DCBOOKS
Malayalam News Literature Website

ജനാധിപത്യത്തിന്റെ രണ്ടാം വരവ്

ദില്ലി എന്ന വാക്കിന്റെ പ്രാഗ്‌രൂപം ദേഹലി എന്നാണ്. ഇന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ദില്ലിയിലേക്കു വരുന്ന ബസ്സുകളില്‍ ‘ദേഹലി’ എന്നാണ് എഴുതിക്കാണുക. ദേഹലി എന്ന വാക്കും ദേഹലീദീപം, ദേഹലീദീപന്യായം എന്ന പ്രയോഗങ്ങളും സംസ്‌കൃത നിഘണ്ടുവില്‍ കാണാം. ചിലര്‍ പറയുന്നത് വാക്ക് പേര്‍ഷ്യന്‍ ഭാഷയിലേതാണെന്നാണ്. ഏതായാലും ആ വാക്കിന്റെ അര്‍ത്ഥം രണ്ടിടത്തും ഉമ്മറപ്പടി അഥവാ വാതില്‍പ്പടി എന്നാണ്.

ആരാവലി പര്‍വ്വതനിരയുടെ അവസാന ഭാഗത്തിനും യമുനാനദിക്കും ഇടയില്‍ പണ്ട് ദേഹലി എന്ന പേരില്‍ ഒരു ഗ്രാമമുണ്ടായിരുന്നുവത്രേ. അതായിരുന്നു ഭൂമിശാസ്ത്രപരമായി, സിന്ധുനദീതടത്തില്‍ നിന്ന് ഗംഗാനദീതടത്തിലേക്കുള്ള പ്രവേശനദ്വാരം. പുരാതനകാലത്തെ ആര്യന്മാരും പില്‍ക്കാലത്തെ ഗാന്ധാരത്തില്‍നിന്നും തുര്‍ക്കിയില്‍നിന്നും മംഗോളിയയില്‍നിന്നും പേര്‍ഷ്യയില്‍നിന്നും അറേബ്യയില്‍നിന്നും വന്ന സഞ്ചാരികളും മതപ്രചാരകരും രാജാക്കന്മാരുടെ സൈന്യങ്ങളും ഈ ഇടനാഴി ഉപയോഗിച്ചു കാണും. വടക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്നവര്‍ക്കു വിശാലമായ ഹിന്ദുസ്താനത്തിന്റെ ഹൃദയഭാഗത്തേക്കു പ്രവേശിക്കുവാനുള്ള വാതില്‍പ്പടി. അങ്ങനെ പുറമേനിന്നുള്ള വീക്ഷണത്തില്‍നിന്നോ സമീപനത്തില്‍നിന്നോ ഉടലെടുക്കുന്ന അന്യവല്‍കൃത അവസ്ഥ ദില്ലി നഗരത്തിന്റെ ആന്തരികതയില്‍ കടന്നുകൂടി.

പുറമേനിന്നു വന്ന രാജാക്കന്മാരും സൈന്യങ്ങളും അധിനിവേശം ഉറപ്പിച്ചപ്പോള്‍ വാതില്‍പ്പടിനഗരം രാജധാനിയും അധികാരകേന്ദ്രങ്ങളുമായി. താമസിച്ചു ഭരിച്ച രാജാക്കന്മാര്‍ക്കും സുല്‍ത്താന്മാര്‍ക്കും പിന്നാലെ കൊളോണിയല്‍ ശക്തികളും വന്നു.

പ്രവേശനാലയം നഗരമായി. ലാല്‍കോട്, സിരി, തുഗ്ലക്കാബാദ്, ജഹാന്‍സബാദ്, ഫിരുസരാബാദ്, ഷാജഹാനാബാദ്, ദില്ലി, ഡല്‍ഹി, ന്യൂഡല്‍ഹി… നഗരത്തിനകത്ത് കൊട്ടാരങ്ങളുണ്ടായി. മന്ത്രാലയങ്ങള്‍, പട്ടാള ക്യാമ്പുകള്‍. നഗരത്തിന് ചുറ്റും കോട്ടകള്‍ ഉയര്‍ന്നും വാതിലുകള്‍ക്കു പകരം കോട്ടയില്‍നിന്ന് വിവിധ ദിശകളിലേക്കു കവാടങ്ങള്‍ തുറന്നു. സൈന്യത്തിനു പടയ്ക്ക് പോകുവാന്‍, ശത്രുക്കളെ തടയുവാന്‍, ഒന്നുമല്ലെങ്കില്‍ ഭരണകര്‍ത്താക്കള്‍ക്ക് ഉല്ലാസസവാരിക്കു പോകുവാന്‍. അഹന്തയും ഗര്‍വ്വും അവിശ്വാസവും നഗരത്തിന്റെ സ്വഭാവമായി. ഒപ്പം ഭയവും. ശത്രുക്കളുടെ ആക്രമണത്തോടെന്നപോലെ ജനങ്ങളുടെ കലാപത്തോടും.

