DCBOOKS
Malayalam News Literature Website

കോവിഡിന് മരുന്ന് ഇന്ത്യയിലെത്തിയോ?

Covid 19 Vaccine

💉“സന്തോഷ വാർത്ത സുഹൃത്തുക്കളേ…ക്രോണിക് കൊറോണ വൈറസ് രോഗത്തിനെതിരെ, വൈറസിനെ കൊല്ലാൻ പുതിയ മരുന്നിറങ്ങി ” എന്ന് തുടങ്ങുന്ന ഒരു ശബ്ദ സന്ദേശവും മരുന്നിൻ്റെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്. 💊

എന്താണ് വസ്തുതകൾ.

1. കൊറോണ വൈറസിനെ “കൊല്ലാൻ ” മരുന്നിറങ്ങിയോ?

🔹ഇല്ല. പൂർണസൗഖ്യം നൽകുന്ന കൃത്യമായ മരുന്നുകൾ ഈ രോഗത്തിനെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഫലപ്രദമാകാൻ സാധ്യതയുള്ള, പുതിയതും പഴയതുമായ പല മരുന്നുകളും ഇതിന് ഉപയോഗിക്കാമോ എന്ന വൈദ്യശാസ്ത്രരംഗം തിരഞ്ഞു കൊണ്ടേ ഇരിക്കുകയാണ്.

2. അപ്പോൾ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണോ?

🔸ബോധപൂർവ്വമോ അല്ലാതെയോ ചില വസ്തുകളെ വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുകയാണ്. പറയുന്ന ആളുടെ മെഡിക്കൽ അവഗാഹം പരിമിതമാണെന്ന് വേണം കരുതാൻ.

“ക്രോണിക്ക്” കൊറോണ വൈറസ് രോഗം എന്നൊരു രോഗാവസ്ഥ / പദപ്രയോഗം തന്നെയില്ല.

അറിവില്ലായ്മ കൊണ്ടോ കുറച്ച് “ഗും ” ഉണ്ടാക്കാനോ വേണ്ടി പ്രയോഗിച്ചതാവും.

3. അപ്പോ മരുന്നിൻ്റെ ഫോട്ടോ അത് വ്യാജമാണോ?

🔹അല്ല. മരുന്നിൻ്റെ ഫോട്ടോ വ്യാജമാവാനിടയില്ല.

4. അപ്പോ എന്താണ് വസ്തുതകൾ? എന്താണ് റെംഡെസിവിർ മരുന്ന്? അതിന് കൊറോണയുമായി എന്ത് ബന്ധം?

💊പ്രസ്തുത മരുന്ന് SARS, എബോള തുടങ്ങിയ വൈറസുകൾക്കെതിരെ പ്രവർത്തിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ഒരു ആൻ്റി വൈറൽ മരുന്നാണ്.

💉പുതിയ കൊറോണ വൈറസിനെതിരെ ഫലപ്രദമായ ഒരു ആൻ്റി വൈറൽ മരുന്നില്ലാത്തതിനാൽ, റെംഡെസ്വിർ അവശ്യ ഘട്ടങ്ങളിൽ ഒരു പരീക്ഷണ മരുന്നായി പ്രയോഗിക്കാൻ US, ജപ്പാൻ എന്നീ രാജ്യങ്ങളിലും, കഴിഞ്ഞ ദിവസം ഇന്ത്യയിലും അനുവാദം നൽകപ്പെട്ടിട്ടുണ്ട്.

💊ഈ മരുന്ന് കൊറോണ രോഗത്തിന് ഫലപ്രദമാണോ എന്നറിയാൻ രോഗികളിൽ മരുന്ന് പരീക്ഷണങ്ങൾ ലോകത്ത് പലയിടങ്ങളിൽ നടന്നു വരുന്നുണ്ട്.

💉ലോകാരോഗ്യ സംഘടന 10 രാജ്യങ്ങളിലായി “സോളിഡാരിറ്റി” എന്ന പേരിൽ ആയിരക്കണക്കിന് കോവിഡ് രോഗികളിൽ നടത്തുന്ന വിപുലമായ മരുന്നു ട്രയലിൻ്റെയും ഭാഗമാണ് ഈ മരുന്ന്.

5. റെം ഡെസ് വീർ ഫലപ്രാപ്തി എത്രത്തോളം?

