്നെയാണ്. ജലദോഷം വന്നു, ചെറിയ ബുദ്ധിമുട്ടേയുള്ളുവെങ്കിൽ ഒരു ചികിത്സയും വേണ്ടാ. പക്ഷെ, ആ ബുദ്ധിമുട്ടുകൾ ദൈനംദിന പ്രവൃത്തികളെ ബാധിച്ചാൽ ആ ലക്ഷണങ്ങളെ ചികിത്സിക്കണം. അതുപോലെ തൊലിക്കടിയിൽ കൊഴുപ്പടിയുന്ന ‘ലൈപ്പോമ’, അതിന് ശസ്ത്രക്രിയയാണ് ചികിത്സ, പക്ഷെ അത് ചെയ്തില്ലെങ്കിലും ദോഷമൊന്നുമില്ല. പലപ്പോഴും രോഗികളുടെ മനസമാധാനത്തിനാണ് ലൈപ്പോമയൊക്കെ ശസ്ത്രക്രിയയിലൂടെ ചികിത്സിക്കുന്നത്.

🛑ഇനി നമ്മുടെ കൊവിഡിൻ്റെ കാര്യമെടുത്താലോ, 80% ആൾക്കാർക്കും വലിയരീതിയിലുള്ള ചികിത്സ വേണ്ടാ. ആവശ്യമായ വിശ്രമവും ഭക്ഷണവും വേണ്ടി വന്നാൽ പാരസെറ്റമോളും മാത്രം മതി. പക്ഷെ ബാക്കിയുള്ള 20%-ത്തിനും കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്. എന്നുവച്ചാൽ 20% വരെ ആവേണ്ട മരണനിരക്ക് നമ്മളിന്ന് കാണുന്ന 3 മുതൽ 6 ശതമാനം വരെയാക്കി കുറയ്ക്കാൻ കഴിയുന്നത് ‘ചികിത്സ’ കൊണ്ടു തന്നെയാണ്. കേരളത്തിലത് 0.8% ആയതും 90 വയസുള്ള രോഗിയും ജീവിതത്തിലേക്ക് തിരിച്ചു വന്നതും ശാസ്ത്രീയമായ ചികിത്സാ പദ്ധതികളിലൂടെയാണ്.

🛑ശാസ്ത്രീയമായ ചികിത്സാപദ്ധതി എന്നത് മരുന്നു ചികിത്സയിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഒന്നല്ല. കോവിഡിന് ചികിത്സയില്ലല്ലോ എന്നൊക്കെ ചോദിക്കുന്നവരിൽ ഭൂരിഭാഗവും ശാസ്ത്രവിരുദ്ധരും, ഇതരവൈദ്യ / കപടചികിത്സകരോ അതിൻ്റെ ആരാധകരോ ഒക്കെയാണെന്നും കാണാം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

⁉️എങ്ങനെയൊക്കെയാണ് ഈ മഹാമാരിക്കെതിരെ ശാസ്ത്രം പോരാടുന്നത് ?

1. കോവിഡിലേക്ക് വരും മുൻപ് ആധുനിക വൈദ്യ ശാസ്ത്രത്തെക്കുറിച്ച് ചില വസ്തുതകൾ ഓർമ്മിപ്പിക്കേണ്ടതുണ്ട്.

👉നാം സ്കൂൾ തലത്തിൽ പഠിക്കുന്ന ബയോളജി, കെമിസ്ട്രി, ഫിസിക്സ്, കണക്ക് മുതൽ എന്തിന് സാമൂഹ്യ ശാസ്ത്രത്തിൻ്റെ വരെയും തുടർച്ചയായി വികസിച്ചു വന്ന ഒന്നാണ് മോഡേൺ മെഡിസിൻ. നാനോ ടെക്നോളജിയും റോബോട്ടിക്സുമൊക്കെ ഇന്നതിൻ്റെ ഭാഗമാണ്. ഇനി നാളെ പുതിയൊരു ടെക്നോളജി വരുമ്പോൾ അതും ഇതിൻ്റെ ഭാഗമാകും. ഏതുയരത്തിലേക്കും കെട്ടിപ്പൊക്കാൻ പറ്റുന്നൊരു കെട്ടിടമാണത്. കാരണമതിൻ്റെ അടിത്തറ അടിസ്ഥാന ശാസ്ത്രതത്വങ്ങളും രീതിശാസ്ത്രവുമാണ്.

