DCBOOKS
Malayalam News Literature Website

കൊറോണ വൈറസ്: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ചൈനയില്‍ മരണസംഖ്യ 213

ജനീവ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനക്ക് പുറത്തേക്ക് ഇരുപതു രാജ്യങ്ങളിലേക്ക് രോഗം പടരുന്ന സാഹചര്യത്തിലാണ് നടപടി. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യസംഘടനയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. അതിനിടെ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി.

ജര്‍മ്മനി, ജപ്പാന്‍, വിയറ്റ്‌നാം, യു.എസ് എന്നിവിടങ്ങളില്‍ വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊറോണ വൈറസ് ബാധയെ രാജ്യാന്തര ആരോഗ്യ അടിയന്തര സാഹചര്യമായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച ലോകാരോഗ്യസംഘടന ആരോഗ്യരംഗത്ത് പിന്നില്‍നില്‍ക്കുന്ന രാജ്യങ്ങളെ സഹായിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കി. കൊറോണയെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി പോരാടാനും ലോകരാഷ്ട്രങ്ങളോട് ലോകാരോഗ്യസംഘടന അഭ്യര്‍ത്ഥിച്ചു.

ലോകത്താകമാനമായി 9700 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ചൈനക്ക് പുറത്ത് 20 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി രോഗം സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പൈന്‍സിലുമാണ്. ലോകാരോഗ്യസംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ് അറിയിച്ചു.

Comments are closed.