DCBOOKS
Malayalam News Literature Website

കൊറോണ വൈറസ്: വേണ്ടത് ഭയമല്ല, ജാഗ്രത

ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ, അടുത്തിടെ യു എ ഇ-യിലും ജനുവരി 30 ന് വുഹാനില്‍നിന്ന് നാട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയിലും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

കൊറോണ ഒരു RNA വൈറസാണ്. ജലദോഷം മുതല്‍ ന്യുമോണിയ വരെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകാവുന്ന ഒരുതരം വൈറസ്. ഏതെങ്കിലും അസുഖത്തെത്തുടര്‍ന്ന് പ്രതിരോധശേഷി കുറവുള്ളവരിലും പ്രായമേറിയ ആളുകളിലുമാണ് ഈ വൈറസ്ബാധ ഗുരുതരമായ ആഘാതമേല്‍പ്പിക്കാറുള്ളത്.

ലക്ഷണങ്ങള്‍

പനി, കുത്തിക്കുത്തിയുള്ള ചുമ, മസിലുകള്‍ക്ക് വേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ തലവേദന, കഫത്തില്‍ ര്കതം കാണുക, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണാറുണ്ട്

എങ്ങനെയാണ് പകരുന്നത്

രോഗം ബാധിച്ച ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് (വായുവില്‍ക്കൂടി) പകരാനുള്ള സാധ്യത കൂടുതലാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഇത് പകരാം. രോഗിയുമായി അടുത്തിടപഴകുന്നവരില്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ്.

എങ്ങനെ പ്രതിരോധിക്കാം.

കൃത്യമായ ചികിത്സാമുറകളോ വാക്‌സിനേഷനോ ഇല്ല എന്നതാണ് കൊറോണ വൈറസ് ബാധയുടെ പ്രധാന പ്രശ്‌നം. അതുകൊണ്ടുതന്നെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും അതിനായുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും അല്‍പം കരുതല്‍ ഏവരും പാലിച്ചേ മതിയാവൂ.

പൊതുവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക

വീട്ടിലെത്തിയാലുടന്‍ അണുനാശിനി ഉപയോഗിച്ച് കുളിക്കുക. വ്യക്തിശുചിത്വം ഉറപ്പായും പാലിക്കുക.

തുമ്മുമ്പോള്‍ തൂവാല ഉപയോഗിക്കുക

നിപ്പ പോലുള്ള അതിമാരകമായ വൈറസ് ബാധയെ കൂട്ടായ ശ്രമത്തിലൂടെ കീഴടക്കാന്‍ കഴിഞ്ഞ ജനതയാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ ആശങ്ക വേണ്ട. ജാഗ്രത മാത്രം മതിയാവും.

Dr. P S Shajahan
Additional Professor
Govt. Medical College
Alappuzha

Comments are closed.