DCBOOKS
Malayalam News Literature Website

ഹലോ CM, യെസ് Ex CM..വിളി മാറിപ്പോയി

കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകള്‍

കുഞ്ഞൂഞ്ഞ് എന്ന് നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കൊറോണക്കാലത്തെ ഇടപെടലുകളാണ് ‘കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകള്‍’ എന്ന പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. ചെറുനര്‍മ്മത്തില്‍ ചാലിച്ചെഴുതിയ ഈ പുസ്തകം കുഞ്ഞൂഞ്ഞു കഥകള്‍ പരമ്പരയിലെ മൂന്നാം ഭാഗംകൂടിയാണ്. ദുരിതങ്ങള്‍ വാരിവിതറിയ ലോക്ഡൗണ്‍ കാലത്ത് ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുകയും അനേകായിരങ്ങളുടെ കണ്ണീരൊപ്പുകയും ചെയ്ത ജനകീയ നേതാവിനെ ഈ പുസ്തകത്തില്‍ കാണാം.

പുസ്തകത്തില്‍ നിന്നും ചില രസകരമായ വായനകള്‍ ഇതാ

  • വിളി മാറിപ്പോയി

ലോക്ഡൗണില്‍ കോയമ്പത്തൂരില്‍ കുടുങ്ങിപ്പോയ 6 വിദ്യാര്‍ത്ഥിനികള്‍ സഹായം തേടി വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ. പക്ഷേ, ആരോ അവര്‍ക്കു കൊടുത്ത നമ്പര്‍ തെറ്റി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നമ്പരിലാണ് വിളിയെത്തിയത്.

കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ഒപ്‌ടോമെട്രി പരിശീലനത്തിന് എത്തിയ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തിരൂര്‍, തൃപ്രങ്ങോട്, അരീക്കോട്, എടപ്പാള്‍ എന്നീ പ്രദേശങ്ങളിലുള്ള സജ്‌ന, മുഹ്‌സിന, ശാമിലി, മുഫിദ, അമൃത, മുഹ്‌സിന എന്നിവരായിരുന്നു അവര്‍. അവരുടെ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും തീര്‍ന്നു. നാട്ടിലേക്ക് എത്രയും വേഗം മടങ്ങിവരണം. ഇതായിരുന്നു ആവശ്യം.

വൈകുന്നേരം 5 മണിക്ക് ഒരാള്‍ ബന്ധപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി അവരെ അറിയിച്ചു. പറഞ്ഞ സമയത്തുതന്നെ വിളിയെത്തി. കുട്ടികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്കു വേണ്ട മുഴുവന്‍ സാധനങ്ങളും എത്തിച്ചുകൊടുത്തു. ഇതിനിടെ ഉമ്മന്‍ ചാണ്ടി കുട്ടികളെ വിളിച്ച് സഹായം എത്തിയെന്ന് ഉറപ്പാക്കുകയും തുടര്‍ന്ന് നാട്ടിലെത്തുന്നതിനും അവരെ സഹായിച്ചു.

  • മുംബൈ ടു കേരള

ണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി അനൂപ് ലോക്ഡൗണ്‍ കാലത്ത് മുംബൈയില്‍ പെട്ടുപോയത് പ്രതിശ്രുത വധുവിനൊപ്പം. അനൂപിന്റെ പ്രതിശ്രുത വധു ടീന മുംബൈയില്‍ നഴ്‌സാണ്. അസുഖബാധിതയായ ടീനയുടെ ഓപ്പറേഷനുവേണ്ടി മാര്‍ച്ച് 17-ന് അനൂപ് മുംബൈയിലെത്തി. മാര്‍ച്ച് 25-ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഓപ്പറേഷനുശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മുംബൈ പനവേലില്‍ ഗസ്റ്റ് ഹൗസില്‍ വാടകയ്ക്ക് താമസം തുടങ്ങി. നാട്ടിലേക്കു വരാന്‍ അനൂപ് പലവഴികളും നോക്കി. ടീനയുടെകൂടെ കോട്ടയംകാരിയായ മറ്റൊരു Textനഴ്‌സുണ്ട്. പൂര്‍ണഗര്‍ഭിണിയായ അവര്‍ക്കും എത്രയും വേഗം നാട്ടില്‍ വരണം. എറണാകുളത്തുള്ള ടീനയുടെ ചേട്ടന്‍ വഴി ഉമ്മന്‍ ചാണ്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. വിളിച്ചപ്പോള്‍തന്നെ അദ്ദേഹം ഫോണെടുത്തു. തിരികെ വിളിക്കാമെന്നു പറഞ്ഞു.

