DCBOOKS
Malayalam News Literature Website

കോര്‍പറേറ്റാധിഷ്ഠിത രാഷ്ട്രീയവും അക്രമാസക്ത മതവും

മാർച്ച് ലക്കം പച്ചക്കുതിരയില്‍

അരുന്ധതി റോയ് പരിഭാഷ: ജോസഫ് കെ. ജോബ്

ബി ബി സി ഡോക്യുമെന്ററിയുടെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്ത അതേ ദിവസം തന്നെ 400-ഓളം പേജുകളുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചു. കാലങ്ങളായി ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ ഉന്നയിച്ചുകൊണ്ടിരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഈ റിപ്പോര്‍ട്ടിന് കഴിഞ്ഞിട്ടുണ്ട്. ‘സ്റ്റോക്ക് മാര്‍ക്കറ്റ് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ് തട്ടിപ്പുപരിപാടികളിലും’ അദാനി ഗ്രൂപ്പ് നിര്‍ലജ്ജമായി ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഡോക്യുമെന്ററി ആരോപിക്കുന്നുണ്ട്. സജീവപ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാതെ, ഓഫ്ഷോര്‍ ഷെല്‍ എന്റിറ്റികളുടെ ഉപയോഗത്തിലൂടെ ലിസ്റ്റ് ചെയ്ത കമ്പനികളെക്കുറിച്ച് പെരുപ്പിച്ച കണക്കുകളുണ്ടാക്കാനും ചെയര്‍മാന്റെ ആസ്തിയെക്കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാനും അദാനി ഗ്രൂപ്പിന് കഴിഞ്ഞു.

അമേരിക്കയും ബ്രിട്ടനുമടക്കമുള്ള വിദേശശക്തികളുടെ ആക്രമണത്തിന് നമ്മുടെ രാജ്യം വീണ്ടും ഇരയായിരിക്കുകയാണ്– നമ്മെ അങ്ങനെ വിശ്വസിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്താണ് കാരണം? കൊളോണിയലിസ്റ്റുകള്‍ക്കും നവസാമ്രാജ്യത്വവാദികള്‍ക്കും നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിയോ ഐശ്വര്യമോ ഒന്നും സഹിക്കാന്‍ കഴിയുന്നില്ലത്രേ. രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ അടിത്തറ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.

കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായത്തില്‍, ഇതിനുവേണ്ടി രഹസ്യമായി കരുനീക്കം നടത്തിയവര്‍ രണ്ടുപേരാണ്: ‘ഇന്ത്യ: ദി മോദി ക്വസ്റ്റിന്‍’ എന്ന രണ്ടുഭാഗങ്ങളുള്ള ഡോക്യുമെന്ററി ഈ വര്‍ഷം ജനുവരിമാസത്തില്‍ സംപ്രേക്ഷണം ചെയ്ത ബി ബി സിയാണ് ഇതിലെ ഒന്നാം പ്രതി. 38 കാരനായ നഥാന്‍ ആന്‍ഡേഴ്‌സന്റെ ഉടമസ്ഥതയിലുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന യുഎസ് സ്ഥാപനമാണ് രണ്ടാം പ്രതി. ഷോര്‍ട്ട് സെല്ലിംഗ് ആക്ടിവിസത്തിനു പേരുകേട്ടവരാണ് ഇതിലെ രണ്ടാമത്തെ കക്ഷികള്‍.

ഇന്ത്യയിലെ ‘ഇരട്ടഗോപുരങ്ങള്‍’ക്കുനേരെ ആക്രമണമുണ്ടായി എന്ന മട്ടിലാണ് ഈ വിഷയത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയുമാണ് അവരുടെ നോട്ടത്തിലുള്ള ആ ഇരട്ടഗോപുരങ്ങള്‍. ഈ അടുത്തകാലം വരെ ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനെന്ന സ്ഥാനമുണ്ടായിരുന്നയാളാണ് അദാനി എന്ന ഈ ഇന്ത്യന്‍ വ്യവസായപ്രമുഖന്‍. ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ക്ക് അത്രയ്‌ക്കൊന്നും രഹസ്യാത്മകതയില്ല. ആള്‍ക്കൂട്ടക്കൊലപാതകത്തിന് പ്രേരണ നല്‍കിയെന്ന കുറ്റത്തിനാണ് ബിബിസി ചിത്രം മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ‘കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി’ നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ജനുവരി 24 ന് പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനിയ്‌ക്കെതിരെ മുന്നോട്ടുവയ്ക്കുന്നത്.

പതിറ്റാണ്ടുകളായി മോദിക്കും അദാനിക്കും പരസ്പരമറിയാം. 2002-ല്‍ ഗുജറാത്തിലുണ്ടായ മുസ്ലീം വിരുദ്ധവംശഹത്യയ്ക്ക് ശേഷമാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. ഗുജറാത്തിലെ ഗോഡ്രയില്‍ 59 ഹിന്ദു തീര്‍ഥാടകരെ ജീവനോടെ കത്തിച്ച സംഭവത്തില്‍ മുസ്ലീങ്ങള്‍ ഉത്തരവാദികളാണെന്ന് വരുത്തിവച്ചതോടെയാണ് 2002 ലെ മുസ്ലീംവിരുദ്ധ കലാപം ഉടലെടുക്കുന്നത്. കൂട്ടക്കൊല നടക്കുന്നതിന് കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് മോദി ഗുജറാത്തിലെ മുഖ്യമന്ത്രിയായി നിയമിതനാകുന്നുണ്ട്.

പൂര്‍ണ്ണരൂപം 2023 മാർച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

 

Comments are closed.