2.ഇനി ചെറിയൊരു കഥ

👉2020 ജനുവരി19, വാഷിംഗ്ടണിലെ ഒരു എമർജൻസി കെയർ ഫെസിലിറ്റിയിലേക്ക് 35 വയസ്സുള്ള ആരോഗ്യവാനായ ഒരു യുവാവ് കടന്നു വന്നു. 4 ദിവസമായിട്ടുള്ള പനി! നാലു ദിവസം മുൻപ് ചൈനയിലെ വുഹാനിൽ പോയി വന്നതായിരുന്നു അദ്ദേഹം. CDC നിർദ്ദേശങ്ങൾ കണ്ടു വന്നതാണ്. പ്രാഥമിക പരിശോധനയിൽ കാര്യമായ വ്യതിയാനങ്ങൾ ഒന്നും ഇല്ലായിരുന്ന ഇദ്ദേഹത്തിൻ്റെ തൊണ്ടയിലെ സ്രവങ്ങൾ പരിശോധനയ്‌ക്കെടുത്തു.

👉48 മണിക്കൂറുകൾക്കുള്ളിൽ റിസൾട്ട് കിട്ടുമ്പോൾ ഇൻഫ്ലുവെൻസ A & B, പാരാ ഇൻഫ്ലുവെൻസ, RS വൈറസ്, റൈനോ വൈറസ്, അഡിനോ വൈറസ്, സാധാരണ രോഗം ഉണ്ടാക്കുന്ന 4 തരം കൊറോണ വൈറസുകൾ (HKU1, NL63, 229E, and OC43) എന്നിവയുടെ സാന്നിധ്യം അദ്ദേഹത്തിൽ ഇല്ലെന്നു കണ്ടെത്തി.

👉എന്നാൽ CDC നടത്തിയ RT-PCR പരിശോധനയിൽ പുതിയ കൊറോണാ വൈറസിന്റെ സാന്നിധ്യം അദ്ദേഹത്തിൽ കണ്ടു. ഇദ്ദേഹമാണ് അമേരിക്കയിലെ ആദ്യത്തെ കോവിഡ്19 രോഗി. എങ്ങനെയൊക്കെയാണ് ശാസ്ത്രം ഒരു പുതിയ രോഗത്തെപ്പോലും കണ്ടെത്തുന്നത് എന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ് ഇക്കഥ പറഞ്ഞത്.

3. കോവിഡ്19 മഹാമാരിയെ ചെറുക്കാൻ ശാസ്ത്രത്തിൻ്റെ പ്രവർത്തന രീതിയെങ്ങനെ?

(A) പകർച്ചവ്യാധിയെ കണ്ടെത്തൽ:

🌶️ചികിത്സിക്കണമെങ്കിൽ ആദ്യം രോഗം ഉണ്ടെന്നും അതേതു സ്വഭാവമുള്ളതാണെന്നും കണ്ടെത്തണമല്ലോ!
🌶️ശ്വാസകോശ രോഗാണുബാധമൂലം ആളുകൾ മരിക്കുന്നത് നിരീക്ഷിച്ച ആധുനിക വൈദ്യശാസ്ത്ര വിദഗ്ദ്ധരാണ് ശാസ്ത്രീയ മാർഗ്ഗത്തിലൂടെ രോഗികളുടെ സ്രവത്തിൽ നിന്ന് വൈറസിനെ വേർതിരിച്ച് കണ്ടെത്തുകയും, ഇതൊരു പുതിയ വൈറസാണെന്ന് തിരിച്ചറിയുകയും ചെയ്തത്. അവരത് പുതിയൊരു രോഗമാണോ എന്ന് സംശയിക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പാഠ്യപദ്ധതിയുടെ മേന്മയാണ്. അങ്ങനൊരു സംശയം തോന്നുന്നില്ലെങ്കിൽ ആ പുതിയ രോഗത്തെ നമ്മളൊരിക്കലും കണ്ടെത്തില്ല.

