DCBOOKS
Malayalam News Literature Website

കോവിഡ്-19; എന്തുകൊണ്ട് അതിജാഗ്രത തുടരണം? ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്!

കോവിഡ് 19 – എന്തു കൊണ്ട് അതിജാഗ്രത തുടരണം?

“To The Rest Of The World, You Have No Idea What’s Coming”

ജേസൻ യാനോവിറ്റ്സ് എന്ന ഇറ്റലിക്കാരൻ ട്വിറ്ററിലൂടെ പങ്കു വെച്ച ഈ വരികളും അദ്ദേഹത്തിൻ്റെ ട്വീറ്റുകളും വൈറലായിരുന്നു.

ഇറ്റലിയിൽ രോഗം പകർന്ന ഓരോ ഘട്ടങ്ങളും അദ്ദേഹം ലോകത്തോട് ട്വീറ്റുകളിലുടെ വിവരിച്ചു.
രോഗത്തെ നിസ്സാരമായി കണ്ട ആദ്യ ദിനങ്ങൾ തൊട്ട്, ഒടുവിൽ രോഗികൾ വന്നു നിറഞ്ഞ അവസ്ഥയിൽ പലരെയും ഒന്നും ചെയ്യാനാവാതെ മരണത്തിലേക്ക് പറഞ്ഞു വിടേണ്ടി വന്ന ആരോഗ്യ പ്രവർത്തകരുടെ നിസഹായതയും സങ്കടവും ഒക്കെയുണ്ട് അതിൽ. ഒടുവിലായപ്പോ ഗുരുതരാവസ്ഥയിലുള്ളവരെ കയ്യൊഴിഞ്ഞ് ജീവിക്കാൻ സാധ്യതയുള്ളവരെ മാത്രം ചികിത്സിക്കുന്ന അവസ്ഥ.

So the message is loud & clear. If you want to break the chain, act now itself.

🌟ചുരുക്കി പറഞ്ഞാൽ അപകടത്തിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ കാണും മുൻപേ ഉണർന്നെഴുറ്റു പ്രവർത്തിച്ചില്ലെങ്കിൽ ലോകത്തെവിടെയും ഈ ദുരവസ്ഥ ഉണ്ടാവാനിടയുണ്ട്. ഇത് ഇറ്റലിയിലെ മാത്രം കഥയല്ല, ചൈനയിൽ കണ്ടതും ഇറാനിലും മറ്റു പലയിടത്തും പുറകേ വന്നേക്കാവുന്ന അവസ്ഥയാണ്. ഗൗരവത്തോടെ നാമൊന്നിച്ച് പ്രവർത്തിച്ചില്ലെങ്കിൽ നാളെ നാമാവാം ഈ ഗതിയിൽ.

🌟“ബ്രേക്ക് ദ ചെയിൻ” എന്ന സർക്കാർ ക്യാമ്പെയിൻ
കടലാസിലുറങ്ങേണ്ടതല്ല പൊതു സമൂഹം ഒന്നിച്ചേറ്റെടുത്ത് നടപ്പാക്കണം.

🔴A . കോവിഡ് രോഗവ്യാപനം പ്രത്യേകതകൾ എന്ത്?

രോഗാണുവിൻ്റെ ചില പ്രത്യേക സവിശേഷതകൾ മനസ്സിലാക്കി തന്ത്രങ്ങൾ മെനയുന്നതിൽ പല രാജ്യത്തെയും പോളിസി മേക്കർമാർക്ക് പാളിച്ചകൾ പറ്റി. എന്താണവയെന്ന് നോക്കാം.

⏺️1. നോവൽ (പുതിയ തരം) വൈറസ് –

മനുഷ്യരാശി ഇന്നു വരെ സമ്പർക്കത്തിൽ വന്നിട്ടില്ലാത്തത് കൊണ്ട് ഏവർക്കും പകർച്ച സാധ്യത. ഏറ്റവും ഉന്നതസൗകര്യങ്ങൾ അനുഭവിക്കുന്ന ലോകനേതാക്കളും, ആരോഗ്യവാന്മാരായ സ്പോർട്സ് താരങ്ങളും, സിനിമാ താരങ്ങളും തൊട്ട് സാധാരണയിൽ സാധാരണക്കാരായ മനുഷ്യർ വരെ ഇവൻ്റെ പിടിയിൽ പെട്ടു. അവികസിത രാജ്യങ്ങൾ മാത്രമല്ല വൻശക്തികൾ വരെ കോവിഡിന്റെ പ്രതിസന്ധി നേരിടുന്നു.