ഉമ്മറപ്പടിക്ക് അപ്പോള്‍ വേറൊരു വിവക്ഷയുണ്ടായി. പുറത്തുനിന്നുള്ളവരുടെയല്ല, അകത്തുനിന്നുള്ളവരുടെ കാഴ്ചപ്പാടില്‍നിന്ന്. ഹിന്ദുസ്താനത്തിന്റെ ഹൃദയഭാഗത്തുള്ള ഭരിക്കപ്പെടുന്നവരുടെ കണ്ണില്‍നിന്ന്. ദില്ലി അവര്‍ക്കു ദൂരെയായിരുന്നു. അതിലേക്കുള്ള പടി ഭയത്തിന്റെ പടിയും. രാജധാനി അവര്‍ക്കൊരു ദുഃസ്വപ്നമായിരുന്നു, അധികാരവും ധാര്‍ഷ്ട്യവും സൈനികശക്തിയും തോക്കുകളും വസിക്കുന്ന ഇടത്തിന്റെ. ദൃഷ്ടിയിലെന്നല്ല, മനസ്സില്‍പോലും ആവിഷ്‌കരിക്കുവാന്‍ ഇഷ്ടമില്ലാത്തത്. എന്നിട്ടും അവര്‍ അതിനെ സഹിച്ചു.

കാലം പോയി. പതുക്കെപ്പതുക്കെ കോട്ടയുടെ മതിലുകളില്‍ വിള്ളലുകള്‍ വീണു. കവാടങ്ങള്‍ തുറന്നിടപ്പെട്ടു. ഉമ്മറപ്പടിക്കപ്പുറമുള്ള ലോകം കാണാവുന്നതും സ്പര്‍ശിക്കാവുന്നതും ആണെന്ന് അവര്‍ കണ്ടു. വാസ്തവത്തില്‍ രാജധാനി എന്ന ഒരിടം ഇല്ലെന്നും, ഉള്ളത് നദികളും മലകളുമായി കിടക്കുന്ന, വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വിവിധ രീതികളില്‍ ജീവിക്കുന്നവരുമായ മനുഷ്യര്‍ വസിക്കുന്ന, വിശാലമായ ഭൂതലമാണെന്നും. സ്വന്തമായി ഒരടി മണ്ണുപോലും ഇല്ലാത്തതാണ് ഭരണകൂടം. ദില്ലിയില്‍ ഇരിക്കേണ്ടവരെ തങ്ങളാണ് നിശ്ചയിക്കുന്നത്. അഞ്ച് കൊല്ലം കൂടുമ്പോള്‍ അവരെ മാറ്റുവാന്‍ തങ്ങള്‍ക്കു കഴിയും. ദില്ലി നഗരം പൊളിഞ്ഞു വീണു. ദില്ലി ഒരു ആശയം മാത്രമായി. ഉമ്മറപ്പടിയില്ലാത്ത ആശയം. ‘ചലോ ദില്ലി’ എന്ന് കേട്ടപ്പോള്‍ ആദ്യമാദ്യം മടിച്ചെങ്കിലും പതുക്കെപ്പതുക്കെ ആളുകള്‍ കൂടി. ”ദില്ലി ഹെ ദില്‍ ഹിന്ദുസ്താന്‍ കാ” അവര്‍ പാടി.