🌶️ആധുനിക വൈദ്യശാസ്ത്രമില്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?
👉ഇതറിയാൻ ചരിത്രത്തിലോട്ടൊന്ന് തിരിഞ്ഞ് നോക്കിയാൽ മതി. എപ്പിഡമിയോളജി, വൈറോജി, ജനിതക ശാസ്ത്രം, ഇമ്മ്യൂണോളജി എന്നൊക്കെയുള്ള ശാസ്ത്രശാഖകൾ വികസിക്കുന്നതിന് മുൻപ്, ഇലക്ട്രോൺ മൈക്രോസ്കോപ്പൊക്കെ കണ്ടു പിടിക്കുന്നതിനും മുൻപായിരുന്നെങ്കിൽ, ഏതോ ദീനം വന്ന് ആൾക്കാർ മരിക്കുന്നു എന്ന് മാത്രമേ നിരീക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ.
👉രോഗത്തിൻ്റെ പൊതു സ്വഭാവം വെച്ച് ഏതെങ്കിലുമൊരു പേരുമിട്ട്, രോഗകാരണമായി ദൈവകോപമോ പ്രേതബാധയോ പോലുള്ള ഭാവനാത്മക കഥകൾ മെനഞ്ഞ്, ഫലപ്രദമല്ലാത്ത രോഗപ്രതിരോധരീതികളോ വിചിത്ര ചികിത്സാവിധികളോ ഒക്കെ ആയി നൂറ്റാണ്ടുകളോളം ഇവ തുടർന്നേനെ. ഇന്ന് ആർസെനിക്കും വൈറ്റമിൻ സിയും ഇഞ്ചിയും വിതരണം ചെയ്യുന്നവർക്ക് ഒരു കാലത്തും ഒരു മഹാമാരിയെയും തടയാനോ വന്ന ശേഷം വരുതിയിലാക്കാനോ കഴിഞ്ഞിട്ടില്ലായെന്ന് അൽപ്പം വിക്കിപീഡിയ വായിച്ചാൽ പോലും മനസിലാവും. എന്നാലിന്ന് രോഗം പ്രത്യക്ഷപ്പെട്ട് ആഴ്ച്ചകൾക്കുള്ളിൽ രോഗകാരി, ഒരു വൈറസാണെന്നത് മാത്രമല്ല കണ്ടെത്തിയത്, ആ വൈറസിൻ്റെ ജനിതകഘടനയും ശാസ്ത്രജ്ഞർ കണ്ടെത്തി.

(B). ശാസ്ത്രീയമായ രോഗ നിർണ്ണയം
🌶️പലതരം രോഗനിർണ്ണയ പരിശോധനകളും ശാസ്ത്രത്തിൻ്റെ സംഭാവനയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഉദാ: കൾച്ചറിലൂടെ വൈറസിനെ വളർത്തിയെടുക്കൽ, സ്രവങ്ങളിൽ വൈറസിൻ്റെ ജനിതക സാന്നിദ്ധ്യം കണ്ടെത്തുന്ന RT PCR, രക്തത്തിലെ ആൻ്റിബോഡി പരിശോധന etc.

🌶️അതായത് ഇപ്പറഞ്ഞ പരിശോധനകൾ നടത്തിയില്ലെങ്കിൽ സാധാരണ ജലദോഷപ്പനിയെയും കോവിഡിനെയും തമ്മിൽ തിരിച്ചറിയാൻ പോലും കഴിഞ്ഞെന്നു വരില്ല.