സമൂഹത്തിലെ നിർണ്ണായക സ്ഥാനങ്ങളിലുള്ളവർ രോഗബാധിതരാവുമ്പോൾ പല തരത്തിൽ സിസ്റ്റത്തെ ബാധിക്കുന്നു, ജനസാമാന്യത്തിനിടയിൽ ഭീതി പടരുന്നു.

⏺️2. മൊത്തം രോഗ ബാധിതരെ നോക്കുമ്പോൾ കുറഞ്ഞ മരണ നിരക്ക് !

🔽മനുഷ്യരെ കൊല്ലാനുള്ള കഴിവ് കുറവ് എന്നത് വൈറസിന്റെ “ദുർബലത” ആവേണ്ടതാണ്. എങ്കിലും ഇത് വൈറസിന് പരോക്ഷമായി ഗുണം ചെയ്തു.

🔽രോഗപകർച്ചയെ ലാഘവത്തോടെ എടുക്കാൻ പല രാജ്യങ്ങളെയും പ്രേരിപ്പിച്ചത് രോഗ തീവ്രത ആരോഗ്യമുള്ളവർക്ക് തുലോം കുറവെന്ന ചിന്തയും, കുറഞ്ഞ മരണ നിരക്കുമായിരുന്നു.

🔽എന്നാൽ വളരെയധികം ആൾക്കാർക്ക് ഒരേ സമയം പടർന്നു പിടിക്കുമ്പോൾ, ചെറിയ ശതമാനം എന്നത് പോലും വലിയ സംഖ്യ ആവുന്നു. ജനസംഖ്യ വളരെ കൂടുതലുള്ള ഇന്ത്യയിലെ സ്ഥിതി ഓർത്തു നോക്കൂ!!

🔽ഒരേ സമയം അനേകം രോഗബാധിതർ ഒരുമിച്ചു ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുമ്പോൾ തളരുന്നത് ആരോഗ്യ മേഖല കൂടി ആയി ഭവിക്കുന്നു.

🔽പ്രായമേറിയവരിൽ ആണ് മരണ നിരക്ക് കൂടുതലെങ്കിൽ കൂടി, ആരോഗ്യ സംവിധാനങ്ങൾ പെട്ടന്ന് ഓവർ ലോഡഡ് ആവുമ്പോൾ രക്ഷിക്കാൻ കഴിയുന്ന രോഗികളുടെ ജീവൻ പോലും അപകടത്തിലാവുന്നു.

🔽ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം പിടി പെടുന്ന അവസ്ഥയിൽ മരണ നിരക്ക് കുറവെന്നാൽ പോലും, ഐസൊലേഷനിൽ/ചികിത്സയിൽ അവരും കൂടി പെടുമ്പോൾ രോഗികളെ ചികിൽസിക്കാൻ ഉള്ള ഭൗതിക സംവിധാനങ്ങളും മനുഷ്യ വിഭവ ശേഷിയും പരിമിതമായി മാറും.

🔽ഇതിൻ്റെ ചെറിയൊരു സൂചന കഴിഞ്ഞ ദിവസം ഏവരും കണ്ടു കാണും. സ്പെയിനിൽ പോയി വന്ന ഡോക്ടർ പോസിറ്റീവായിതിനെ തുടർന്ന് പ്രമുഖ ആശുപത്രിയിലെ 40 ന് മേൽ സ്റ്റാഫ് ഐസൊലേഷനിലായതോടെ ആശുപത്രി പ്രവർത്തനം താളം തെറ്റി.

🔽ഐസൊലേഷൻ നിർദ്ദേശങ്ങൾ തെറ്റിച്ച് നടന്നയാൾ വാഹനാപകമായി മെഡിക്കൽ കോളേജിലെത്തിയപ്പോഴും 41 ആരോഗ്യ പ്രവർത്തകർ വീടുകളിലേക്ക് മാറേണ്ട നില വന്നിരുന്നു.

(പ്രിയപ്പെട്ട മലയാളികളേ സൂചന കണ്ട് പഠിക്കൂ , നിർദ്ദേശങ്ങൾ കർശനമായി പാലിക്കൂ, ലാഘവത്തോടെ കാര്യങ്ങളെടുക്കാതെയിരിക്കൂ.)