കാലം പിന്നേയും പോയി. ഭൂപടം മുഴുവന്‍ നിറഞ്ഞു നിന്നിരുന്ന ഭാരതമാതാവിന്റെ ചിത്രം പതുക്കെപ്പതുക്കെ മാഞ്ഞുപോയി. ആ സ്ഥാനത്ത് ദില്ലിയിലെ ഒരു കെട്ടിടത്തില്‍ അടച്ചിട്ടിരിക്കുന്ന രാഷ്ട്രപതി എന്ന ഒരു പുരുഷരൂപം പ്രത്യക്ഷപ്പെട്ടു. ജനങ്ങള്‍ ആര്‍ഭാടത്തോടുകൂടി തിരഞ്ഞെടുത്ത്, മാലകള്‍ അണിയിച്ച് പറഞ്ഞയച്ചവര്‍ തങ്ങള്‍ നിരസിച്ച കള്ളികളിലേക്കു ചാടുന്നതും മന്ത്രാലയങ്ങളില്‍ കയറിപ്പറ്റി തങ്ങളുടെ നേരേ കണ്ണുരുട്ടുന്നതും അവര്‍ കണ്ടു. തങ്ങള്‍ പറഞ്ഞയച്ചവരെ അവര്‍ക്കു തിരിച്ചറിയാതായി.

ദില്ലി വീണ്ടും അവരില്‍നിന്ന് അകലുകയായി. അതിനകത്തെ സൗധങ്ങള്‍ അവര്‍ക്ക് അപ്രാപ്യമായി. പക്ഷേ, അവയ്ക്കകത്ത് കയറിയവര്‍ക്ക് എല്ലാം പ്രാപ്യമായിരുന്നു. എന്നിട്ടും ഒരു നിയോഗംപോലെ ജനങ്ങള്‍ അവരെത്തന്നെ തിരഞ്ഞെടുത്ത് അയച്ചു. തങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നവരെ, തങ്ങളുടെ സഹോദരങ്ങളെ കൂട്ടക്കൊല ചെയ്യുന്നവരെ.

തിരഞ്ഞെടുപ്പുതന്നെ പതുക്കെപ്പതുക്കെ ഒരു ആഭിചാരക്രിയയായി മാറി. മന്ത്രോച്ചാരണങ്ങളും ശാപവചനങ്ങളും ഭീഷണികളും പ്രഹരങ്ങളും ബാധയൊഴിപ്പിക്കലും ബലികളും കോമരങ്ങളുടെ കലിതുള്ളലുമൊക്കെയായി. എന്നിട്ടും അവ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ഉത്സവങ്ങളായി ആഘോഷിക്കപ്പെട്ടു.

ഉത്സവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഇടയിലൂടെ ദൈവങ്ങള്‍ നുഴഞ്ഞുകയറിയത് ആരും ശ്രദ്ധിച്ചില്ല. സംഗതി ദൈവീകമായിത്തീരുന്നതും. ദൈവങ്ങള്‍ അസൂയയുള്ളവയാണ്. അസൂയ പകയായി. പക തീക്ഷ്ണതയായി.

ഒരു പരിവാറിന്റെയും താവഴിയുടെയും വാഴ്ച ജനാധിപത്യത്തിന് കല്ലുകടിയായിരുന്നു. ഒരു സംഘപരിവാറിലേക്ക് അതു കൈമാറി ദൈവം ആ പ്രശ്‌നം പരിഹരിച്ചു. പല താവഴികളുള്ളതെങ്കിലും ഒരേ വിശ്വാസമുള്ളവര്‍. ഒരു മൃഗത്തിന്റെയും ഒരു ആയുധത്തിന്റെയും totem ധരിക്കുന്നവര്‍. തെരഞ്ഞെടുപ്പുകള്‍ എത്ര നടന്നാലും പാര്‍ട്ടികള്‍ ഏതു ഭരിച്ചാലും ഒരു രാജ്യത്തിന് ഒരു സ്വത്വം വേണം. ഒരു പര്യായം. ഒരു അടയാളം. നൂറുകൊല്ലം മുമ്പ് ഇറ്റലിയെന്നൊരു രാജ്യം അതിനായി ഒരു ഐഡിയോളജി കണ്ടെത്തി, ഫാസിസം. ജര്‍മ്മനി അതിനായി ഒന്ന്, നാസിസം. റഷ്യ കമ്മ്യൂണിസം. പാകിസ്താന് ഇസ്‌ലാം. ഹിന്ദുസ്താനത്തിന് അതുപോലെ ഹിന്ദുത്വം. ഈ രാജ്യങ്ങളുടെ യാതനയുടെ ചരിത്രവും ദാരുണമായ അന്ത്യവും ദൈവങ്ങളെ പിന്തിരിപ്പിച്ചില്ല…

തുടര്‍ന്നു വായിക്കാം

ആനന്ദ് എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ജൂലൈ ലക്കം പച്ചക്കുതിരയില്‍

Comments are closed.