( C). പകർച്ചവ്യാധി തടയാനുള്ള ശാസ്ത്രീയ നടപടികൾ എന്തൊക്കെ?

🌶️ഓർക്കണം, 19-ആം നൂറ്റാണ്ടിൻ്റെ അവസാനം വരെ കോളറ വായുവിലൂടെ പകരുന്ന രോഗമാണെന്നാണ് ശാസ്ത്ര ലോകം തന്നെ വിചാരിച്ചിരുന്നത്. അത് വെള്ളത്തിലൂടെയാണ് പകരുന്നതെന്ന് കണ്ടുപിടിച്ച ശേഷം മാത്രമാണ് അതിനെ കാര്യക്ഷമമായി പ്രതിരോധിക്കാൻ നമുക്ക് സാധിച്ചത്. എന്നുവച്ചാൽ ശരിയായ, ശാസ്ത്രീയമായ നിരീക്ഷണവും അതിലൂടെ ഉണ്ടാവുന്ന അറിവുകളും രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്. ചൈനയിൽ പുതിയ വൈറൽ രോഗം കണ്ടുപിടിച്ചു എന്ന് പത്രത്തിൽ വായിച്ചയുടനെ, ഞങ്ങളിവിടെ അതിന് പ്രതിരോധ മരുന്ന് എപ്പൊഴേ കണ്ടുപിടിച്ചു എന്നു പറയുന്നപോലെ നിസ്സാരമല്ല അക്കാര്യം.

🌶️കൊവിഡ് രോഗം പകരുന്നത് സംസാരിക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണികകളിലൂടെയും അതിൽ സ്പർശിച്ച കൈകളിലൂടെയും ഒക്കെ ആണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് രോഗപ്രതിരോധത്തിനുള്ള ഏറ്റവും ശക്തമായ മാർഗങ്ങളായ സാമൂഹിക അകലം, മാസ്ക് ഉപയോഗം, കൈകളുടെ ശുദ്ധി, മുഖത്ത് തൊടരുത് തുടങ്ങിയ കാര്യങ്ങൾ നമുക്ക് നിർദ്ദേശിക്കാൻ കഴിയുന്നത്.

🌶️ഒപ്പം വൈറസിൻ്റെ ഇൻകുബേഷൻ പിരീഡിനെ പറ്റിയും കൃത്യമായി പഠിച്ചു. രോഗികളെയും സമ്പർക്കത്തിലുള്ളവരെയും കണ്ടെത്തി, ഐസൊലേഷൻ/ ക്വാറൻ്റെയിൻ ചെയ്യുന്നതും ചികിത്സിക്കുന്നതുമാണ് രോഗപ്പകർച്ച തടയാനുള്ള നടപടിയെന്ന് തിരിച്ചറിഞ്ഞതും, 14-28 ദിവസ കാലയളവിലേക്ക് ക്വാറൻ്റയിൻ നിശ്ചയിക്കപ്പെട്ടതും ഒക്കെ ഈ വക ശാസ്ത്രീയ പഠനങ്ങളെ ആധാരമാക്കിയാണ്.

🌶️നാളിതുവരെ വിദേശത്ത് നിന്നും എത്തിയതും അവരുടെ സമ്പർക്കത്തിൽ നിന്ന് രോഗം പിടിപെട്ടവരുമായ രോഗികളെ ശാസ്ത്രീയ മാർഗ്ഗത്തിലൂടെ കണ്ടെത്തി ‘ചികിത്സിച്ചത്’ കൊണ്ടാണ് സാമൂഹിക വ്യാപനം എന്ന വലിയ വിപത്തിനെ നമുക്കിതുവരെ തടഞ്ഞ് നിർത്താനായത്.