⏺️3. വളരെ ദ്രുതഗതിയിൽ ഉള്ള രോഗവ്യാപനംo

🔹a. വളരെയെളുപ്പം പകരുന്നു :- രോഗ ലക്ഷണങ്ങൾ പുറമെ പ്രത്യക്ഷമാവുന്നതിന് ഏതാനും ദിവസങ്ങൾ മുൻപ് തന്നെ ഒരാൾ രോഗം പകർത്താൻ ശേഷി ഉള്ള ആൾ ആവുന്നു. ഇതിനാൽ രോഗവാഹകനായ ഒരാൾ സ്വയം അറിയുന്നുമില്ല, അയാളോട് ഇടപെടുന്ന ആൾക്കു ഒരു സൂചനയും കിട്ടുന്നുമില്ല.

🔹എയർപോർട്ടിലെ തെർമൽ സ്കാനറും, തെർമോ മീറ്ററുമൊന്നും രോഗമില്ലാന്ന് ഉറപ്പാക്കുന്നില്ല, എന്തിന് ആദ്യ ടെസ്റ്റിൽ നെഗറ്റീവായവർ പോലും പിന്നീട് പോസിറ്റീവായേക്കാം അതു കൊണ്ട് രോഗമുള്ളയിടങ്ങളിൽ നിന്നു വന്ന ഒരാളും രോഗമില്ല എന്ന് ഉറപ്പായി എന്ന മിഥ്യാധാരണയിൽ കറങ്ങി നടക്കരുതേ!

🔹b. ദ്രുതഗതിയിൽ ഉള്ള വ്യാപന നിരക്ക്

രോഗമില്ലാത്തയാളെന്നു കരുതി, കരുതൽ നടപടികൾ എടുക്കാതിരിക്കുന്നതിനാൽ ആദ്യത്തെയാൾ പോസിറ്റിവ് ആവുന്ന കാലയളവിനുള്ളിൽ തന്നെ രണ്ടോ മൂന്നോ പേർക്ക് രോഗം പകർത്തിയിരിക്കാൻ ഇടയുണ്ട്.

ഇതൊക്കെ കോവിഡ് 19 പാൻഡെമിക് ആയി മാറാൻ കാരണമായി.

🔴B. നമ്മുടെ മുന്നിൽ ഉള്ള സാധ്യതകൾ എന്തൊക്കെ ?

കോവിഡ്19 ആദ്യ വരവ് നാം മൂന്ന് രോഗികളിൽ ഒതുക്കി നിർത്തി സാമൂഹിക വ്യാപനം തടഞ്ഞു. അത് ചെറുതല്ലാത്ത കാര്യമാണ്, നമ്മൾക്ക് അൽപ്പം കൂടി സമയം അതിലൂടെ ലഭിച്ചു, ഈ പകർച്ച വ്യാധിയെക്കുറിച്ചു അറിയാൻ.

തൽഫലമായി,
🔸i. നമ്മുടെ മുന്നിൽ അനേകം രാജ്യങ്ങളിൽ സംഭവിച്ചതെന്തെന്ന വിവരങ്ങളുണ്ട്, അപഗ്രഥനമുണ്ട്.

🔸ii. അവരുടെ തന്ത്രങ്ങളിലെ മികവും, പിഴവും, പരിണിത ഫലങ്ങളും കൺമുന്നിലുണ്ട്, പരിമിതമെങ്കിലും പഠനങ്ങളുണ്ട്.

🔸iii. കോവിഡിൻ്റെ സമൂഹ വ്യാപനം ഒരു അനിവാര്യതയായി മുന്നിൽ നിൽക്കുമ്പോഴും യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്ന ഗവേഷണങ്ങൾ – ചികിത്സാ രീതികൾ, മരുന്ന്, വാക്സിൻ എന്നിവ പ്രദാനം ചെയ്യാനുള്ള സാധ്യത മുന്നോട്ട് വെക്കുന്നുണ്ട്.

🔴 C, നമ്മുടെ പ്രതിരോധത്തെ മറി കടന്ന് സാമൂഹിക വ്യാപനം വൈറസിന് സാധിക്കുമോ?

അപകട സാധ്യതകളെ മുൻ കൂട്ടിക്കണ്ട് പദ്ധതികൾ രൂപികരിച്ചു അതിജാഗ്രതയോടെ പ്രവർത്തിച്ചാൽ നമുക്ക് ഈ മഹാമാരിയെ നേരിടാൻ കഴിയും, അങ്ങനെ ഒരു ലാപ്പ് മുന്നേ ഓടിയാൽ മാത്രമേ ഈ റേസ് നമ്മുക്ക് ജയിക്കാൻ കഴിയൂ.