ഇത്രയും തിരക്കുള്ള ആള്‍ക്കാരൊക്കെ തിരിച്ചുവിളിക്കുമോ? ആ പ്രതീക്ഷയും അസ്തമിച്ചു. പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി. മുംബൈയില്‍ ജോജോ തോമസ്, എല്‍ദോ ചാക്കോ എന്നിവരുടെയും പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ ബാലകൃഷ്ണന്റെയും നമ്പരുകള്‍ നല്കി. അങ്ങോട്ടു വിളിക്കുന്നതിനുമുമ്പ് മൂവരുടെയും വിളികളെത്തി. പിന്നെ കാര്യങ്ങള്‍ അതിവേഗം നീങ്ങി. എല്‍ദോയുടെ വണ്ടിയില്‍ നാട്ടിലേക്ക് യാത്ര ആരംഭിച്ചു. മഞ്ചേശ്വരത്ത് എത്തിയപ്പോള്‍ വണ്ടി തടഞ്ഞു. ആര്‍.കെയുടെ വിളി എത്തിയതോടെ ആ തടസ്സവും നീങ്ങി. പുലര്‍ച്ചെ രണ്ടു മണിക്ക് അനൂപും ടീനയും വീട്ടിലെത്തി. കോട്ടയംകാരി നഴ്‌സിനെ കോട്ടയത്ത് എത്തിച്ചിട്ടാണ് എല്‍ദോ മടങ്ങിയത്.

ഇതിനിടെ നിര്‍ദിഷ്ട സ്ഥലത്ത് എത്തുന്നതുവരെ പലതവണ ഉമ്മന്‍ ചാണ്ടിയുടെ വിളിയെത്തി. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത അവര്‍ക്കുവേണ്ടി ഒരു പിതാവിനെപ്പോലെ ഉറങ്ങാതെ കാത്തിരുന്നു!

  • കേരള ടു കര്‍ണാടക

ലോക്ഡൗണ്‍ കാലത്ത് ലോകമെമ്പാടുനിന്നും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും കേരളത്തിലേക്കു വരാന്‍ സഹായഹസ്തം നീട്ടിയപ്പോള്‍ കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കു പോകാന്‍ ടെക്കി യുവതിക്ക് ഒരു കൈ സഹായം.

കര്‍ണാടകത്തിലെ ബിജാപ്പൂരിലുള്ള ഐ.ടി വിദ്യാര്‍ത്ഥിനി ജാനകി, കോഴ്‌സ് പൂര്‍ത്തിയായി തിരുവനന്തപുരത്തുള്ള ഒരു സ്റ്റാര്‍ട്ടപ്പില്‍ പരിശീലനത്തിന് എത്തിയതായിരുന്നു. എന്നാല്‍ ജാനകി അപ്രതീക്ഷിതമായി എത്തിയ ലോക്ഡൗണില്‍പ്പെട്ടു. ലോക്ഡൗണ്‍ നീട്ടിയപ്പോള്‍ ഹോസ്റ്റല്‍ അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചതോടെ ജാനകിക്ക് തിരിച്ചുപോകാന്‍ ഒരു മാര്‍ഗവുമില്ലാതായി. തുടര്‍ന്നാണ് മാധ്യമ
പ്രവര്‍ത്തകയോടൊപ്പം ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ എത്തിയത്.