🌶️അല്ലാതെ ശാസ്ത്രം പുതിയൊരു രോഗം കണ്ടെത്തുന്ന നിമിഷം പ്രതിരോധ മരുന്ന് ഓഫർ ചെയ്തു മാറി നിന്ന് കൈ നനയാതെ മീൻ പിടിക്കാൻ ശ്രമിക്കുന്ന കപടശാസ്ത്ര പ്രചാരകരുടെ എന്തെങ്കിലും സംഭാവന കൊണ്ടല്ല ഇതൊക്കെ സംഭവിച്ചത്. ലോകത്തിന്ന് രോഗം മാറിയ 10 ലക്ഷത്തോളം പേരുള്ളതിൽ, ഒരാൾക്കു പോലും ഈ പറയുന്നവരുടെ ചികിത്സ കൊണ്ടല്ലാ രോഗം മാറിയത്. മരിച്ച 2 ലക്ഷത്തിലധികം പേരിൽ ഭൂരിഭാഗത്തിനെയും ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ സൗകര്യങ്ങൾ ആവശ്യത്തിന് ലഭ്യമാക്കിയിരുന്നെങ്കിൽ രക്ഷിക്കാനുമാകുമായിരുന്നു. ജർമനിയിലെയും ദക്ഷിണ കൊറിയയിലെയും കണക്കുകൾ മാത്രം നോക്കിയാലറിയാം.

(D). ശാസ്ത്രീയമായ രോഗ ചികിത്സ
ഈ ചികിത്സാപദ്ധതിയെ 5 ആയി തിരിച്ചു ലളിതമായി വിവരിക്കാം.

1️⃣.മോണിറ്ററിംഗും പരിശോധനകളും

🎈രോഗികളുടെ ശാരീരിക വ്യവസ്ഥകളുടെ നിരന്തര നിരീക്ഷണം – ശ്വസന നിരക്ക്, പൾസ്, ബി പി, താപനില, രക്തത്തിലെ ഓക്സിജന്റെ അളവ്, സെൻട്രൽ വീനസ് പ്രെഷർ etc.

🎈രക്ത പരിശോധനകൾ- വൃക്ക, കരൾ, ഹൃദയം എന്നിവയുടെ പ്രവർത്തനത്തകരാറുകൾ etc രക്തപരിശോധനയിലൂടെ തുടക്കത്തിലേ തിരിച്ചറിയാം.

🎈X-ray, CT Scan – ശ്വാസകോശത്തിലെ രോഗബാധമൂലമുള്ള വ്യതിയാനങ്ങൾക്കനുസരിച്ച് രോഗതീവ്രതയും അപകട സാധ്യതയും മുൻകൂട്ടി കാണാൻ കഴിയും. ന്യുമോണിയ വളരെ സാധാരണമാണീ രോഗികളിൽ. അതിൻ്റെ ഗുരുതരാവസ്ഥ തിരിച്ചറിയാം.

🎈ഇ സി ജി, ECHO കാർഡിയോഗ്രാം – ഇവയിലൂടെ ഹൃദയത്തകരാറുകളിലേക്ക് രോഗം കടന്നാൽ തിരിച്ചറിയാം. ഹൃദയപേശികളെ നേരിട്ട് ബാധിക്കുന്ന വൈറസാണ് കൊവിഡ്. അത് മയോകാർഡൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാവാം.

🎈ഓരോ ശാരീരിക പ്രവർത്തനങ്ങളും ശരീര വ്യവസ്ഥകളും പ്രവർത്തനക്ഷമമാണോ എന്ന് നിരന്തര മോണിറ്ററിംഗിനു വിധേയമാക്കും. നിരീക്ഷണത്തിൽ അപകടസൂചനകൾ കണ്ടാൽ അടിയന്തിര പരിഹാര നടപടികളെടുക്കും.