മുൻ മാതൃകകളും അനുഭവങ്ങളും കുറവായിരുന്നിട്ടും, നീപ്പ ഭീഷണിയെ ദ്രുതഗതിയിൽ തിരിച്ചറിഞ്ഞ് നാം നേരിട്ടു വിജയിച്ചു. പക്ഷെ നീപ്പ അല്ല കോവിഡ് എന്നത് വ്യക്തം.

🚨നമ്മുടെ മതിലിൽ വിള്ളൽ ഉണ്ടാക്കാൻ വൈറസിന് കഴിഞ്ഞേക്കും, കാരണം

🚨ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. അവിടങ്ങളിൽ സാമൂഹിക വ്യാപനം നടന്നിട്ടില്ല എന്ന് ഉറപ്പാക്കാനായില്ല.

🚨എയർപോർട്ട് കേന്ദ്രീകരിച്ചു നാം തീർത്ത പ്രതിരോധം പോലെ എളുപ്പം ആവില്ല, സംസ്ഥാനാന്തര യാത്രികരെ സ്‌ക്രീൻ ചെയ്യൽ.

🚨നാം എന്നും ഉദ്‌ഘോഷിക്കുന്ന വിദ്യാഭ്യാസവും പ്രബുദ്ധതയുമൊക്കെ പോരാട്ടത്തിൽ നമ്മുക്ക് കരുത്തേകണ്ടതാണ്. പകർച്ച വ്യാധിയെ തടുക്കാനുള്ള പ്രധാന നടപടികളിലൊന്ന് പൊതുജനാവബോധം ആണ്. എന്നാൽ നാം നമ്മളോട് തന്നെ നീതി പുലർത്തുന്നുണ്ടോ?

ലളിത സന്ദേശങ്ങളായ കൈകളുടെ ശുചിത്വം, മാസ്ക് എങ്ങനെ ഉപയോഗിക്കണം എന്നിവ പൊതുസമൂഹം ഉൾക്കൊണ്ടു തുടങ്ങിയിട്ടുണ്ട്.

🚨എന്നാൽ
ജാഗ്രതയില്ലായ്മ എല്ലാ തലത്തിലും തല പൊക്കുന്നത് തിരിച്ചടി ആയേക്കാം.

🚨സാമൂഹിക അകൽച്ച പാലിക്കൽ (social distancing) അഥവാ കൂട്ടം കുടലിൽ നിന്ന് ഒഴിവാകാനായി യാത്രകൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ എന്നിവ ഒക്കെ ഉപേക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ നമ്മുടെ സമൂഹത്തിൽ ചിലരെങ്കിലും തൃണവൽക്കരിക്കുന്നുണ്ട്.

🚨ഐസൊലേഷൻ / ക്വാറന്റയിൻ – ഈ നടപടിക്രമങ്ങളെ മറികടക്കാനും പാലിക്കാൻ വിമുഖത കാണിക്കാനും സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ള മാതൃക കാണിക്കേണ്ട ആൾക്കാർ പോലും ശ്രമിക്കുന്ന പ്രവണത അത്യന്തം ആശങ്കാജനകമാണ്. വൈറസിന് ഏവരും ഒരു പോലെയാണ്, പദവി നോക്കി സലൂട്ട് അടിച്ചു മാറി നിൽക്കുന്ന രീതി വൈറസിനില്ല.

🚨രോഗമല്ലാത്തവർ മാസ്ക് ഇട്ടു കറങ്ങി നടന്നാൽ രോഗ സാധ്യത കുറയുകയല്ല കഴിയുന്നതും അത്തരം എല്ലാ കറക്കങ്ങളും കൂട്ടങ്ങളും ഒഴിവാക്കുക മാത്രമാണ് മാർഗ്ഗം.

🚨നിലവിലെ ഏറ്റവും വലിയ വെല്ലുവിളി ഇപ്പൊ നിരീക്ഷണത്തിൽ ഉള്ള രോഗികളെ ചികിൽസിക്കുന്നതും, അവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി നിരീക്ഷിക്കുന്നതും മാത്രമല്ല.