കര്‍ണാടക പി.സി.സി അന്ന് ബംഗളുരുവില്‍നിന്ന് മലയാളികളെ ബസില്‍ കേരളത്തിലേക്കു കൊണ്ടുവരുന്നുണ്ട്. അതില്‍ കയറ്റിവിടാവുന്നതേയുള്ളൂ. പക്ഷേ, ഒരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് ബസില്‍ അയയ്ക്കുന്നതില്‍ അപകടമുണ്ട്. ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ടുമില്ല. ഭാഗ്യത്തിന് ആഭ്യന്തര വിമാനസര്‍വീസ് പുനഃരാരംഭിച്ചു. അതോടെ ഉമ്മന്‍ ചാണ്ടി ജാനകിക്ക് വിമാന ടിക്കറ്റും ഹോസ്റ്റല്‍ ഫീസും ഏര്‍പ്പാടാക്കി. തിരുവന ന്തപുരം വിമാനത്താവളത്തിലേക്കു വണ്ടിയും നല്കി. ആദ്യ വിമാനത്തില്‍ തന്നെ ജാനകി പറന്നു. പോകുന്നതിനുമുമ്പ് ഒരിക്കല്‍ക്കൂടി വീട്ടില്‍ വന്ന് ജാനകി നന്ദി പറഞ്ഞു.

ബിജാപ്പൂരില്‍നിന്ന് ജാനകിയുടെ വീട്ടിലേക്കു ദൂരമുള്ളതിനാല്‍ കര്‍ണാടക പി.സി.സിയുമായി ബന്ധപ്പെട്ട് അതിനും ഉമ്മന്‍ ചാണ്ടി സൗകര്യമേര്‍പ്പെടുത്തി.

  • ജീവന്‍ കാത്ത കരുതല്‍

ജീവിതകാലം മുഴുവന്‍ ചലനമറ്റ് കിടന്നുപോകുമായിരുന്ന ഒരു കുരുന്നുകുഞ്ഞ് ചിറകടിച്ചുയര്‍ന്ന് പൂമ്പാറ്റയെപ്പോലെ പാറിനടന്നത് ഒരൊറ്റ ഇടപെടലിലൂടെയാണ്.

ആറന്മുള ഇടശ്ശേരിമല കാരുവേലില്‍ ജോര്‍ജ് മത്തായി ടീന ദമ്പതികളുടെ മകള്‍ പിറന്നുവീണത് സുഷുമ്‌നാനാഡിയില്‍ ഗുരുതരമായ തകരാറോടെയാണ്. അടിയന്തര ശസ്ത്രക്രിയ ലഭിച്ചില്ലെങ്കില്‍ കുട്ടി ജീവിതകാലം മുഴുവന്‍ ചലനമറ്റ് കിടക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. വിദഗ്ധ ശസ്ത്രക്രിയയുള്ളത് വെല്ലൂര്‍ സി.എം.സിയിലാണ്. അവിടെ എത്രയും വേഗം എത്തണം.

കടുത്ത കോവിഡ്-19 നിയന്ത്രണങ്ങള്‍മൂലം കേരളത്തില്‍നിന്ന് ആരെയും തമിഴ്‌നാട്ടിലേക്കു കടത്തിവിടുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയം ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയത്. അദ്ദേഹം ഉടനേ തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയ്ഭാസ്‌കരുമായി ഫോണില്‍ ബന്ധപ്പെട്ടു. ഡോക്ടര്‍കൂടിയായ അദ്ദേഹം എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.

എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥമൂലം ഉപേക്ഷിച്ചു. റോഡ്മാര്‍ഗം ആംബുലന്‍സില്‍തന്നെ കൊണ്ടുപോയി. രാത്രി 10 മണിക്ക് ആംബുലന്‍സ് വെല്ലൂരിലേക്കു യാത്ര തിരിച്ചു. വാളയാര്‍ ചെക്ക് പോസ്റ്റുമുതല്‍ തമിഴ്‌നാട് പോലീസിന്റെ അകമ്പടി ലഭിച്ചു. പിറ്റേദിവസം രാവിലെ 7 മണിക്ക് വെല്ലൂരിലെത്തി.

ഉമ്മന്‍ ചാണ്ടി ഉറക്കമിളച്ച് ഫോണിന്റെ തലയ്ക്കലില്‍ ഉണ്ടായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കുഞ്ഞിനെയും കൂട്ടി കുടുംബം പുതുപ്പള്ളിയിലെത്തി ജീവന്‍ കാത്ത കരുതലിന് നന്ദി പറഞ്ഞു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

 

 

Comments are closed.