2️⃣.ലക്ഷണങ്ങൾക്ക് അനുസൃതമായ ചികിത്സ

ചില ഉദാ:🎈 ശ്വാസംമുട്ടലുണ്ടാവുന്നു- അതു കുറയാനുള്ള ഇഞ്ചക്ഷനുകൾ, വലിക്കാനുള്ള മരുന്നുകൾ, വേണ്ടി വന്നാൽ ഓക്സിജൻ എന്നിവ നൽകും.

🎈രക്തസമ്മർദ്ദം കുറഞ്ഞാൽ- ഡ്രിപ്പായി ഫ്ലൂയിഡ് നൽകും. BP ഉയരുന്നില്ലെങ്കിൽ രക്ത സമ്മർദ്ദം കൂട്ടാനുള്ള മരുന്നുകൾ നൽകും. എന്തുകൊണ്ട് BP കുറയുന്നുവെന്ന് കണ്ടെത്താനുള്ള പരിശോധനകളും നടത്തും.

3️⃣.ഗുരുതരാവസ്ഥകൾ തിരിച്ചറിഞ്ഞു, അതിനുള്ള ചികിത്സ

🎈ശ്വാസതടസ്സം പോലുള്ളവ കടുക്കുകയും ഓക്സിജൻ തീരെ കുറയുകയും ചെയ്താൽ വെന്റിലേറ്റർ മുഖേന ക്രിത്രിമമായി ശ്വസന സഹായം നൽകും.

🎈ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരതകരാറായ ARDS, Respiratory failure, രക്ത ചംക്രമണ വ്യവസ്ഥയിലെ സ്തംഭനാവസ്ഥയായ ‘Circulatory Shock’, വിവിധ പ്രധാന അവയവ വ്യവസ്ഥകൾ നിലയ്ക്കുന്ന multiple organ dysfunction എന്നിവയൊക്കെയാണ് കോവിഡ്19 ബാധിച്ചവർക്ക് ഉണ്ടാകാവുന്ന ഗുരുതരാവസ്ഥകൾ. ഇവർക്ക് തീവ്രപരിചരണ വിഭാഗത്തിൽ ഈ അവയവങ്ങളുടെ പ്രവർത്തനം കൃത്രിമമായി നിലനിർത്തുന്നതിനും വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനുമുള്ള ചികിത്സ നൽകും. ഇത് ഗുരുതരമായ വൈറസ് ബാധയുടെ സമയത്ത് രോഗിയുടെ ജീവൻ പിടിച്ച് നിർത്താനും പതിയെ രോഗത്തിൽ നിന്ന് കരകയറാൻ പ്രാപ്തനാക്കുന്നതിനുമാണ്.

🎈ചില വിഭാഗത്തിൽ പെടുന്ന രോഗികൾക്ക്, രക്തത്തിലേക്ക് ഓക്സിജൻ കടത്തി വിടുന്ന
ECMO ചികിത്സ നൽകും.

🎈വൈറസ് ബാധയെ തുടർന്നുണ്ടായേക്കാവുന്ന സെക്കൻഡറി ബാക്ടീരിയൽ ന്യൂമോണിയകളെ തിരിച്ചറിഞ്ഞ് ആന്റിബയോട്ടിക് ചികിത്സയിലൂടെ ഭേദമാക്കും.

4️⃣. മറ്റു രോഗാവസ്ഥകൾ ഉണ്ടെങ്കിൽ അതിനുള്ള ചികിത്സ

🎈രോഗിക്ക് കൊവിഡിൻ്റെ കൂടെ മറ്റു രോഗങ്ങൾ ഉണ്ടെങ്കിൽ സങ്കീർണതകൾ ഉണ്ടാവാൻ സാധ്യതകളേറെയാണ്. അവയെയും ചികിൽസിക്കണം. ഉദാ: പ്രമേഹം, ഹൃദയ/ശ്വാസകോശ സംബന്ധമായ രോഗങ്ങൾ

5️⃣. കൊവിഡ് വൈറസിനെതിരെയുള്ള മരുന്നുകൾ.