✔️ആത്യന്തികമായ ഫലപ്രാപ്തി പറയാറായിട്ടില്ലയെങ്കിലും, പ്രതീക്ഷാവഹമായ ചില സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.

ഉദാ: ഒരു പഠനത്തിൽ കണ്ടത് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് ഈ മരുന്ന് 5 ദിവസം കൊടുക്കുമ്പോൾ അവരുടെ റിക്കവറി കൂടുതൽ വേഗത്തിലാവുന്നു, ഓക്സിജൻ ചികിത്സ പോലുള്ളവയുടെ ആവശ്യകത അവരിൽ കുറയുന്നു എന്നാണ്.

✔️കൂടുതൽ പഠനഫലങ്ങൾ വെളിയിൽ വരുമ്പോൾ ചിത്രം കൂടുതൽ തെളിയും.

6. ഇന്ത്യയിൽ ഈ മരുന്ന് വന്നോ? ഇവിടുത്തെ രോഗികൾക്ക് ഇത് കിട്ടുമോ?

സംഭവം ഇതാണ് –
1️⃣അമേരിക്കയിലെ പോലെ ഇന്ത്യയിലും ചികിത്സാനുമതി നൽകി. അതായത് അടിയന്തിര ആവശ്യമുണ്ടായാൽ
കോവിഡ് രോഗികളിൽ ഈ മരുന്നും പ്രയോഗിക്കാം.

2️⃣മറ്റൊരു പ്രസക്തമായ കാര്യം,
പേറ്റൻ്റുള്ള ഗിലീഡ് എന്ന അമേരിക്കൻ കമ്പിനിയാണ് ഇത് വരെ മരുന്ന് US ൽ ഉൽപ്പാദിപ്പിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

3️⃣എന്നാൽ മഹാമാരിയുടെ സാഹചര്യം പരിഗണിച്ച് മറ്റു രാജ്യങ്ങളിലെ ചില കമ്പനികൾക്കും പേറ്റൻ്റ് രഹിതമായി ഈ മരുന്ന് ഉത്പാദിപ്പിക്കാൻ ഗിലീഡ് അനുവാദം നൽകി.

4️⃣അതിൻ്റെ ഭാഗമായി ഇന്ത്യയിലും ഈ മരുന്ന് തദ്ദേശീയമായി ഉൽപ്പാദനം തുടങ്ങി. ഈ വാർത്തയും ആ മരുന്ന് ബോട്ടിലിൻ്റെ ഫോട്ടോയെയും ഒക്കെ ആസ്പദമാക്കിയാണ് ഏതോ വിരുതൻ ഈ അബദ്ധ സന്ദേശം ഉണ്ടാക്കിയത്.

5️⃣സിപ്ള, ജൂബിലൻ്റ് ലൈഫ് സയൻസസ്, ഹെറ്ററോ ഡ്രഗ്സ്, മൈലാൻ എന്നീ കമ്പിനികൾക്കാണ് ഈ പൊതുജനാരോഗ്യ പ്രതിസന്ധി നീങ്ങും വരെ റോയൽറ്റി ഫ്രീ ആയി ഇന്ത്യയിൽ ഈ മരുന്നുൽപ്പാദനത്തിന് ധാരണ ആയിട്ടുള്ളത്.

🔘ചുരുക്കി പറഞ്ഞാൽ

🔸കോവിഡിന് ഒരു ” Cure” ആയി മരുന്ന് കണ്ടെത്തപ്പെട്ടിട്ടില്ല.
പരീക്ഷണ ഘട്ടത്തിൽ ഇരിക്കുന്ന, ചില പ്രതീക്ഷകൾ നൽകുന്ന ഒരു മരുന്നാണ് റെംഡെസ്വിർ.

🔹ചികിത്സാ ഫലപ്രാപ്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇനിയും കാക്കേണ്ടി വരും.

🔸തദ്ദേശീയമായ ഉത്പാദനം മൂലം ലഭ്യത & മരുന്ന് വില ഗണ്യമായി കുറയൽ എന്നിവ ഉണ്ടായേക്കും, അത് നല്ല കാര്യം തന്നെ.

എഴുതിയത് :- ഡോ: ദീപു സദാശിവൻ

കടപ്പാട്; ഇന്‍ഫോ ക്ലിനിക്ക്

Comments are closed.