🚨സാമൂഹിക വ്യാപനം തടയാനുള്ള ലളിതവും ഫലപ്രദവുമായ കുറച്ചു ആയുധങ്ങളെ നമ്മുടെ ആവനാഴിയിൽ ഉള്ളൂ.
നമ്മുടെ കണ്ണ് വെട്ടിച്ചു വൈറസ് പൊതു സമൂഹത്തിൽ പടരാതിരിക്കാൻ സമൂഹത്തിൽ ഓരോരുത്തരും ജാഗരൂകരായി സഹകരിക്കുന്നത് ഉറപ്പു വരുത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

🚨ഇതിനു സമൂഹം സ്വമേധയാ തയ്യാറാവുന്നില്ല എങ്കിൽ കർശനമായ നിയമങ്ങൾ നിയന്ത്രണങ്ങൾ നേരത്തെ തന്നെ കൊണ്ട് വരേണ്ടി വരും.

🚨കണ്ടറിയാത്ത മറ്റു രാജ്യങ്ങൾ കൊണ്ടറിഞ്ഞപ്പോഴുള്ള അവസ്ഥ നമ്മുടെ കൺമുന്നിലുണ്ട്.
ഇറ്റലിയിൽ കൃത്യമായ കാരണങ്ങളില്ലാതെ ഒരാൾ പുറത്തിറങ്ങിയാൽ 3 മാസം തടവ് / 206 യൂറോ പിഴവ്. രോഗമുള്ള ഒരാൾ കറങ്ങി നടന്നാൽ കൊലപാതക ശ്രമത്തിന് സമാനമായ കുറ്റം – 1 വർഷം മുതൽ 12 വർഷം വരെ തടവ്.

🚨Extraordinary situations demand extraordinary measures എന്ന നിലയ്ക്ക് ലോകം എത്തിക്കഴിഞ്ഞു. കിട്ടിയ അവസരം മുതലാക്കാൻ നാം കണ്ണ് തുറക്കണം ഇപ്പോ തന്നെ.

🔴D. നമ്മുടെ മുന്നിൽ ഉള്ള വെല്ലുവിളികൾ എന്തൊക്കെ ?

1️⃣നമ്മുടെ ഉയർന്ന ജന സാന്ദ്രത

സോഷ്യൽ ഡിസ്റ്റൻസിങ്ങ് നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധി മുട്ടുകൾ.

2️⃣നമ്മുടെ സാമൂഹിക ഘടന –

ഈ മഹാമാരിക്ക് കൂടുതൽ അപകട സാധ്യതയുള്ള പ്രായമേറിയവർ, മറ്റു രോഗങ്ങൾ ഉള്ളവർ etc വിദേശികൾക്ക് വിപരീതമായി കുടുംബത്തിന്റെ ഭാഗമായി ഇതര പ്രായക്കാരുമായി ഇടപഴകിയാണ് കഴിയുന്നത്. പ്രായം കുറഞ്ഞവരിൽ ഭൂരിഭാഗം പേരിലും രോഗം ഗുരുതരമായേക്കില്ലെങ്കിലും അവരിൽ നിന്നും വീട്ടിലെ വയോജനങ്ങളിലേക്ക് രോഗം എളുപ്പം പടർന്നു പിടിക്കാനും അതിലൂടെ സാമൂഹിക പ്രത്യാഘാതങ്ങൾ ഉയരാനും കാരണമായേക്കും.

3️⃣നിയന്ത്രണങ്ങൾ അനുസരിക്കാനുള്ള വിമുഖത

ഐസൊലേഷനിൽ ഉള്ള ആൾക്കാർ വാഹനാപകടങ്ങളിൽ പെട്ട് ആശുപത്രിയിലാവുന്നതും, അവധി കിട്ടിയ മെഡിക്കൽ വിദ്യാർത്ഥികൾ ടൂർ പോവുന്നതും ഒക്കെ ശുഭകരമായ സൂചനകളല്ല.

അതു കൊണ്ട് അതിജാഗ്രത തുടർന്നേ മതിയാവൂ.

ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം “രോഗവ്യാപന ചങ്ങല പൊട്ടിക്കാൻ നാം ചെയ്യേണ്ടതെന്ത്?” നാളെ രാത്രി 8 മണിക്ക് പോസ്റ്റ് ചെയ്യുന്നതായിരിക്കും.

എഴുതിയത്: Dr. Deepu Sadasivan & Dr. Jinesh P S
Info Clinic

Comments are closed.