🎈പുതിയ വൈറസാണ്. കണ്ടെത്തിയിട്ടധികം നാളായിട്ടില്ല. അതുകൊണ്ട് തന്നെ പുതിയൊരു മരുന്ന് കണ്ടെത്തി, പരീക്ഷിച്ച്, വിജയിച്ച് പുറത്തു വരാറായിട്ടില്ല. എന്നുകരുതി ഗുരുതരാവസ്ഥയിലായ രോഗികളെ പാടേ ഉപേക്ഷിക്കാനും പറ്റില്ല. അവിടെ വൈറസിൻ്റെ സ്വഭാവം, ജനിതക ഘടന, സമാന സ്വഭാവമുള്ള വൈറസുകൾ ചില മരുന്നുകളോട് മുൻപ് കാണിച്ചിട്ടുള്ള പ്രതിപത്തി, ലാബിലും മൃഗങ്ങളിലും നടത്തിയ പരീക്ഷണങ്ങളുടെ ഗുണഫലങ്ങൾ ഒക്കെ കണക്കിലെടുത്ത് ചില മരുന്നുകൾ കൊടുക്കുന്നുണ്ട്.

🎈ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 100-ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ‘സോളിഡാരിറ്റി ക്ലിനിക്കൽ ട്രയൽ’ എന്ന പേരിൽ ഈ മരുന്നുകളുടെ പ്രഭാവം കൃത്യമായി പഠിക്കുന്നുമുണ്ട്. ഈ ട്രയലിൽ 4 തരം മരുന്നുകളാണ് പരീക്ഷണവിധേയമാക്കുന്നത്.
1.Remdesivir – ഇത് Ebola വൈറസിനെതിരെ ഉപയോഗിച്ച മരുന്നാണ്. ലാബിലും മൃഗങ്ങളിലും നടത്തിയ പരീക്ഷണങ്ങളിൽ ഇത് MERS, SARS തുടങ്ങിയവയ്ക്ക് കാരണമായ കൊറോണ വൈറസിനെതിരേ ഗുണകരമാണെന്ന് കണ്ടെത്തിയിരുന്നു. Covid19-ലും ഈ പ്രഭാവം ഉണാകുമെന്നാണ് പ്രതീക്ഷ.

2. Lopinavir/Ritonavir – ഇത് HIV യ്‌ക്കെതിരെ ഉപയോഗിക്കുന്ന മരുന്നാണ്. ലബോറട്ടറി പരീക്ഷണങ്ങളിൽ ഇവ കൊറോണ വൈറസിനെതിരെ ചില പ്രഭാവങ്ങൾ കാണിക്കുന്നതായി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണിത്.

3. Lopinavir/Ritonavir+ Interferon Beta 1a – ഈ ഇൻ്റർഫെറോൺ മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗത്തിന് കൊടുക്കുന്ന മരുന്നാണ്. ഇത് രോഗപ്രതിരോധ വ്യവസ്ഥയുടെ അമിതമായ പ്രവർത്തനത്തെ നിയന്ത്രിച്ച്, അതുകാരണം രോഗിക്കുണ്ടാവുന്ന ഡാമേജുകൾ കുറയ്ക്കുമെന്നാണ് നിഗമനം.

4.ക്ലോറോക്വിൻ ഫോസ്ഫേറ്റ് : ചൈനയിലും ഫ്രാൻസിലും നടന്ന ചെറിയ പഠനങ്ങളിൽ കൊവിഡ് മൂലമുള്ള ന്യുമോണിയ കുറയാൻ ഇത് സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു.

🔴ഇവ നാലും കൂടാതെ, ഇപ്പോൾ ചില രാജ്യങ്ങൾ പ്ലാസ്മാ തെറാപ്പി (Convalescent serum) കൂടി ചെയ്യുന്നുണ്ട്. ഇവയൊന്നും തന്നെ പൂർണമായി ഉപയോഗപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ, അതീവ ഗുരുതരാവസ്ഥയിലുള്ളവരിൽ മരണത്തിൽ നിന്ന് രക്ഷിക്കാൻ മാത്രമാണിത് നൽകുന്നത്. നൂറിലധികം രാജ്യങ്ങളിൽ ഒരുമിച്ച് നടക്കുന്ന പഠനമായതിനാൽ ഇവയുടെ ഉപയോഗങ്ങളെ പറ്റി മാസങ്ങൾക്കുള്ളിൽ തന്നെ അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

🔴അതേസമയം ഈ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന് വേണ്ടിയും തീവ്രമായ ഗവേഷണങ്ങൾ ലോകമെമ്പാടും നടന്നു വരുന്നുണ്ട്. പലതും മനുഷ്യരിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. വ്യാജ അവകാശ വാദങ്ങൾ ഉന്നയിക്കുന്നവർക്ക് ഈ വക കഠിനമായ ബുദ്ധിമുട്ടുകളെ പറ്റിയൊന്നും അറിയണ്ടല്ലോ. എന്നാൽ ശാസ്ത്രീയ ഗവേഷണങ്ങൾ സ്ഥിരീകരിക്കാൻ കഠിനപ്രയത്നങ്ങളും സമയവും അനിവാര്യമാണ്.

🔴മാത്രമല്ല ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ മുൻഗണന, ശാസ്ത്രീയ ഗവേഷണങ്ങളെക്കാൾ ആയുധ ഗവേഷണങ്ങളിലും മറ്റും ആയിരുന്നല്ലോ. എന്നാൽ ഈ മഹാമാരിയെ തടയാൻ, ഇന്ന് എന്തൊക്കെ ആയുധങ്ങൾ നമ്മുടെ കയ്യിലുണ്ടോ അതെല്ലാം ശാസ്ത്രത്തിന്റെ മാത്രം സംഭാവനയാണ്. നാളെ നാമിതിനെ അതിജീവിക്കാൻ പോവുന്നതും ശാസ്ത്രത്തിന്റെ തേരിലേറിത്തന്നെ ആവും.

🔴തെളിവ് അധിഷ്ഠിതമല്ലാത്ത ചികിത്സാരീതികൾ ഉപയോഗിക്കാതെ തന്നെ ലോകത്തു 94% ത്തോളം രോഗികളും രോഗമുക്തി നേടുന്ന ഈ രോഗത്തിന് പ്രതിരോധ മരുന്ന് ഉണ്ടെന്ന അവകാശവാദമൊക്കെ കൈ നനയാതെ മീൻ പിടിക്കൽ ആണ്. ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് നാളെ നാം അതിജീവിക്കുമ്പോൾ അതിൽ ഞങ്ങളുടെ കൈകളും ഉണ്ടായിരുന്നു എന്ന് എട്ടുകാലി മമ്മൂഞ്ഞ് കളിക്കാൻ ഉള്ള ഒരു മുഴം നീട്ടി എറിയൽ. അതിൻ്റെ ഭാഗമാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലാ എന്ന പൊള്ളവാദവും. ചിന്തിക്കുന്നവർക്ക് അവിടെയും ദൃഷ്ടാന്തമുണ്ട്.

❣️ചുരുക്കി പറഞ്ഞാൽ, ആധുനിക വൈദ്യശാസ്ത്രത്തിൽ എല്ലാ രോഗങ്ങൾക്കും ചികിത്സയുണ്ട്. അതുകൊണ്ടു തന്നെ കൊവിഡിനും ചികിത്സയുണ്ട്.. 😊

എഴുതിയത് – ഡോ: ദീപു സദാശിവൻ, ഡോ: നിഖില കെ ഗോവിന്ദ്, ഡോ: മനോജ് വെള്ളനാട്
ഇൻഫോ ക്ലിനിക്

Comments are closed.